കണ്ണില്‍ തിളക്കമുള്ള ആ ഭ്രാന്തന്‍ ചിരിയേക്കാള്‍ മാരകം;തുടരും ട്രെയിലറില്‍ 'സദയം' സീന്‍ കണ്ടെത്തി ആരാധകര്‍

മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച പെര്‍ഫോമന്‍സുകളിലൊന്നായാണ് ഈ സീന്‍ വിലയിരുത്തപ്പെടുന്നത്.

dot image

മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന തുടരും എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നിരിക്കുകയാണ്. ഒരു ടാക്‌സി ഡ്രൈവറായി മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തില്‍ ഏറെ നാളുകള്‍ക്ക് ശേഷം നടനെ ഒരു സാധാരണക്കാരന്റെ വേഷത്തില്‍ കാണാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് ആരാധകര്‍ പങ്കുവെക്കുന്നത്.

തുടരുമിന്റെ ഇതുവരെ പുറത്തുവന്ന പോസ്റ്റുറകള്‍ പോലെ ട്രെയിലറും ആ പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. മോഹന്‍ലാല്‍ ഷണ്‍മുഖമായും ശോഭന ലളിതയായും എത്തുന്ന ചിത്രത്തിന്റെ ട്രെയിലറില്‍ ഒരു മിഡില്‍ക്ലാസ് കുടുംബത്തിന്റെ ദൈനംദിന സന്ദര്‍ഭങ്ങളാണ് കാണാന്‍ കഴിയുന്നത്. തമാശകളുമായി മുന്നോട്ടുപോകുന്ന ട്രെയിലര്‍ സിനിമയില്‍ ചില അപ്രതീക്ഷിത ട്വിസ്റ്റുകളും ടേണുകളും ഉണ്ടാകുമെന്ന സൂചനകളും നല്‍കുന്നുണ്ട്.

ട്രെയിലറിലെ ഒരു ഭാഗമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങാവുന്നത്. തമാശ നിറഞ്ഞ ഷണ്‍മുഖനില്‍ നിന്നും മാറി, തികച്ചും വ്യത്യസ്തമായ ഷേയ്ഡിലേക്ക് മോഹന്‍ലാല്‍ മാറുന്നതാണ് ഈ ഭാഗത്തിലുള്ളത്. സങ്കടവും ഉന്മാദവും കൂടിക്കലര്‍ന്ന ഒരു ചിരിയാണ് ഈ സീനില്‍ മോഹന്‍ലാലിന്റെ മുഖത്ത് വിരിയുന്നത്.

ആ ചിരി കാണുമ്പോള്‍ സദയത്തിലെ മോഹന്‍ലാലിനെ ഓര്‍മ വരുന്നു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. രണ്ട് കുട്ടികളെ കഴുത്തു ഞെരിച്ചു കൊല്ലുന്ന സീനില്‍ സത്യന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ മുഖത്ത് ഒരു ചിരിയുണ്ടാകുന്നുണ്ട്. കണ്ണില്‍ ഒരു കണ്ണുനീര്‍തുള്ളി വന്ന ചെറിയ തിളക്കവുമുണ്ട്. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച പെര്‍ഫോമന്‍സുകളിലൊന്നായാണ് ഈ സീന്‍ വിലയിരുത്തപ്പെടുന്നത്.

ഈ രംഗം ഷൂട്ട് ചെയ്യുമ്പോള്‍ മോഹന്‍ലാലിന്റെ കണ്ണിലെ തിളക്കം കണ്ട് താന്‍ അത്ഭുതപ്പെട്ടു പോയെന്ന് സംവിധായകന്‍ സിബി മലയില്‍ പറഞ്ഞിട്ടുണ്ട്. ഗ്ലിസറിന്‍ പോലും ഉപയോഗിക്കാതെയാണ് കണ്ണുനീര്‍ പ്രത്യക്ഷപ്പെട്ടതെന്നും സിബി മലയില്‍ പറഞ്ഞിട്ടുണ്ട്.

അതേസമയം, ദൃശ്യം മോഡല്‍ ഒരു ഫാമിലി ഡ്രാമയായിരിക്കും തുടരും എന്നും മനോഹരമായി തരുണ്‍ മൂര്‍ത്തി സിനിമ സംവിധാനം ചെയ്തിട്ടുണ്ടെന്നും മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ ട്രെയിലര്‍ കൂടി പുറത്തുവന്നതോടെ സിനിമ ത്രില്ലിങ്ങായ ഒരു അനുഭവം കൂടി സമ്മാനിച്ചേക്കാം എന്നും പ്രേക്ഷകര്‍ കരുതുന്നുണ്ട്.

ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ രണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടരും. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഷാജികുമാര്‍ ആണ്. സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്.

Content Highlights: A scene from Thudaram movie trailer goes viral and remains people of Sadayam movie

dot image
To advertise here,contact us
dot image