
കരിയറിന്റെ ആദ്യ ഘട്ടത്തിൽ തനിക് നേരിട്ട ദുരനുഭവം പങ്കുവെച്ച് നടി ശാലിനി പാണ്ഡേ. കാരവാനിൽ വസ്ത്രം മാറിക്കൊണ്ടിരിക്കുമ്പോൾ വാതിലിൽ മുട്ടുകപോലും ചെയ്യാതെ ഒരു ദക്ഷിണേന്ത്യൻ സംവിധായകൻ അകത്തേക്ക് കയറിവന്നുവെന്നും താൻ ബഹളം വെച്ചെന്നും നടി പറഞ്ഞു. അദ്ദേഹം ഇറങ്ങി പോയതിനു ശേഷം താൻ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നെന്ന് പലരും പറഞ്ഞെന്നും നടി കൂട്ടിച്ചേർത്തു. ഫിൽമിജ്ഞാനിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'എന്റെ കരിയറിന്റെ തുടക്കകാലത്ത് ഒരു ദക്ഷിണേന്ത്യൻ സിനിമ ചെയ്യുകയായിരുന്നു. ഞാൻ വാനിനകത്ത് വസ്ത്രം മാറിക്കൊണ്ടിരിക്കുമ്പോൾ വാതിലിൽ മുട്ടുകപോലും ചെയ്യാതെ സംവിധായകൻ അകത്തേക്ക് കയറിവന്നു. അയാൾ അകത്തു വന്ന ഉടനെ ഞാൻ അലറി. ഈ സംഭവം നടക്കുമ്പോൾ എനിക്ക് 22 വയസായിരുന്നു. പിന്നീട് അയാൾ പുറത്തുപോയതിനുശേഷം പലരും പറഞ്ഞു, ഞാൻ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നുവെന്ന്,' ശാലിനി പറഞ്ഞു.
നല്ല പുരുഷന്മാർക്കൊപ്പം മാത്രമല്ല കരിയറിൽ ജോലി ചെയ്തിട്ടുള്ളതെന്നും വെറുപ്പ് തോന്നിക്കുന്ന പുരുഷന്മാർക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ടെന്നും നടി പറഞ്ഞു. ഓൺ-സ്ക്രീനിലും ഓഫ്-സ്ക്രീനിലും ക്രൂവിനുള്ളിലെ കാര്യങ്ങളെക്കുറിച്ചുമാണ് താൻ സംസാരിക്കുന്നത്. നിങ്ങൾക്ക് അതിരുകൾ ഉണ്ടായിരിക്കണം. സിനിമാ പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്ന് വന്നയാളല്ലെന്നും പരിപൂർണമായും പുറത്തുനിന്നുള്ളയാളാണ് താനെന്നും ശാലിനി വ്യക്തമാക്കി. ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ തനിക്ക് സന്തോഷമുണ്ടെന്നും സ്ത്രീകളെ വളരെ മോശമായി കാണുന്ന ആളുകൾ ഉണ്ടെന്നും അത്തരം പുരുഷന്മാരെയും താൻ നേരിട്ടിട്ടുണ്ടെന്നും നടി കൂട്ടിച്ചേർത്തു.
Content Highlights: Actress Shalini Pandey shares her bad experience with a director