
തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് മോഹൻലാൽ ചിത്രമായ എമ്പുരാൻ. സിനിമയുടെ മേക്കിങ്ങിനും പാട്ടുകളും ഏറെ പ്രശംസ നേടുകയാണ്. ട്രെയ്ലറിലും സിനിമയിലും പ്രേക്ഷകരെ ഹരം കൊള്ളിച്ച പാട്ടായിരുന്നു എമ്പുരാനെ... എന്നത്. ഈ പാട്ടിനു പിന്നിലെ കുട്ടിയുടെ ശബ്ദം പൃഥ്വിരാജിന്റെ മകൾ അലംകൃത മേനോൻ ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ ദീപക് ദേവ്. റിപ്പോർട്ടർ ടി വിയോടാണ് ദീപക് ഇക്കാര്യം പങ്കുവെച്ചത്.
എമ്പുരാനെ എന്ന പാട്ട് ആദ്യം കേൾക്കുന്നത് ഒരുകുട്ടിയുടെ ശബ്ദത്തിലാണ്. അലംകൃതയാണ് ആ ഭാഗം പാടിയത്. പടത്തിന്റെ ക്രെഡിറ്റ്സിലും അത് വച്ചിട്ടുണ്ടെന്നും ദീപക് ദേവ് പറഞ്ഞു. തുടക്കത്തിൽ ഒരു മുതിർന്ന സ്ത്രീയുടെ ശബ്ദമാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ചിത്രത്തിൽ കുട്ടിയുടെ കരച്ചിലിന്റെ ഭാഗമായതുകൊണ്ടാണ് അലംകൃതയെക്കൊണ്ട് പാടിക്കാമെന്ന് തീരുമാനിക്കുന്നത്. ഇംഗ്ലീഷ് പാട്ടൊക്കെയാണ് മകൾ കൂടുതൽ കേൾക്കാറുള്ളതെന്നും ശ്രമിച്ചുനോക്കാമെന്നും പൃഥ്വി പറഞ്ഞു. എന്നാൽ ഇമോഷൻസുൾപ്പെടെ ഒറ്റപ്രാവശ്യം പറഞ്ഞുകൊടുത്തപ്പോൾ തന്നെ അഞ്ചുമിനിറ്റിനുള്ളിൽ അലംകൃത പാടിക്കഴിഞ്ഞു. ഇന്ദ്രജിത്തിന്റെ മകളായ പ്രാർഥനയും ചിത്രത്തിൽ പാടിയിട്ടുണ്ടെന്നും ദീപക് ദേവ് കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച രാവിലെ ആറ് മണിയോടെയാണ് എമ്പുരാൻ സിനിമയുടെ പ്രദർശനം ആരംഭിച്ചത്. വമ്പൻ സിനിമാ നിർമ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ചിത്രത്തിന്‍റെ കര്‍ണാടക ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്തിരിക്കുന്നത്. ദിൽ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുമ്പോൾ, അനിൽ തടാനി നേതൃത്വം നൽകുന്ന എ എ ഫിലിംസ് ആണ് ചിത്രം നോർത്ത് ഇന്ത്യയിൽ എത്തിക്കുന്നത്. കേരളത്തില്‍ ആശിര്‍വാദും തമിഴ്നാട്ടില്‍ ഗോകുലം മൂവീസുമാണ് വിതരണം നടത്തുന്നത്.
Content Highlights:Deepak Dev says Prithviraj's daughter sang in Empuraan