
സാമ്പത്തിക തട്ടിപ്പ് കേസിൽ വിശദീകരണവുമായി സംഗീത സംവിധായകൻ ഷാൻ റഹ്മാൻ. നിജുരാജ് സംഗീത നിശയില്‍ പങ്കാളിയാകാമെന്നും 25 ലക്ഷം രൂപ നിക്ഷേപിക്കാമെന്നും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ആകെ നൽകിയത് അഞ്ച് ലക്ഷം രൂപ മാത്രമാണ്. എന്നാൽ ഭാര്യയെ ഭീഷണിപ്പെടുത്തി ഈ പണം അയാൾ തിരികെ വാങ്ങിയെന്ന് ഷാൻ റഹ്മാൻ പറഞ്ഞു. വിഷയത്തില്‍ ഡിജിറ്റല്‍ തെളിവുകളടക്കമാണ് ഷാന്‍ പുറത്തുവിട്ടത്.
കൊച്ചിയില്‍ നടത്തിയ സംഗീത നിശയ്ക്ക് നഷ്ടം ഉണ്ടായി. ആ നഷ്ടം സംഗീത നിശയില്‍ പങ്കാളിയായ നിജുവിനും ഉണ്ടായെന്ന് വ്യക്തമാക്കുന്ന രേഖകളും ഷാന്‍ റഹ്‌മാന്‍ പുറത്തുവിട്ടു.
കഴിഞ്ഞ ദിവസം എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ ഷാൻ റഹ്മാനും ഭാര്യയും മൊഴി നൽകിയിരുന്നു. കഴിഞ്ഞ ജനുവരിയിൽ തേവര എസ്എച്ച് കോളേജ് ഗ്രൗണ്ടിൽ വച്ച് നടന്ന സംഗീത പരിപാടിയുടെ മറവിൽ 38 ലക്ഷം രൂപ തട്ടിയെന്നായിരുന്നു പ്രൊഡക്ഷൻ മാനേജർ നിജു രാജ് പരാതി നൽകിയത്.
Content Highlights: Shan Rahman denies financial allegations