
എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പൃഥ്വിരാജിനും സിനിമയുടെ അണിയറപ്രവർത്തകർക്കും പിന്തുണയുമായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. മലയാള സിനിമയ്ക്ക് പരിമിതമായ ബജറ്റ് മാത്രമേ സാധിക്കുകയുള്ളൂ എന്ന് പലരും പറഞ്ഞിടത്ത്, അതെല്ലാം കാറ്റിൽ പറത്തി എമ്പുരാൻ കുതിക്കുകയാണ്. ആ സമയം ടീമിൻ്റെ പരിശ്രമത്തെ സല്യൂട്ടടിച്ച് അഭിനന്ദിക്കുന്നതിന് പകരം ആ സിനിമയുടെ സംവിധായകനെ ന്നം വെച്ച് തേജോവധം ചെയ്യുന്നത് മലയാളം സിനിമയെ തന്നെ ദോഷമായി ബാധിക്കുമെന്ന് ലിസ്റ്റിൻ പറഞ്ഞു. ഓരോ വെള്ളിയാഴ്ചയും നിരവധി സിനിമകൾ റിലീസ് ചെയ്യുന്നുണ്ട്. അതിൽ ഒന്ന് മാത്രമാണ് എമ്പുരാൻ. സിനിമയെ സിനിമയായി മാത്രം കാണണമെന്നും ലിസ്റ്റിൻ അഭിപ്രായപ്പെട്ടു.
'മലയാള സിനിമയ്ക്ക് പരിമിതമായ ബജറ്റേ പ്രായോഗികമാകൂ എന്ന പഴയ നിയമത്തെ കാറ്റിൽ പറത്തി കുതിയ്ക്കുകയാണ് " എമ്പുരാൻ ". ഇത് ഒരു ഫാൻ ബോയ് വെറുതെ ആവേശം കൊള്ളുന്നതല്ലാ, ഒരു തീയറ്റർ ഉടമ സാക്ഷ്യപ്പെടുത്തുന്നതാണ്. കേരളം കണ്ട ഏറ്റവും വലിയ കളക്ഷനിലേക്ക് എമ്പുരാൻ പറന്നുയരുന്നത് കലയിലും വ്യവസായത്തിലും വലിയ സ്വപ്നങ്ങൾ കാണാനുള്ള സാധ്യത തുറന്നു വച്ചിട്ടാണ്. മികച്ച ഒരു ടീമിൻ്റെ പരിശ്രമത്തെ സല്യൂട്ടടിച്ച് അഭിനന്ദിക്കേണ്ട നേരത്ത്, അതിൻ്റെ കപ്പിത്താനെ ഉന്നം വെച്ച് തേജോവധം ചെയ്യുന്നത് ആ വെക്തിയെ മാത്രമല്ല, സിനിമാ ഇൻഡസ്ട്രിയെ തന്നെയാണ് ദോഷമായി ബാധിക്കുന്നത്. ചർച്ചയാവാം , വിയോജിപ്പുകളാവാം, പക്ഷേ പരിഹാസവും, തെറ്റായ പദങ്ങളും ഇല്ലാതെ,'
'രാജു… ആദ്യമായി ഒരു വഴിവെട്ടുന്നവർക്കെല്ലാം നേരിടേണ്ടി വരുന്ന ചെറിയ കാര്യങ്ങളായി മാത്രം ഇതിനെ കാണുക, സമീപിക്കുക. സിനിമയെ ഇഷ്ടപ്പെടുന്നവരും, ആഗ്രഹിക്കുന്നവരും നിങ്ങളോടൊപ്പം ഉണ്ട്. കാരണം, ഇനിമുതൽ നമ്മുടെ കൊച്ചു കേരളം ഭൂപടത്തിൽ മറ്റെല്ലാ ഭാഷകളോടും കിടപിടിയ്ക്കും. രാജു… ഇതിന് മുമ്പും ഈ അവഗണനകൾ ഒക്കെ നേരിട്ടത് ആണല്ലോ.. ഇത് ഒന്നും ഒരു പുതുമയുള്ള കാര്യം അല്ലാ!! ഓരോ വെള്ളിയാഴ്ച എത്രയോ സിനിമകൾ ഇറങ്ങുന്നു, അതിൽ ഒന്ന് മാത്രം ആണ് "എമ്പുരാൻ". സിനിമയെ സിനിമ മാത്രം ആയി കാണുക. മലയാള സിനിമയിലെ കളക്ഷൻ കണക്കുകൾ ഇനി രണ്ടായി വിഭജിക്കപ്പെടും. ബിഫോർ എമ്പുരാൻ ആൻഡ് ആഫ്റ്റർ എമ്പുരാൻ. എമ്പുരാൻ ചരിത്രത്തിലേക്ക് !!! പൃഥ്വിരാജിനൊപ്പം.. സിനിമയ്ക്കൊപ്പം..എന്നും എപ്പോഴും,' എന്ന് ലിസ്റ്റിൻ സ്റ്റീഫൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
എമ്പുരാന്‍ സിനിമയ്‌ക്കെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നും വലിയ എതിര്‍പ്പും സൈബര്‍ അറ്റാക്കും ഉണ്ടായതിനെ തുടര്‍ന്ന് ചില രംഗങ്ങള്‍ നീക്കം ചെയ്യാന്‍ തയ്യാറായതായി മോഹന്‍ലാലും അണിയറപ്രവര്‍ത്തകരും അറിയിച്ചിരുന്നു. ഖേദം പ്രകടിപ്പിച്ചുകൊണ്ട് മോഹന്‍ലാല്‍ പങ്കുവെച്ച കുറിപ്പ് സംവിധായകന്‍ പൃഥ്വിരാജ്, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.
അതേസമയം, സിനിമയ്ക്ക് വലിയ പിന്തുണയും വിവിധ കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. മുഖ്യമന്ത്രിയും മറ്റ് ഇടതുപക്ഷ നേതാക്കളും വി ഡി സതീശനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും സിനിമ കണ്ടുകൊണ്ട് തന്നെ പിന്തുണ അറിയിച്ചിരുന്നു. സാഹിത്യ-സാംസ്‌കാരിക മേഖലകളില്‍ നിന്നും സിനിമയ്ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. റീഎഡിറ്റിന്റെയോ റീ സെന്‍സറിങ്ങിന്റെ ആവശ്യമില്ലെന്നും സംഘപരിവാറിന്റേത് ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റവും ചരിത്രം പറയാന്‍ സമ്മതിക്കാതിരിക്കലുമാണ് എന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.
Content Highlights: Listin Stephen comments on Empuraan issue