
മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാൻ വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. സിനിമയ്‌ക്കെതിരെ പ്രതിഷേധമുയര്‍ന്ന പശ്ചാത്തലത്തിൽ എമ്പുരാനിലെ പതിനേഴിലധികം രംഗങ്ങൾ ഒഴിവാക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. റീ എഡിറ്റ് ചെയ്ത പതിപ്പ് അടുത്തയാഴ്ച മുതൽ തിയേറ്ററുകളിലെത്തുമെന്നാണ് വിവരം. ഈ വേളയിൽ ബുക്ക് മൈ ഷോ ഉൾപ്പടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ സിനിമയുടെ ബുക്കിങ് വലിയ തോതിൽ വർധിക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്.
ഇന്ന് വൈകുന്നേരം സിനിമയുടെ ബുക്കിങ് ഒരു മണിക്കൂറിൽ 14.45 K എന്ന നിരക്കിയിലായിരുന്നുവെങ്കിൽ ഇപ്പോൾ ഇപ്പോൾ മണിക്കൂറിൽ 28.29 K എന്ന നിരക്കിലേക്ക് കുതിച്ചിരിക്കുകയാണ്. ചിത്രം ഇപ്പോൾ ബുക്ക് മൈ ഷോയിൽ ട്രെൻഡിങ്ങുമാണ്.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു എമ്പുരാന്‍ തിയേറ്ററുകളിൽ എത്തിയത്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ വിവാദവും പൊട്ടിപ്പുറപ്പെട്ടു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തി. ബുക്ക് ചെയ്ത ടിക്കറ്റുകള്‍ വരെ ചിലര്‍ ക്യാന്‍സല്‍ ചെയ്തു.
എന്നാല്‍ ചിത്രത്തിനെതിരായ വിമര്‍ശനങ്ങള്‍ ഏറ്റെടുക്കാന്‍ ബിജെപി തയ്യാറായില്ല. സിനിമയെ സിനിമയായി കാണണം എന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശും വ്യക്തമാക്കിയത്. മുതിര്‍ന്ന നേതാക്കള്‍ നിലപാട് വ്യക്തമാക്കുമ്പോഴും ചിത്രത്തിനെതിരെ സംഘപരിവാര്‍ വിമര്‍ശനം തുടരുകയാണ്. ചിത്രത്തിനെതിരെ ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ രംഗത്തെത്തി.
എമ്പുരാനിലുളളത് ഹിന്ദു വിരുദ്ധ അജണ്ടയെന്നാണ് ഓര്‍ഗനൈസറിലെ ലേഖനത്തില്‍ പറയുന്നത്. 2002ലെ കലാപത്തില്‍ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നതിലൂടെ പൃഥ്വിരാജ് നടപ്പിലാക്കിയത് രാഷ്ട്രീയ അജണ്ടയാണ്. മോഹന്‍ലാലിന്റെ വേഷം ആരാധകരെ ചതിക്കുന്നതെന്നും ഓര്‍ഗനൈസര്‍ ലേഖനത്തിൽ അഭിപ്രായമുണ്ടായിരുന്നു. എന്നാല്‍ ഈ ലേഖനത്തിനെതിരെയും വലിയ വിമര്‍ശനം ഉയരുന്നുണ്ട്.
Content Highlights: Empuraan getting huge response in Book My Show