
സൗത്തിൽ നിര്‍മിക്കുന്ന എല്ലാ സിനിമകളും നല്ലതാണെന്ന് പറയാനാകില്ലെന്ന് ബോളിവുഡ് നടൻ സല്‍മാന്‍ ഖാന്‍. ആഴ്ചയില്‍ ഒരുപാട് ചിത്രങ്ങള്‍ സൗത്തിൽ റിലീസ് ചെയ്യുന്നുണ്ടെന്നും എന്നാല്‍, അതെല്ലാം മികച്ച വിജയം നേടുന്നില്ലെന്നും നടന്‍ പറഞ്ഞു. പൃഥ്വിരാജ് ചിത്രമായ എമ്പുരാനും സൽമാൻ ആശംസകൾ അറിയിച്ചു. ഒരു നടനെന്ന നിലയിൽ മോഹൻലാൽ സാറിനെ തനിക്ക് ഇഷ്ടമാണെന്നും സൽമാൻ ഖാൻ പറഞ്ഞു. 'സിക്കന്ദറി'ന്റെ പ്രൊമോഷന്റെ ഭാഗമായി സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
'ഒരു നടനെന്ന നിലയില്‍ മോഹൻലാൽ സാറിനെ എനിക്ക് ഇഷ്ടമാണ്. പൃഥ്വിരാജാണ് എമ്പുരാൻ സംവിധാനം ചെയ്യുന്നത്, അതൊരു മികച്ച ചിത്രമായിരിക്കുമെന്ന് എനിക്കറിയാം. സിക്കന്ദറിന് ശേഷം ജാട്ടും വരുന്നുണ്ട്. എല്ലാവരും നല്ല രീതിയില്‍ വിജയിക്കണമെന്നാണ് എന്റെ ആഗ്രഹം. ഒട്ടേറെ ദക്ഷിണേന്ത്യന്‍ നടന്മാര്‍ക്കൊപ്പം ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. എന്റെ തലമുറയിലെ ഹിന്ദി നടന്മാരില്‍ ദക്ഷിണേന്ത്യന്‍ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച ആദ്യ നടനും ഞാനാണ്. ഒരു സമയത്ത് നാലോ അഞ്ചോ ദക്ഷിണേന്ത്യന്‍ സംവിധായകര്‍ക്കൊപ്പം ഞാന്‍ പ്രവര്‍ത്തിച്ചിരുന്നു'.
'ദക്ഷിണേന്ത്യന്‍ സിനിമ സാങ്കേതികമായി ഏറെ പുരോഗതി കൈവരിച്ചവരാണ്'. അവര്‍ മറ്റെവിടെനിന്നെങ്കിലും കഥകളോ ആശയങ്ങളോ സ്വീകരിക്കില്ല. അവര്‍ സ്വന്തം കഥകള്‍ സിനിമകളാക്കുന്നു. അങ്ങനെയാണെങ്കിലും ദക്ഷിണേന്ത്യയില്‍ നിര്‍മിക്കുന്ന എല്ലാ സിനിമകളും നല്ലതല്ല. ദക്ഷിണേന്ത്യയിലും എല്ലാ ആഴ്ചയും രണ്ടോ മൂന്നോ സിനിമ പുറത്തിറങ്ങുന്നു. പക്ഷേ, അവയെല്ലാം വിജയിക്കുന്നില്ല. നിങ്ങള്‍ നല്ല സിനിമകള്‍ ചെയ്താല്‍ അത് വിജയിക്കും എന്നതാണ് എല്ലായിടത്തെയും മന്ത്രം', സൽമാൻ ഖാൻ പറഞ്ഞു.
സൽമാൻ ഖാനെ നായകനാക്കി എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് 'സിക്കന്ദർ'. ഈദ് റിലീസായി 2025 മാർച്ച് 30 ന് സിക്കന്ദർ പുറത്തിറങ്ങും. സൽമാനോടൊപ്പം രശ്മിക മന്ദാന, സത്യരാജ്, ഷര്‍മാന്‍ ജോഷി, പ്രതീക് ബബ്ബർ, കാജൽ അഗർവാൾ എന്നിവരടങ്ങിയ താരനിര സിക്കന്ദറിൽ അണിനിരക്കുന്നുണ്ട്. സാജിദ് നദിയാദ്‌വാലയുടെ സാജിദ് നദിയാദ്‌വാല ഗ്രാന്‍റ് സണ്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇവരുടെ ഇതുവരെയുള്ള ഏറ്റവും വലിയ ബഡ്ജറ്റാണ് സല്‍മാന്‍ പടത്തിന് എന്നാണ് വിവരം.
Content Highlights: Salman talks about Mohanlal and Empuraan