
ബ്രഹ്‌മാണ്ട ചിത്രമായി തിയേറ്ററുകളിലെത്തിയ എമ്പുരനില്‍ അബ്രാം ഖുറേഷിയുടെ ലോകമാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ആഫ്രിക്കയും ലണ്ടനും ഇന്‍ഡോ അറബ് മേഖലയും തുടങ്ങി വിവിധ ഭൂഖണ്ഡങ്ങളില്‍ അധോലോക നായകനായി വാഴുന്ന അബ്രാം ഖുറേഷിയെ സിനിമ കാണിച്ചുതന്നു. എങ്കിലും ആരാധകമനസില്‍ സ്റ്റീഫന്‍ നെടുമ്പള്ളിക്ക് തന്നെയാണ് വലിയ സ്ഥാനമെന്നാണ് പല പ്രേക്ഷകരുടെയും അഭിപ്രായം.
എമ്പുരാനിലും സ്റ്റീഫന്‍ നെടുമ്പള്ളിയായി എത്തിയ ജംഗിള്‍ ഫൈറ്റ് സീനിനാണ് തിയേറ്ററില്‍ ഏറ്റവും കൂടുതല്‍ കയ്യടി ഉയര്‍ന്നത്. ലൂസിഫറിന്റെ പ്രീക്വലായി കാണിക്കുന്ന സീനുകളില്‍ വെള്ള മുണ്ടും വെള്ള ഷര്‍ട്ടുമായി വന്നിറങ്ങുന്ന സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ഏതാനും ചില ഷോട്ടുകളേ ഉള്ളുവെങ്കിലും അവയും ഏറെ ആഘോഷിക്കപ്പെടുന്നുണ്ട്. ട്രെയിലറിലും ഈ സീനിന് വലിയ കയ്യടികളുണ്ടായിരുന്നു.
ഫൈറ്റിലോ ഡയലോഗിലോ സ്റ്റീഫനോളം എത്തിയില്ല ഖുറേഷിയെന്ന് പറയുന്നവരും ഉണ്ട്. കോട്ടും സ്യൂട്ടുമിട്ട ലാലേട്ടനേക്കാളും മുണ്ടും ഷര്‍ട്ടുമിട്ട ലാലേട്ടനെ മതിയെന്ന് അഭിപ്രായപ്പെടുന്നവരും ഏറെയാണ്.
അതേസമയം, ചില സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ നിന്നും വ്യാപകമായ എതിര്‍പ്പും ബഹിഷ്‌കരണ ക്യാംപെയ്നും ഉയര്‍ന്നതിന് പിന്നാലെ സിനിമയില്‍ റീ എഡിറ്റും റീ സെന്‍സറിങ്ങും നടത്താന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചതായുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. എമ്പുരാനിലെ പതിനേഴിലധികം രംഗങ്ങള്‍ ഒഴിവാക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. റീ എഡിറ്റ് ചെയ്ത പതിപ്പ് അടുത്തയാഴ്ച മുതല്‍ തിയേറ്ററുകളിലെത്തുമെന്നാണ് വിവരം.
എന്നാല്‍ ബുക്ക് മൈ ഷോ ഉള്‍പ്പടെയുള്ള പ്ലാറ്റ്‌ഫോമുകളില്‍ സിനിമയുടെ ബുക്കിങ് വലിയ തോതില്‍ വര്‍ധിക്കുകയാണ്. ഇന്ന് വൈകുന്നേരം സിനിമയുടെ ബുക്കിങ് ഒരു മണിക്കൂറില്‍ 14.45 K എന്ന ക്കിയിലായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഇപ്പോള്‍ മണിക്കൂറില്‍ 28.29 K എന്ന നിരക്കിലേക്ക് കുതിച്ചിരിക്കുകയാണ്. ചിത്രം ഇപ്പോള്‍ ബുക്ക് മൈ ഷോയില്‍ ട്രെന്‍ഡിങ്ങുമാണ്. ദിവസങ്ങള്‍ക്കുള്ളില്‍ മലയാളത്തിലെ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രമായി എമ്പുരാന്‍ മാറുമെന്നാണ് കണക്കുകൂട്ടപ്പെടുന്നത്. ഓവര്‍സീസില്‍ മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ലൈഫം ടൈം കളക്ഷനെ ചിത്രം മറികടന്നിട്ടുണ്ട്.
Content Highlights: Stephen Nedumapally gathers more applause after Empuraan release