വിവാദം കാരണമാണോ മ്യൂസിക്കിന് നെഗറ്റീവ് കമന്റ്‌സ് എന്നറിയില്ല, പൃഥ്വിയോട് ചോദിച്ചിരുന്നു: ദീപക് ദേവ്

'ഒന്നെങ്കിൽ കളരിക്ക് പുറത്ത്, അല്ലെങ്കിൽ ആശാന്റെ നെഞ്ചത്ത് എന്ന് പറയും പോലെയാണ് കമന്റുകൾ'

dot image

എമ്പുരാൻ എന്ന സിനിമയുടെ റിലീസിന് പിന്നാലെ സിനിമയുടെ സംഗീതത്തെക്കുറിച്ച് ചില കോണുകളിൽ നിന്ന് വിമർശനം ഉയരുന്നുണ്ട്. ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംഗീത സംവിധായകൻ ദീപക് ദേവ്. തിയേറ്ററിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ സിനിമയുടെ പശ്ചാത്തല സംഗീതത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. പിന്നീട് സമൂഹ മാധ്യമങ്ങളിലൂടെ വിമർശനങ്ങൾ നേരിടാൻ തുടങ്ങി. ഈ കമന്റിടുന്നത് ഏത് തരത്തിലുള്ള വ്യക്തികളാണ് എന്ന് നോക്കിയപ്പോൾ അതിലൊക്കെ 0 പോസ്റ്റ്, 0 ഫോളോയിങ്, ലോക്ക്ഡ് പ്രൊഫൈല്‍ എന്ന സ്ഥിതിയാണെന്ന് ദീപക് ദേവ് പറഞ്ഞു.

അതോടെ ഇതൊരു ക്യാമ്പയിനിങ്ങാണെന്ന് മനസിലായി. കഴിഞ്ഞ ദിവസം മുതൽ സിനിമയ്ക്ക് കുറേ വിവാദങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അതിന്റെ ഭാഗമാണോ ഇതെന്ന് അറിയില്ല. പൃഥ്വിയോട് ഇതേക്കുറിച്ച് സംസാരിച്ചപ്പോൾ നമ്മള്‍ ചെയ്തത് വ്യത്യാസമായി കിട്ടിയിട്ടുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി എന്ന് ദീപക് ദേവ് പറഞ്ഞു. ഒറിജിനല്‍സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഒന്നെങ്കിൽ കളരിക്ക് പുറത്ത്, അല്ലെങ്കിൽ ആശാന്റെ നെഞ്ചത്ത് എന്ന് പറയും പോലെയാണ് കമന്റുകൾ. ഇത് വളരെ നന്നായിരിക്കുന്നു എന്ന് വലിയൊരു വിഭാഗം ആളുകൾ പറയുന്നുണ്ട്. തിയേറ്ററിൽ നിന്ന് ഇറങ്ങി വരുമ്പോൾ പലരും ബാക്ക് ഗ്രൗണ്ട് സ്കോർ എടുത്തുപറയുന്നുണ്ട്. എന്നാൽ സോഷ്യൽ മീഡിയയിൽ കയറുമ്പോൾ നേരെ വിപരീതമായി തനിക്ക് വേറെ വല്ല പണിയും ചെയ്തുകൂടെ എന്നൊക്കെ ചോദിക്കന്നവരെ കാണാം. ഇതിനും മാത്രം വലിയൊരു പാപമാണോ ചെയ്തത് എന്ന് ഞാൻ ചിന്തിച്ചു. ഞാൻ പൃഥ്വിയോട് ഇത് ഡിസ്ക്കസ് ചെയ്തു. 'ഞാൻ ആഗ്രഹിച്ച പടത്തിന് ഇതാണ് വേണ്ടത്' എന്നാണ് പൃഥ്വിരാജ് പറഞ്ഞത്,'

