
എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് എഴുത്തുകാരനും തിരക്കഥാകൃത്തുമായ പി വി ഷാജികുമാർ. ‘2002 ഇന്ത്യ’ എന്ന് മാത്രമാണ് എമ്പുരാനില്‍ എഴുതിക്കാണിച്ചത്. ഒരിടത്തും ഗുജറാത്തിന്റെ റഫറന്‍സ് കടന്നുവരുന്നില്ല. എന്നിട്ടും അത് ഗുജറാത്ത് കലാപമായി ചിലർക്ക് തോന്നിയിട്ടുണ്ടെങ്കില്‍ കാണിച്ചത് നുണയല്ല, സത്യമെന്ന് അവര്‍ തന്നെ പറയാതെ പറയുകയാണ് എന്ന് ഷാജികുമാർ അഭിപ്രായപ്പെട്ടു. സംഘിഭീകരതയുടെ രാഷ്ട്രീയം തുറന്നുകാണിക്കാനുള്ള ആർജ്ജവത്തിന് തിരക്കഥാകൃത്ത് മുരളി ഗോപിക്കും സംവിധായകൻ പൃഥ്വിരാജിനും സിനിമയുടെ മറ്റു അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ എന്നും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
പി വി ഷാജികുമാറിന്റെ വാക്കുകൾ:
17 വെട്ടിന് മുൻപ് എമ്പുരാൻ ഇന്നലെ രാത്രി കണ്ടു. ഒരു ഫുൾകൊമേഴ്സ്യൽ സിനിമയിലേക്ക് സംഘിഭീകരതയുടെ രാഷ്ട്രീയം തുറന്നുകാണിക്കാനുള്ള ആർജ്ജവത്തിന് മുരളിയേട്ടനും പ്രിഥ്വിരാജിനും അണിയറപ്രവർത്തകർക്കും ഡബിൾസല്യൂട്ട്. ജനാധിപത്യത്തിൽ നേരോർമ്മകൾ അങ്ങനെയൊന്നും മാഞ്ഞുപോകില്ല. രാമക്ഷേത്രം പണിതാലും ബാബറി മസ്ജിദ് തകർത്തതും മതേതരത്വം തകർത്തതും ജനാധിപത്യം മറക്കില്ല. സംഘചാലകായ ഒരാൾ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയിൽ നിന്ന് പ്രധാനമന്ത്രിയായാലും ഗുജറാത്ത് കലാപം ജനാധിപത്യം മറക്കില്ല. എമ്പുരാന്‍ രാഷ്ട്രീയമായ ആ ഓര്‍മ കൂടിയാണ്. രാഷ്ട്രീയത്തില്‍ മതം ചേര്‍ക്കരുതെന്ന മതേതരപൂർണ്ണമാർന്ന തെളിച്ചം.
മുഴുവനായുമില്ലെങ്കിലും എമ്പുരാനില്‍ പതിനേഴില്‍ ആദ്യം കട്ട് ചെയ്യുന്നത് ആദ്യത്തെ പതിനഞ്ച് മിനുട്ടുകളായിരിക്കും. ഗര്‍ഭിണിയെ ബലാല്‍സംഗം ചെയ്യുന്ന സീന്‍ വെട്ടും. സംഘികളെ ഏറ്റവും പ്രകോപിച്ചിരിക്കുന്ന രംഗം. ഗര്‍ഭിണിയുടെ വയറ്റില്‍ ശൂലം കുത്തിയിറക്കിയ ഗുജറാത്ത് കലാപത്തിന്റെ ഓര്‍മയെ തിരിച്ചുവിളിക്കുന്നത് കൊണ്ടുതന്നെ. അധികാരമേറാന്‍ സംഘപരിവാറുകാരുണ്ടാക്കിയ കൂട്ടക്കുരുതിയുടെ ഓർമ.
