
സൽമാൻ ഖാനെ നായകനാക്കി എആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് 'സിക്കന്ദർ'. ബോളിവുഡിൽ ഏറെ ആരാധകരുള്ള സൂപ്പർതാരവും തെന്നിന്ത്യയുടെ ഹിറ്റ് മേക്കറും ഒന്നിക്കുന്ന സിനിമയുടെ മേൽ വലിയ ഹൈപ്പുമുണ്ട്. ഇപ്പോഴിതാ അഡ്വാന്‍സ് ബുക്കിങ്ങിലൂടെ ചിത്രം പത്തുകോടിയോളം കളക്ഷന്‍ നേടിയ വാര്‍ത്തയാണ് പുറത്തുവരുന്നത്.
ഐമാക്‌സ്, 2ഡി സ്‌ക്രീനുകളില്‍ നിന്നായി 3.98 കോടിയാണ് ചിത്രം ഇതുവരെ കളക്ട് ചെയ്തിരിക്കുന്നത്. മറ്റു സ്‌ക്രീനുകളിലെ ബുക്ക് ചെയ്ത സീറ്റുകളുടെ എണ്ണം കൂടി കണക്കിലെടുത്താല്‍ ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ് കളക്ഷന്‍ 9.31 കോടിയാകും. മഹാരാഷ്ട്രയിലും ഡല്‍ഹിയിലുമാണ് ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റഴിച്ചത്. മഹാരാഷ്ട്രയില്‍ നിന്ന് 1.8 കോടിയും ഡല്‍ഹിയില്‍ നിന്ന് 1.4 കോടിയും ചിത്രം നേടിയിട്ടുണ്ട്. പ്രധാന നഗരങ്ങളിലെല്ലാം ചിത്രത്തിന്റെ ടിക്കറ്റ് വില ആയിരത്തിലേറെയാണ്. മുംബൈയില്‍ പ്രീമിയം സീറ്റുകള്‍ക്ക് 2,200 രൂപയും ഡല്‍ഹിയില്‍ പ്രീമിയം സീറ്റുകള്‍ക്ക് 1,600 മുതല്‍ 1,900 വരെയാണ് ഈടാക്കുന്നത്. മുംബൈയില്‍ ചില സിംഗിള്‍ സ്‌ക്രീന്‍ തിയേറ്ററുകളില്‍ റിക്ലൈനര്‍ സീറ്റുകള്‍ക്ക് 700 രൂപയാണ് ഈടാക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ചിത്രം മാർച്ച് 30 ഞായറാഴ്ച ദിവസമാണ് തിയേറ്ററിലെത്തുക. അതേസമയം സിനിമയുടെ ഓവർസീസ് പ്രീമിയറുകൾ മാർച്ച് 29 ന് നടക്കും. ഇത് രണ്ടാം തവണയാണ് ഒരു സൽമാൻ ചിത്രം ഞായറാഴ്ച റിലീസിനെത്തുന്നത്. നേരത്തെ ടൈഗർ സിന്ദാ ഹേ എന്ന സിനിമയാണ് ഞായറാഴ്ച തിയേറ്ററിലെത്തിയ മറ്റൊരു സൽമാൻ സിനിമ. സൽമാനോടൊപ്പം രശ്മിക മന്ദാന, സത്യരാജ്, ഷര്‍മാന്‍ ജോഷി, പ്രതീക് ബബ്ബർ, കാജൽ അഗർവാൾ എന്നിവരടങ്ങിയ താരനിര സിക്കന്ദറിൽ അണിനിരക്കുന്നുണ്ട്. സാജിദ് നദിയാദ്‌വാലയുടെ സാജിദ് നദിയാദ്‌വാല ഗ്രാന്‍റ് സണ്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇവരുടെ ഇതുവരെയുള്ള ഏറ്റവും വലിയ ബഡ്ജറ്റാണ് സല്‍മാന്‍ പടത്തിന് എന്നാണ് വിവരം. ഒരിടവേളക്ക് ശേഷം എആർ മുരുഗദോസ് ബോളിവുഡിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് സിക്കന്ദർ. സോനാക്ഷി സിൻഹ പ്രധാന വേഷത്തിലെത്തിയ അക്കീറാ ആണ് അവസാനമായി മുരുഗദോസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമ.
Content Highlights: Sikandar collects 10 crores from advance bookings