
റിലീസിന് മുമ്പേ മുന്‍കൂര്‍ ബുക്കിങ് റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞ് മുന്നേറുകയാണ് മോഹന്‍ലാല്‍- പൃഥ്വിരാജ് ചിത്രം എമ്പുരാന്‍. പ്രീ സെയിൽസിൽ മറ്റൊരു മലയാളം സിനിമയ്ക്കും കൈവരിക്കാൻ കഴിയാത്ത റെക്കോർഡുകളാണ് സിനിമ നേടിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ആദ്യദിനത്തിൽ 50 കോടി ക്ലബ്ബിലേക്ക് കടന്നിരിക്കുകയാണ് എമ്പുരാൻ.
അഡ്വാൻസ് സെയ്ൽസിലൂടെയാണ് സിനിമ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. മലയാള സിനിമാചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഒരു സിനിമ ആദ്യ ദിനത്തിൽ 50 കോടി ക്ലബിൽ ഇടം പിടിക്കുന്നത് എന്നാണ് അണിയറ പ്രവർത്തർ അവകാശപ്പെടുന്നത്.
അതേസമയം എമ്പുരാൻ മാര്‍ച്ച് 27-ന് ആഗോള റിലീസായെത്തും. ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമായ ലൂസിഫറിനേക്കാള്‍ ദൈര്‍ഘ്യവുമുണ്ട് പുറത്തുവരുന്ന വിവരമനുസരിച്ച് എമ്പുരാന്. ലൂസിഫറിന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 52 മിനിറ്റ് ആയിരുന്നെങ്കില്‍ എമ്പുരാന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 59 മിനിറ്റ് 59 സെക്കന്‍റ് ആണ്.
വമ്പൻ സിനിമാ നിർമ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ചിത്രത്തിന്‍റെ കര്‍ണാടക ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്തിരിക്കുന്നത്. ദിൽ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുമ്പോൾ, അനിൽ തടാനി നേതൃത്വം നൽകുന്ന എ എ ഫിലിംസ് ആണ് ചിത്രം നോർത്ത് ഇന്ത്യയിൽ എത്തിക്കുന്നത്. കേരളത്തില്‍ ആശിര്‍വാദും തമിഴ്നാട്ടില്‍ ഗോകുലം മൂവീസുമാണ് വിതരണം നടത്തുന്നത്.
Content Highlights: Empuraan reached 50 crores from opening collection