
എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് നടൻ അപ്പാനി ശരത്ത്. കലാസൃഷ്ടിയെ വിമർശിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. എന്നാൽ അതിന്റെ മേൽ കത്രിക വെക്കുവാനുള്ള അവകാശം ആർക്കുമില്ല എന്ന് അപ്പാനി ശരത്ത് പറഞ്ഞു. 46 വർഷങ്ങൾ കൊണ്ട് മലയാളത്തിന്റെ മനസ്സുകളിൽ ജാതി മത വർണ്ണ വർഗ ലിംഗ വ്യത്യാസമില്ലാതെ സ്ഥാനം ഉറപ്പിച്ച വ്യക്തിയാണ് മോഹൻലാൽ. അദ്ദേഹത്തിനൊപ്പം മലയാളികൾ എപ്പോഴും ഉണ്ടാകുമെന്നും അപ്പാനി ശരത്ത് കുറിച്ചു.
അപ്പാനി ശരത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം:
തലയിൽ പൂടയുണ്ടോ എന്ന് സംശയം ഉള്ളവനാണ് "കള്ളാ" എന്ന വിളി കേൾക്കുമ്പോ കൊള്ളുന്നത്. ഐ റിപീറ്റ് കൊള്ളുന്നത് എന്നാണ് ഞാൻ പറഞ്ഞത് "നിങ്ങൾ കൊല്ലുന്നത്" എന്നല്ല. ഒരു മുള്ള് കൊണ്ടാൽ റോസാ ചെടി മുഴുവൻ അരിഞ്ഞു കളയണം എന്ന് വാദിക്കാം. ഇന്ത്യൻ ശിക്ഷാ നിയമത്തിലും കോടതിയിലും ഭരണഘടനയിലും ഞങ്ങൾക്ക് വിശ്വാസം ഇല്ലാത്തത് കൊണ്ടാണ് ഞങ്ങൾ ഇങ്ങനെയൊക്കെ ചെയ്തതെന്നും വാദിക്കാം. പക്ഷെ നിങ്ങൾ ചെയ്തതെല്ലാം ചരിത്ര വസ്തുതകളായി ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
'ബാലിയുടെ കഥ പറയുമ്പോൾ രാമൻ ജനിച്ചത് മുതൽ വിവരിക്കാത്തത് എന്തേ.?' എന്ന് നിങ്ങൾ പറയുന്നത് ചെയ്ത തെറ്റ് മറച്ച് പിടിക്കാനുള്ള അടവായിട്ട് മാത്രേ എനിക്ക് തോന്നുന്നുള്ളു. കക്ഷി രാഷ്ട്രീയമന്യേ എല്ലാർക്കും അമ്പ് കൊണ്ട ഒരു കലാസൃഷ്ടിയിൽ നിങ്ങൾക്ക് മാത്രം നൊന്തു എങ്കിൽ നിങ്ങൾ തെറ്റ് ചെയ്തു എന്ന് തന്നെയാണ് അർത്ഥം. മായ്ച്ചു കളയാൻ ഉദ്ദേശിക്കുന്ന ഒരു ചരിത്രം പുതിയ തലമുറയിലേക്ക് എത്തരുത് എന്ന് തന്നെയാണ് ഉദ്ദേശം.
വിമർശിക്കാൻ എല്ലാവർക്കും അവകാശം ഉണ്ട്. പക്ഷെ കത്രിക വയ്ക്കാനും കത്തി വയ്ക്കാനും ഇല്ല തന്നെ. ഒരു കാര്യം മാത്രം നിങ്ങൾ ഓർക്കുക നിങ്ങൾ വാളോങ്ങുന്നത് രാജാവിനെയാണ്. 46 വർഷങ്ങൾ കൊണ്ട് മലയാളത്തിന്റെ മനസ്സുകളിൽ ജാതി മത വർണ്ണ വർഗ ലിംഗ വ്യത്യാസമില്ലാതെ തന്റെ സിംഹാസനം ഉറപ്പിച്ച മഹാരാജാവിനെ… അഭിനയത്തിന്റെ ചെങ്കോൽ ഏന്തുന്ന സാമ്രാട്ടിനെതിരെ… മലയാളികൾ സ്നേഹം കൊണ്ട് കിരീടം ചാർത്തിക്കൊടുത്ത ഒരേ ഒരു രാജാവിനെ… കുറിച്ചു വച്ചോളൂ ഈ ജനതയുണ്ടാവും അദ്ദേഹത്തിന്റെ പിന്നിൽ.. നിങ്ങൾ എന്തിന് വേണ്ടി പടയെടുത്തോ അത് നിങ്ങളുടെ കഴുത്തിലെ കുരുക്കാവും.. കാരണം ഇവിടെ മതം കൊണ്ടല്ല മനുഷ്യരെ അളക്കുന്നത് സ്നേഹം കൊണ്ടാണ്.
എമ്പുരാന്‍ സിനിമയ്‌ക്കെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നും വലിയ എതിര്‍പ്പും സൈബര്‍ അറ്റാക്കും ഉണ്ടായതിനെ തുടര്‍ന്ന് ചില രംഗങ്ങള്‍ നീക്കം ചെയ്യാന്‍ തയ്യാറായതായി മോഹന്‍ലാലും അണിയറപ്രവര്‍ത്തകരും അറിയിച്ചിരുന്നു. ഖേദം പ്രകടിപ്പിച്ചുകൊണ്ട് മോഹന്‍ലാല്‍ പങ്കുവെച്ച കുറിപ്പ് സംവിധായകന്‍ പൃഥ്വിരാജ്, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.
അതേസമയം, സിനിമയ്ക്ക് വലിയ പിന്തുണയും വിവിധ കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. മുഖ്യമന്ത്രിയും മറ്റ് ഇടതുപക്ഷ നേതാക്കളും വി ഡി സതീശനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും സിനിമ കണ്ടുകൊണ്ട് തന്നെ പിന്തുണ അറിയിച്ചിരുന്നു. സാഹിത്യ-സാംസ്‌കാരിക മേഖലകളില്‍ നിന്നും സിനിമയ്ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. റീഎഡിറ്റിന്റെയോ റീ സെന്‍സറിങ്ങിന്റെ ആവശ്യമില്ലെന്നും സംഘപരിവാറിന്റേത് ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റവും ചരിത്രം പറയാന്‍ സമ്മതിക്കാതിരിക്കലുമാണ് എന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.
Content Highlights: Appani Sharath comments on Empuraan movie issue