
'തല്ലുമാല'യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നതിനാൽ തന്നെ 'ആലപ്പുഴ ജിംഖാന'യ്ക്ക് മേൽ സിനിമാപ്രേമികൾ വലിയ പ്രതീക്ഷയാണ് നൽകുന്നത്. നസ്‌ലൻ, ഗണപതി, ലുക്മാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ പോസ്റ്ററുകൾക്കും മറ്റു അപ്ഡേറ്റുകൾക്കും വലിയ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നതും. ഇപ്പോഴിതാ സിനിമയുടെ ട്രെയ്‌ലർ പുറത്തിറക്കിയിരിക്കുകയാണ്. ബോക്സിങ് പശ്ചാത്തലമായി ഒരുക്കിയിരിക്കുന്ന സിനിമയിൽ നിറയെ ഹ്യൂമറും ഉണ്ടെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ചിത്രം ഏപ്രിലിൽ തിയേറ്ററിലെത്തും.
കോളേജ് പഠനത്തിന് അഡ്മിഷൻ ലഭിക്കുവാനായി സംസ്ഥാന തല കായിക മേളയിൽ ബോക്സിങ് വിഭാഗത്തിൽ പങ്കെടുക്കുന്ന കുറച്ച് പ്ലസ് ടു വിദ്യാർത്ഥികളുടെ തമാശ നിറഞ്ഞ കഥയാണ് സിനിമ പറയുന്നത് എന്നാണ് സിനിമയെക്കുറിച്ച് ഖാലിദ് റഹ്മാൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്. പ്ലാൻ ബി മോഷൻ പിക്ചേർസിന്റെ ബാനറിൽ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമാണ സംരംഭമാണിത്. സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ.
ഖാലിദ് റഹ്മാൻ തന്നെയാണ് സിനിമയ്ക്കായി തിരക്കഥ എഴുതുന്നത്. രതീഷ് രവിയാണ് സംഭാഷണം. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്. മുഹ്സിൻ പരാരിയാണ് ചിത്രത്തിലെ ഗാനങ്ങൾക്കായി വരികൾ എഴുതുന്നത്.
Content Highlights: Naslen film Alappuzha Gymkhana trailer out now