
എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് സംവിധായകൻ ജിയോ ബേബി. എമ്പുരാന് നേരെയുണ്ടായ ഈ പ്രതിഷേധങ്ങൾ കാണുമ്പോൾ തീർത്തും നിരാശ തോന്നുന്നു. ഒരു സംവിധായകൻ എന്ന നിലയിൽ പേടിക്കേണ്ട അവസ്ഥയാണ്. ഭരണകൂടത്തിന് ഇഷ്ടമുള്ള സിനിമകൾ മാത്രം ചെയ്താൽ മതി എന്ന നിലയിലേക്ക് മാറിയിരിക്കുന്നു എന്ന് ജിയോ ബേബി പറഞ്ഞു. ഈ അവസരത്തിൽ പൃഥ്വിക്കും മുരളി ഗോപിക്കുമൊപ്പം നിൽക്കുകയാണ് എന്നും അദ്ദേഹം റിപ്പോർട്ടറിനോട് വ്യക്തമാക്കി.
'എമ്പുരാൻ പറയുന്ന വിഷയം ഇതാണെന്ന് അറിയുമ്പോൾ അത് നമുക്ക് വളരെ സന്തോഷമായിരുന്നു. കേരളത്തിൽ നിന്ന് ഇത്തരമൊരു വിഷയം സംസാരിക്കുന്ന സിനിമ ചെയ്തുവെന്നത് അഭിമാനകരമായ കാര്യമാണ്. ഇന്ത്യയിൽ മറ്റൊരിടത്തും ഈ സിനിമ ഉണ്ടാക്കാൻ പോലും കഴിയില്ല. എന്നാൽ ഇപ്പോൾ ഉണ്ടാകുന്ന കോലാഹലങ്ങളിൽ വലിയ നിരാശയുണ്ട്. നമ്മുടെ രാജ്യം എത്രത്തോളം അധഃപതിക്കുന്നു എന്നതിന്റെ തെളിവാണിത്. നമ്മുടെ ഭരണഘടനയെ മറന്നുകൊണ്ട് ഫാസിസം മാത്രം മതിയെന്ന് പറയുന്ന ശബ്ദങ്ങൾ കൂടി ചേർന്നാണ് ഈ കോലാഹലങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്,'
'ഒരു സംവിധായകൻ എന്ന നിലയിൽ പേടിക്കണം. സത്യത്തിൽ നമ്മൾ പേടിക്കേണ്ട അവസ്ഥയാണ്. ഭരണകൂടത്തിന് ഇഷ്ടമുള്ള സിനിമകൾ മാത്രം ചെയ്താൽ മതി എന്ന നിലയിലേക്ക് മാറിയിരിക്കുന്നു. എന്നാൽ ഈ കോലാഹലങ്ങൾക്കിടയിൽ എനിക്ക് സന്തോഷം നൽകുന്ന കാര്യം എന്തെന്നാൽ ഇത്തരമൊരു സിനിമ മലയാളത്തിൽ നിന്ന് ഉണ്ടായി എന്നതാണ്. ഭരണകൂടത്തിന് ഇഷ്ടമില്ലാത്ത സിനിമ വേണ്ട എന്ന് ഭരണകൂടം തീരുമാനിച്ചാൽ അത്തരം സിനിമകൾ ഇവിടെ ഉണ്ടാക്കുക തന്നെ ചെയ്യും. ഈ അവസരത്തിൽ പൃഥ്വിക്കും മുരളി ഗോപിക്കുമൊപ്പം നിൽക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്,'
'ശ്രദ്ധേയമായ കാര്യം എന്തെന്നാൽ സിപിഐഎം ആയാലും കോൺഗ്രസ് ആയാലും, നമ്മുടെ സംസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വം ഈ സിനിമയ്ക്കൊപ്പം നിൽക്കുന്നു എന്നതാണ്. അത് നമ്മുടെ കേരളത്തിൽ മാത്രമേ സംഭവിക്കൂ. സിനിമകൾ വരുമ്പോൾ എതിർപ്പുകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ ആ എതിർപ്പുകൾ പ്രകടിപ്പിക്കുന്നതിന് മാന്യമായ ചില രീതികളുണ്ട്. എന്നാൽ ഇത് നിരോധിക്കുക, അല്ലെങ്കിൽ വെട്ടിമുറിക്കുക എന്നത് തീർത്തും അപലപനീയമായ കാര്യമാണ്. നമ്മുടെ രാജ്യം ഇപ്പോൾ ഭീകരമായ അവസ്ഥയിലൂടെയാണ് പോകുന്നത്. നമ്മുടെ നിർമാതാക്കളും സംവിധായകരും ആരെയും വിഷമിപ്പിക്കുന്ന കണ്ടന്റുകൾ ഉണ്ടാക്കേണ്ട എന്ന തീരുമാനത്തിലേക്ക് പോകുവാൻ ഒരു ഭരണകൂടം നിർബന്ധിക്കുകയാണ്. ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ മോശം തീരുമാനങ്ങളാണ് ഇത്. അത് അവരുടെ അണികൾ ഏറ്റെടുക്കുന്നു. അത് തീർത്തും ദുഃഖകരമാണ്, നാണക്കേടാണ് സത്യത്തിൽ,' എന്ന് ജിയോ ബേബി പറഞ്ഞു.
Content Highlights: Jeo Baby comments on Empuraan movie issue