
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ സിനിമകളിൽ ഒന്നാണ് തുടരും. വർഷങ്ങൾക്കിപ്പുറം മോഹൻലാലും ശോഭനയും ഒന്നിക്കുന്ന ചിത്രം, രണ്ട് സൂപ്പർഹിറ്റുകൾക്ക് ശേഷം തരുൺ മൂർത്തിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം എന്നിങ്ങനെ തുടരുമിന് നിരവധി പ്രത്യേകതകളുണ്ട്. ഈ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. നർമ്മ മുഹൂർത്തങ്ങളും നിറയെ ഫാമിലി ഇമോഷൻസിനും ഒപ്പം അല്പം നിഗൂഢതയും ബാക്കിവെച്ചാണ് ട്രെയ്‌ലർ അവസാനിക്കുന്നത്. മോഹൻലാലിൻറെ ഒരു പക്കാ എനർജെറ്റിക് പെർഫോമൻസ് ആയിരിക്കും തുടരുമിലേത് എന്ന സൂചനയും ട്രെയ്‌ലർ നൽകുന്നുണ്ട്.
ഒരു ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും എന്ന സിനിമയിൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. മോഹന്‍ലാലും ശോഭനയും 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് തുടരും. 2004 ല്‍ ജോഷി സംവിധാനം ചെയ്ത 'മാമ്പഴക്കാല'ത്തിലാണ് ഇരുവരും അവസാനമായി ജോഡികളായത്. 2009 ല്‍ റിലീസ് ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു. 'തുടരും എന്ന സിനിമ എനിക്ക് പുതിയതായ ഒരു സംവിധായകനാണ് ചെയ്യുന്നത്. വളരെ ബ്രില്യന്റായാണ് അദ്ദേഹം ആ സിനിമ ചെയ്തിരിക്കുന്നത്. അത് ദൃശ്യം പോലൊരു സിനിമയാണ്,' എന്നാണ് സിനിമയെക്കുറിച്ച് ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞത്.
'ഓപ്പറേഷന്‍ ജാവ', 'സൗദി വെള്ളക്ക' എന്നീ രണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഷാജികുമാര്‍ ആണ്. സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്.
Content Highlights: mohanlal starring thudarum trailer out now