സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മോഹൻലാലിന് നേർക്ക് തുപ്പണ്ട: രാഹുൽ മാങ്കൂട്ടത്തിൽ

സിനിമയിൽ പറഞ്ഞിരിക്കുന്ന രാഷ്ട്രീയത്തിന്റെ പേരിൽ മോഹൻലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെ നടക്കുന്ന ഹേറ്റ് ക്യാംപെയ്ൻ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

dot image

എമ്പുരാന്‍ സിനിമയുടെ റിലീസ് സിനിമാഗ്രൂപ്പുകളും കടന്നുള്ള ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. സിനിമയിലെ പ്രമേയത്തില്‍ കടന്നുവരുന്ന സംഘപരിവാര്‍ വിമര്‍ശനമാണ് ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സിനിമ സംസാരിക്കുന്നതിനെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പല കുറിപ്പുകളും പുറത്തുവരുന്നുണ്ട്. ഇപ്പോഴിതാ സിനിമയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ.

സിനിമയിൽ പറഞ്ഞിരിക്കുന്ന രാഷ്ട്രീയത്തിന്റെ പേരിൽ മോഹൻലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെ നടക്കുന്ന ഹേറ്റ് ക്യാംപെയ്ൻ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു. കശ്മീർ ഫയൽസും കേരള സ്റ്റോറിയും തുടങ്ങി നട്ടാൽ കിളിർക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ “ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവർ തന്നെയാണ് എംമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത് എന്ന് രാഹുല്‍ കുറിപ്പില്‍ വിമര്‍ശിക്കുന്നുണ്ട്.

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :

ഇന്നലെ തന്നെ എമ്പുരാൻ കണ്ടിരുന്നു.
KGFഉം പുഷ്പയും ഒക്കെ വന്നു മലയാളക്കര കീഴടക്കി പോയപ്പോൾ മലയാളി കൊട്ടും കുരവയുമായി ആർത്തുവിളിച്ചപ്പോഴും ഇങ്ങനെ ഒന്ന് നമുക്കില്ലല്ലോ എന്ന് തെല്ലും അസൂയ നമുക്കുണ്ടായിരുന്നു. കേരളത്തിന്റെ ആ പ്രദേശിക അഭിമാനബോധത്തിലേക്കാണ് പൃഥ്വിരാജ് എംബുരാനിലൂടെ സേഫ് ലാന്റ് ചെയ്തിരിക്കുന്നത്.


മേക്കിങ് കൊണ്ടും സാങ്കേതികത്തികവ് കൊണ്ടും മലയാളം പറയുന്ന ഒരു പാൻ ഇന്ത്യൻ സിനിമ തന്നെയാണ് എമ്പുരാൻ. മോഹൻലാലും മഞ്ജു വാര്യരും പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ബൈജു സന്തോഷും തൊട്ട് പേര് അറിയാത്ത വിദേശ അഭിനേതാക്കൾ വരെ തകർത്തിട്ടുണ്ട്. ടിക്കറ്റ് എടുത്തവർക്ക് ഓരോ ഫ്രെയിമും മുതലാകുന്നുണ്ട് എന്ന് ചുരുക്കം.


എന്നാൽ സിനിമയിൽ പറഞ്ഞിരിക്കുന്ന രാഷ്ട്രീയത്തിന്റെ പേരിൽ മോഹൻലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെ നടക്കുന്ന ഹേറ്റ് ക്യാംപെയ്ൻ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല.


കശ്മീർ ഫയൽസും കേരള സ്റ്റോറിയും തുടങ്ങി നട്ടാൽ കിളിർക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ “ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവർ തന്നെയാണ് എംമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്.
ബജറംഗിയെന്ന് പറഞ്ഞപ്പോൾ തന്നെ അത് തങ്ങളാണെന്ന തിരിച്ചറിവിന് എന്തായാലും അഭിവാദ്യങ്ങൾ. ആ തിരിച്ചറിവ് നാളെകളിലേക്കുള്ള തിരുത്തലിന്റെ കാരണമാകട്ടെ .


എന്തായാലും സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന് നേർക്ക് തുപ്പണ്ട. പുരികക്കൊടി തൊട്ട് വിരലുകൾ വരെ അഭിനയിക്കുന്ന മഹാപ്രതിഭ എന്ന് തെല്ലും അതിശയോക്തി കലർത്തി ഈ നടനെ വിശേഷിപ്പിക്കുന്നത് കഴിഞ്ഞ പല പതിറ്റാണ്ട് കാലത്തായി അദ്ദേഹം പകർന്നാടിയ വേഷങ്ങളുടെ അഭിനയത്തികവ് കൊണ്ടാണ്. മലയാളത്തിന്റെ തലപ്പൊക്കമുള്ള രണ്ടു ബ്രാൻഡുകളിൽ ഒന്നാണ് മോഹൻലാൽ , the Big M's. അതിനൊരു കോട്ടം വരുത്താനുള്ള കെല്‍പൊന്നും ബജ്രംഗികൾക്ക്‌ വാളയാർ അതിർത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ല തരുകയും ഇല്ല.


സബർമതി പുഴയിലൂടെ എത്ര വെള്ളം ഒഴുകി പോയാലും അതിൽ നിങ്ങൾ എത്ര കഴുകിയാലും മായാത്ത കറയാണ് നിങ്ങളുടെ ചെയ്തികളിലൂടെ നിങ്ങളുടെ ശരീത്തിലുള്ളത് …. ആ അഴുക്കിന്റെ അഹങ്കാരത്തിൽ മോഹൻലാലിനും സിനിമക്കും നേരെ ചാടണ്ട
അത് കൊണ്ട് വിട്ടുപിടി,


മോനെ അപ്പച്ചട്ടിയിൽ അരി വറക്കരുതെ….
തൊട്രാ പാക്കലാം

അതേസമയം, ഇന്റര്‍നാഷണല്‍ നിലവാരുമുള്ള മേക്കിങ്ങാണ് എമ്പുരാന്റേത് എന്നാണ് ആദ്യ ഷോയ്ക്ക് ശേഷം ഉയരുന്ന പ്രതികരണങ്ങള്‍. കേരളത്തിലും ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ സംഭവങ്ങളെ മുരളി ഗോപി മികച്ച രീതിയില്‍ തിരക്കഥയില്‍ അവതരിപ്പിച്ചിരിക്കുന്നുവെന്നും അഭിപ്രായങ്ങളുണ്ട്. പൃഥ്വിരാജിന്റെ സംവിധാനവും സുജിത്ത് വാസുദേവിന്റെ ക്യാമറയും അഖിലേഷ് മോഹന്റെ എഡിറ്റിങ്ങുമെല്ലാം വലിയ കയ്യടി നേടുന്നുണ്ട്. മോഹന്‍ലാലിന്റെ സ്റ്റീഫന്‍ നെടുമ്പള്ളിയും അബ്രാം ഖുറേഷിയും സ്‌ക്രീനില്‍ തിളങ്ങിനില്‍ക്കുന്നുവെന്ന് പറയുന്നവരും ഏറെയാണ്. സ്‌ക്രീന്‍ടൈം കുറവാണെങ്കിലും വരുന്ന രംഗങ്ങളെല്ലാം മോഹന്‍ലാല്‍ ആരാധകരില്‍ രോമാഞ്ചമുണര്‍ത്തുന്നതാണ് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

Content Highlights: Rahul Mamkootathil about Empuraan and Sangh Pariwar

dot image
To advertise here,contact us
dot image