
എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് സംവിധായകനും നടനുമായ മേജർ രവി. എമ്പുരാൻ എന്ന സിനിമ റിലീസിന് മുന്നേ മോഹൻലാൽ കണ്ടിട്ടില്ല എന്ന് തനിക്ക് ആധികാരികമായി പറയാൻ കഴിയും. ഈ സംഭവങ്ങൾ അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചിട്ടുണ്ട്. താൻ അറിയുന്ന മോഹൻലാൽ ഈ സംഭവങ്ങളിൽ ഉറപ്പായും മാപ്പ് പറയുമെന്നും മേജർ രവി പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇത്തരമൊരു ലൈവിന് വരുവാനുള്ള കാരണം ആർമിയിലുണ്ടായിരുന്ന തന്റെ സുഹൃത്തുക്കളിൽ നിന്ന് വന്ന ഫോൺ കോളുകൾ മൂലമാണ്. അവരുടെയെല്ലാം ആവശ്യം മോഹൻലാലിന്റെ ലെഫ്റ്റനന്റ് കേണൽ പദവി എടുത്തുകളയണം എന്നായിരുന്നു. ഇതൊരു വിരോധാഭാസമായാണ് തനിക്ക് തോന്നുന്നത്. ആരെയും വെള്ളപൂശാനല്ല ഇവിടെ വന്നത് എന്ന് മേജർ രവി പറഞ്ഞു.
'കേണൽ റാങ്ക് ലഭിക്കുന്നതിനും അത് എടുത്ത് കളയുന്നതിനും അതിന്റേതായ മാനദണ്ഡങ്ങളുണ്ട്. കോൺഗ്രസ് ഭരണകാലത്താണ് അദ്ദേഹത്തിന് പദവി ലഭിച്ചത്. കീർത്തിചക്ര എന്ന സിനിമയിൽ നമ്മൾ എവിടെയും ഭാരത് മാതാ കി ജയ് എന്ന് വിളിച്ചിട്ടില്ല. എന്നാൽ അത് കണ്ട പ്രേക്ഷകർ അങ്ങനെ വിളിച്ചു. അതിന് കാരണം ഞാൻ എന്ന എഴുത്തുകാരൻ, എന്റെ മനസ്സിലുള്ള വികാരത്തെ മോഹൻലാൽ എന്ന നിങ്ങൾ ഇഷ്ടപ്പെടുന്ന വ്യക്തിയിലൂടെ വരച്ചുകാട്ടിയപ്പോൾ നിങ്ങൾ അതിനെ അങ്ങനെ കണ്ടു. ഇത് ഒരു എഴുത്തുകാന്റെ ഉത്തരവാദിത്തമാണ്,'
'ലെഫ്റ്റനന്റ് കേണൽ പദവി എന്ന് പറയുന്നത് വളരെ റെയർ ആയിട്ട് കിട്ടുന്ന ഒന്നാണ്. അത് സിനിമാ മേഖലയിൽ ആദ്യമായി ലഭിച്ച വ്യക്തിയാണ് മോഹൻലാൽ. നിങ്ങളുടെ വികാരത്തെ മാനിച്ച് കൊണ്ട് പറയട്ടെ, ലെഫ്റ്റനന്റ് കേണൽ പദവിയെ ഇതുമായി കൂട്ടിക്കലർത്തരുത്. അദ്ദേഹം ഈ സിനിമയിൽ പട്ടാളം യൂണിഫോം ഇട്ട് അനാശാസ്യമായ കാര്യങ്ങൾ ഒന്നും ചെയ്തിട്ടില്ല. അപ്പോൾ അത്തരം ആവശ്യങ്ങൾക്ക് പ്രസക്തിയില്ല,' എന്ന് മേജർ രവി പറഞ്ഞു.
അഞ്ച് സിനിമകളാണ് താൻ മോഹൻലാലുമായി ചെയ്തിട്ടുള്ളത്. അദ്ദേഹം ഒരു തവണ കഥ കേട്ടുകഴിഞ്ഞാൽ, ഒരിക്കലും ആ കഥയിൽ ഇടപെടില്ല. കീർത്തിചക്ര പോലും റിലീസിന് മുന്നേ അദ്ദേഹം കണ്ടിട്ടില്ല. ഈ സിനിമയിലും അത് തന്നെയാകും സംഭവിച്ചത് എന്ന് മേജർ രവി അഭിപ്രായപ്പെട്ടു. 'എന്നെ വിശ്വസിക്കൂ അദ്ദേഹം പടം കണ്ടിട്ടില്ല. അദ്ദേഹത്തിന് മാനസികമായി വളരെയധികം വിഷമമുണ്ട്. ആ സിനിമയിൽ ഇത്രയേറെ പ്രശ്നങ്ങളുണ്ടാക്കാൻ കാരണമായ രംഗങ്ങൾ കട്ട് ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്. 26 മിനിറ്റോളം കട്ട് ചെയ്യുമെന്നാണ് ഞാൻ കേട്ടത്.
മോഹൻലാൽ അത് ചെയ്തിട്ടുണ്ടെങ്കിൽ അവിടെയാണ് മോഹൻലാൽ ജസ്റ്റിഫിക്കേഷൻ നൽകിയിരിക്കുന്നത്. മോഹൻലാൽ കണ്ടിട്ട് റിലീസ് ചെയ്ത സിനിമയല്ല ഇതെന്ന് എനിക്ക് ആധികാരികമായി പറയാൻ കഴിയും. ആ സിനിമയുടെ കണ്ടന്റിൽ പ്രശ്നങ്ങളുണ്ട്. എന്നാൽ മോഹൻലാൽ ആ സിനിമയിൽ വരുന്നത് ഒരു മണിക്കൂറിന് ശേഷമാണ്. അതിന് മുന്നെയാണ് ഈ പ്രശ്നങ്ങൾ കാണിച്ചിരിക്കുന്നത്. ഞാൻ അറിയുന്ന മോഹൻലാൽ മാപ്പ് പറയും. എനിക്ക് അത് ഉറപ്പുണ്ട്,'
'മുരളി ഗോപി എന്ന എന്റെ സഹോദരനോട് എനിക്ക് പറയാനുള്ളത് സിനിമ ആരംഭിക്കുമോൾ മുസ്ലിം സഹോദരങ്ങളെ ആക്രമിക്കുന്നത് ഹിന്ദുക്കളെ കാണിക്കാനുള്ള ധൈര്യം ഉണ്ടെങ്കിൽ ആ കലാപത്തിന്റെ തുടക്കം എവിടെ നിന്നെന്നും ആ വണ്ടി എങ്ങനെ കത്തിയെന്നും കാണിക്കാനുള്ള ധൈര്യം കൂടി വേണം. നിങ്ങൾ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം,' എന്നും മേജർ രവി കൂട്ടിച്ചേർത്തു.
Content Highlights: Major Ravi talks about Empuraan issue