
വിക്രം ഫാൻസ് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വീര ധീര സൂരന്‍. എസ് യു അരുൺകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും എസ് ജെ സൂര്യയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മോഹൻലാൽ സിനിമയായ എമ്പുരാനൊപ്പം മാർച്ച് 27 നാണ് ചിത്രം പുറത്തിറങ്ങുന്നത്. സ്വന്തം ചിത്രം റിലീസാകുന്നതിന്റെ ത്രില്ലിനൊപ്പം തന്റെ ഇഷ്ടതാരമായ മോഹന്‍ലാലിന്റെ സിനിമയും തീയേറ്ററുകളില്‍ എത്തുന്നതിന്റെ സന്തോഷവും വിക്രം പങ്കുവെച്ചു. തന്റെ ഭാര്യ കടുത്ത മോഹൻലാൽ ആരാധികയാണെന്നും താൻ എത്ര നന്നായി അഭിനയിച്ചാലും ലാലേട്ടന്റെ അത്ര വരില്ല എന്നാണ് അവൾ ഇപ്പോഴും പറയാറെന്നും വിക്രം പറഞ്ഞു. സിനിമയുടെ കേരളത്തിലെ പ്രൊമോഷൻസിന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് വിക്രം ഇക്കാര്യം പറഞ്ഞത്.
'എന്നെക്കാളും വലിയ ലാലേട്ടൻ ഫാൻ ആണ് എന്റെ ഭാര്യ. ഞാൻ എത്ര നന്നായി അഭിനയിച്ചാലും ലാലേട്ടന്റെ അത്ര വരില്ല എന്നാണ് അവൾ ഇപ്പോഴും പറയാറ്'. കൂടാതെ എമ്പുരാന് വിജയാശംസകളും വിക്രം നേർന്നു. 'എമ്പുരാനും വീര ധീര സൂരനും ഒരുമിച്ചെത്തുന്നത് ഒരു ഹെൽത്തി ആയ കോമ്പറ്റിഷൻ ആണ്. രണ്ടു സിനിമകളും വിജയിക്കണമെന്നാണ് എന്റെ ആഗ്രഹം', വിക്രം പറഞ്ഞു. ചിത്തയ്ക്ക് ശേഷം എസ് യു അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് വീര ധീര സൂരന്‍.
അതേസമയം, രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന സിനിമയുടെ പാർട്ട് 2 ആണ് ഇപ്പോൾ പുറത്തിറങ്ങുന്നത്. 'മല്ലിക കടൈ' എന്നാണ് ഈ രണ്ടാമത്തെ ചാപ്റ്ററിന്റെ പേര്. തെന്നിന്ത്യയിലെ പ്രശസ്ത ഛായാഗ്രാഹകൻ തേനി ഈശ്വറാണ് സിനിമയ്ക്കായി ക്യാമറ ചലിപ്പിച്ചിട്ടുള്ളത്. പേരൻപ്, കർണ്ണൻ, മാമന്നൻ തുടങ്ങിയ തമിഴ് ചിത്രങ്ങളുടെയും പുഴു, നൻപകൽ നേരത്ത് മയക്കം, ഓസ്ലർ തുടങ്ങിയ മലയാള സിനിമകളുടെയും ഛായാഗ്രഹണം നിർവഹിച്ചത് തേനി ഈശ്വറായിരുന്നു. ദുഷാര വിജയനാണ് സിനിമയിൽ നായികാ വേഷത്തിലെത്തുന്നത്. ജി വി പ്രകാശ് കുമാർ ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. എച്ച് ആർ പിക്ചേഴ്ചിന്റെ ബാനറിൽ റിയ ഷിബു ആണ് നിർമ്മാണം.
Content Highlights: My wife is the biggest Mohanlal fan says Chiyaan Vikram