‘2002 ഇന്ത്യ’ എന്ന് മാത്രമാണ് എമ്പുരാനില്‍ തുടക്കസീനില്‍ എഴുതിക്കാണിച്ചത്. ഒരിടത്തും ഗുജറാത്തിന്റെ റഫറന്‍സ് കടന്നുവരുന്നില്ല. എന്നിട്ടും അത് കാണുമ്പോള്‍ അത് ഗുജറാത്ത് കലാപമെന്ന് അവർക്ക് തോന്നിയിട്ടുണ്ടെങ്കില്‍ കാണിച്ചത് നുണയല്ല, സത്യമെന്ന് അവര്‍ തന്നെ പറയാതെ പറയുകയാണ്. മുന്‍ഗാമികളുടെ ചെയ്തികള്‍ പിന്‍ഗാമികള്‍ സ്‌ക്രീനില്‍ കാണുമ്പോള്‍ അനുഭവിക്കുന്ന ഭയവും ദേഷ്യവും. കുറ്റവാളികളുടെ കുറ്റം പുറത്തുകാണുന്നതിലുള്ള നാണക്കേട്. ഇത് ഞങ്ങളെ ഉദ്ദേശിച്ചാണ്, ഞങ്ങളെ മാത്രം ഉദ്ദേശിച്ചാണെന്ന് അരിശപ്പെടാതിരിക്കുന്നതെങ്ങെനെ…!
ഗുജറാത്ത് കലാപത്തിലെ തെളിവുകളെല്ലാം ഭരണകൂടം ഒന്നൊന്നായി മായ്ച്ചുകളഞ്ഞു. കുറ്റവാളികള്‍ മന്ത്രിമാരും അധികാരികളുമായി. നീതിയൊന്നും കിട്ടാതെ ഇരകള്‍ മൃത്യവിനും ഉന്മാദത്തിനും ഇടയില്‍ ഒറ്റയായി. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ചെയ്തവരുടെ പിന്‍മുറക്കാർ ഒരു സിനിമ കണ്ട് അന്ന് സംഭവിച്ച സത്യത്തിന് അരിശത്തിലൂടെ അടിവരയിടുമ്പോള്‍ വക്കീലന്മാര്‍ പറയുന്നത് പോലെ ജനാധിപത്യമെന്ന കോടതിക്ക് മുന്നില്‍ മതേതരത്വത്തിന്റെ മനസാക്ഷിയുള്ളവര്‍ ആവര്‍ത്തിക്കുന്നു: ‘ദാറ്റ്‌സ് ആള്‍ യുവര്‍ ഹോണര്‍..!’
എമ്പുരാന്‍ സിനിമയ്‌ക്കെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നും വലിയ എതിര്‍പ്പും സൈബര്‍ അറ്റാക്കും ഉണ്ടായതിനെ തുടര്‍ന്ന് ചില രംഗങ്ങള്‍ നീക്കം ചെയ്യാന്‍ തയ്യാറായതായി മോഹന്‍ലാലും അണിയറപ്രവര്‍ത്തകരും അറിയിച്ചിരുന്നു. ഖേദം പ്രകടിപ്പിച്ചുകൊണ്ട് മോഹന്‍ലാല്‍ പങ്കുവെച്ച കുറിപ്പ് സംവിധായകന്‍ പൃഥ്വിരാജ്, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.
അതേസമയം, സിനിമയ്ക്ക് വലിയ പിന്തുണയും വിവിധ കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. മുഖ്യമന്ത്രിയും മറ്റ് ഇടതുപക്ഷ നേതാക്കളും വി ഡി സതീശനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും സിനിമ കണ്ടുകൊണ്ട് തന്നെ പിന്തുണ അറിയിച്ചിരുന്നു. സാഹിത്യ-സാംസ്‌കാരിക മേഖലകളില്‍ നിന്നും സിനിമയ്ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. റീഎഡിറ്റിന്റെയോ റീ സെന്‍സറിങ്ങിന്റെ ആവശ്യമില്ലെന്നും സംഘപരിവാറിന്റേത് ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റവും ചരിത്രം പറയാന്‍ സമ്മതിക്കാതിരിക്കലുമാണ് എന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.
Content Highlights: PV Shajikumar comments on Empuraan issue