
ബോക്സ് ഓഫീസിൽ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ് മോഹൻലാൽ ചിത്രം എമ്പുരാൻ. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ചിത്രം ഇതിനോടകം 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചിട്ടുണ്ട്. ചിത്രത്തിൽ എല്ലാവരും ഒരുപോലെ കയ്യടിച്ച രംഗമാണ് രണ്ടാം പകുതിയിലെ ജംഗിൾ ഫൈറ്റ്. ഈ സംഘട്ടനത്തിന്റെ മേക്കിങ്ങും മോഹൻലാലിന്റെ പ്രകടനവും ഏറെ പ്രശംസകളാണ് പിടിച്ചുപറ്റുന്നത്. ഇപ്പോഴിതാ ആ ഫൈറ്റിനെക്കുറിച്ച് മനസുതുറക്കുകയാണ് ഛായാഗ്രാഹകൻ സുജിത് വാസുദേവ്. ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് സുജിത് ഇക്കാര്യം പറഞ്ഞത്.
'ജംഗിൾ ഫൈറ്റിൽ മരത്തിന് തീ പിടിക്കുമ്പോൾ അതിന് മുന്നിൽ നിൽക്കുന്നയാളെ നമ്മൾ കാണില്ലല്ലോ. ലാൽ സാർ മുഖം കാണിക്കാതെ സിലൗട്ടിൽ നിന്നാലും അതിന്റെ ഒരു പവർ വേറെയാണ്. അത് നെഞ്ചിനകത്ത് ലാലേട്ടൻ എന്നൊക്കെ പറയുന്ന പോലത്തെ ഫീൽ ആണ്. അതുകൊണ്ട് അവിടെ അദ്ദേഹത്തിന്റെ മുഖത്ത് ലൈറ്റ് ചെയ്തില്ലെങ്കിലും ഒരു കുഴപ്പവുമില്ല. പുള്ളി ആ നിൽക്കുന്നത് തന്നെ ഒരു കലയാണ്', സുജിത് വാസുദേവ് പറഞ്ഞു.
ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയത് മുതൽ മോഹൻലാൽ ആരാധകർ ഉൾപ്പെടെ കാത്തിരുന്ന സീനായിരുന്നു ജംഗിൾ ഫൈറ്റ്. 'പക്കാ പൈസ വസൂൽ മൊമൻ്റ്' ആണ് സീൻ എന്നും ഗംഭീര മേക്കിങ് ആണെന്നും പ്രേക്ഷകർ എക്സിൽ കുറിക്കുന്നുണ്ട്. ദീപക് ദേവിന്റെ മ്യൂസിക് തീ ആണെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്. കേരളാ ബോക്സ് ഓഫീസിലും സിനിമയ്ക്ക് മികച്ച കളക്ഷനാണ് ലഭിക്കുന്നത്. പല തിയേറ്ററുകളിലും മാരത്തോൺ ഷോകളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ചിത്രം ആദ്യ ദിവസം 14 കോടി കേരളത്തിൽ നിന്ന് നേടിയെന്നാണ് ട്രാക്കർമാർ എക്സിൽ കുറിക്കുന്നത്. ആഗോളതലത്തില്‍ 65 കോടിയാണ് സിനിമയുടെ ഓപ്പണിങ് ഡേ കളക്ഷന്‍. ഇതും മലയാള സിനിമയിലെ ചരിത്രമാണ്.
Content Highlights: Mohanlal in a Silhouette shot is a treat says Sujith Vasudev