
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ആക്ഷൻ സിനിമയാണ് എമ്പുരാൻ. സമ്മിശ്ര പ്രതികരണം നേടുന്ന സിനിമ ഇതിനകം 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചുകഴിഞ്ഞു. ബോക്സ് ഓഫീസിൽ വമ്പൻ മുന്നേറ്റമാണ് സിനിമ നടത്തുന്നത്. ചിത്രം ആദ്യ ദിവസം 14 കോടി കേരളത്തിൽ നിന്ന് നേടിയെന്നാണ് ട്രാക്കർമാർ എക്സിൽ കുറിക്കുന്നത്. ആഗോളതലത്തില്‍ 65 കോടിയാണ് സിനിമയുടെ ഓപ്പണിങ് ഡേ കളക്ഷന്‍. എന്നാൽ രണ്ടാം ദിനമായ ഇന്നലെ ചിത്രത്തിന്റെ മലയാളം ഒഴികെയുള്ള മറ്റു വേർഷനുകളുടെ കളക്ഷനിൽ ഇടിവ് ഉണ്ടായിരിക്കുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
സാക്നിൽക്കിൻ്റെ റിപ്പോർട്ട് പ്രകാരം രണ്ടാം ദിവസം എമ്പുരാന് 45.35 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. 11.75 കോടിയാണ് രണ്ടാം ദിവസം ചിത്രം ഇന്ത്യയിൽ നിന്ന് നേടിയിരിക്കുന്നത്. ഇതിൽ 10.75 കോടി കേരളത്തിൽ നിന്നാണ് സ്വന്തമാക്കിയത്. അതേസമയം, സിനിമയുടെ തെലുങ്ക് വേർഷൻ 27 ലക്ഷവും തമിഴ് പതിപ്പ് 30 ലക്ഷവും ഹിന്ദി വേർഷൻ 40 ലക്ഷവുമാണ് നേടിയത്. എന്നാൽ കന്നഡ പതിപ്പിന് വെറും മൂന്ന് ലക്ഷം മാത്രമാണ് നേട്ടമുണ്ടാക്കാനായത്. ചിത്രത്തിന്റെ മലയാളം പതിപ്പിന് ഓവർസീസ് മാർക്കറ്റിലുൾപ്പെടെ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നതെങ്കിലും അതൊന്നും കളക്ഷനെ ബാധിക്കുന്നില്ല. സിനിമ വളരെ വേഗം 200 കോടിയിലേക്ക് എത്തുമെന്നാണ് കണക്കുകൂട്ടൽ.
പല തിയേറ്ററുകളിൽ മാരത്തോൺ ഷോകളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ആദ്യ ഭാഗമായ ലൂസിഫറിനെ പോലെ സ്ലോ പേസില്‍ മികച്ച കെട്ടുറപ്പോടെയാണ് എമ്പുരാന്റെ തിരക്കഥയും മുരളി ഗോപി ഒരുക്കിയിട്ടുള്ളതെന്ന് പ്രേക്ഷകര്‍ പറയുന്നു. പൃഥ്വിരാജിന്റെ സംവിധാനമികവ് മലയാള സിനിമയുടെ തന്നെ നിലവാരം ഉയര്‍ത്തിയിരിക്കുകയാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ വരുന്ന അഭിപ്രായങ്ങള്‍. മോഹന്‍ലാലിന്റെ ഇന്‍ട്രോയും വരുന്ന സീനുകളിലെ സ്‌ക്രീന്‍ പ്രസന്‍സും ആവേശത്തിലാഴ്ത്തുന്ന അനുഭവമാണെന്ന് കുറിക്കുന്നവരും ഏറെയാണ്.
വമ്പന്‍ സിനിമാ നിര്‍മ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ചിത്രത്തിന്റെ കര്‍ണാടക ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്തിരിക്കുന്നത്. ദില്‍ രാജുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുമ്പോള്‍, അനില്‍ തടാനി നേതൃത്വം നല്‍കുന്ന എ എ ഫിലിംസ് ആണ് ചിത്രം നോര്‍ത്ത് ഇന്ത്യയില്‍ എത്തിക്കുന്നത്. കേരളത്തില്‍ ആശിര്‍വാദും തമിഴ്‌നാട്ടില്‍ ഗോകുലം മൂവീസുമാണ് വിതരണം നടത്തുന്നത്.
Content Highlights: Empuraan Tamil Telugu Kannada versions struggle to make mark at box office