'ഇത്രയും നെഗറ്റീവുകള്‍ കണ്ടപ്പോള്‍ ഇവരൊക്കെ ഏത് ടൈപ്പ് ആളുകളാണ് എന്നറിയാന്‍ എനിക്ക് ആഗ്രഹം തോന്നി. ഇവര്‍ മ്യൂസിഷ്യന്‍സ് ആണോ ഇനി ആ ചെവിയിലൂടെ കേട്ടിട്ടാണോ, അതോ സാധാരണക്കാരുടെ ചെവിയിലൂടെ കേട്ടിട്ടാണോ എന്നറിയാന്‍ ഞാന്‍ ആ പ്രൊഫൈലുകള്‍ പരിശോധിച്ചു. കാരണം മ്യൂസീഷ്യന്‍സ് ആണെങ്കില്‍ തീര്‍ച്ചയായും അവര്‍ക്കത് ഇഷ്ടമാകും. ഒരു 40 ഓളം പ്രൊഫൈലുകള്‍ നോക്കി. അപ്പോഴാണ് അതിലൊക്കെ 0 പോസ്റ്റ്, 0 ഫോളോയിങ്, ലോക്ക്ഡ് പ്രൊഫൈല്‍. ഇത് കണ്ടപ്പോള്‍ എല്ലാവരുടേയും ഒരു 40 എണ്ണം ഒരേ പോലെ. എന്റെ പേജ് മാനേജ് ചെയ്യുന്നവരാണ് ഇത് ആദ്യം പറഞ്ഞത്. ഇതുപോലുള്ളവ 150 എണ്ണം കണ്ടു. പക്ഷേ നമ്മള്‍ 30 വരെയേ എണ്ണിയുള്ളൂ. എല്ലാം 0 കൗണ്ടാണ്,'

'അതോടെ ഇതൊരു ക്യാമ്പയിനിങ്ങാണെന്ന് മനസിലായി. ഇത് ഓട്ടോ ജനറേറ്റഡാണ്. നമ്മള്‍ ഒരു കമന്റ് ഡിലീറ്റ് ചെയ്ത് കഴിഞ്ഞാല്‍ അതേ മിനുട്ടില്‍ അങ്ങനത്തെ 2 എണ്ണം വരും. എല്ലാം ഹൈടെക് ആണ്. ഈ കമന്റ് അവിടെ വെച്ച് കഴിഞ്ഞാല്‍ അതിന്റെ ലൈക്ക്‌സ് കയറും. നമ്മള്‍ ആ കമന്റില്‍ പ്രസ് ചെയ്ത് ഡിലീററ് ചെയ്താല്‍ കമന്റ് ഇരട്ടിയാകും.

അപ്പോഴാണ് ഞാന്‍ അറിഞ്ഞത് പടത്തിന് പാരലല്‍ ആയി കുറേ വിവാദങ്ങള്‍ ഇന്നലെ തൊട്ട് തുടങ്ങിയിട്ടുണ്ട് എന്ന്. അതിന്റെ ഭാഗമാണോ ഇതെന്ന് അറിയില്ല. പൃഥ്വിയോട് ചോദിച്ചപ്പോള്‍ പുള്ളി വളരെ കൂള്‍ ആന്‍ഡ് ചില്‍. നിങ്ങളോട് ആരെങ്കിലും ഇപ്പോള്‍ ഫോണ്‍ നോക്കാന്‍ പറഞ്ഞോ എന്ന് ചോദിച്ചു. പടം കഴിഞ്ഞില്ലേ, ഫോൺ ഓഫ് ചെയ്ത് കുറച്ച് നാള്‍ കുട്ടികളുടെ കൂടെയാക്കെ അടിച്ചുപൊളിക്ക്. ഒന്ന് കറങ്ങി വാ എന്നൊക്കെ പറഞ്ഞു. വേറൊന്നും ഇപ്പോള്‍ ചിന്തിക്കേണ്ട. സൈഡിലൂടെ ചിലര്‍ ഇത് പറയും. അത് ഗുഡ് സൈന്‍ ആണ്. നമ്മള്‍ ചെയ്തത് വ്യത്യാസമായി കിട്ടിയിട്ടുണ്ട്. അങ്ങനെ കാണൂവെന്നും പറഞ്ഞു,' എന്ന് ദീപക് ദേവ് പറഞ്ഞു.

Content Highhlights: Deepak Dev talks about the criticisms on Empuraan BGM

dot image
To advertise here,contact us
dot image