എന്തുകൊണ്ട് ബോളിവുഡ് ചിത്രങ്ങള്‍ കാണാന്‍ ആളില്ല? പ്രതികരിച്ച് ജോണ്‍ എബ്രഹാം

കാസ്റ്റിം​ഗിന്‍റെ കാര്യത്തിൽ പോലും താരങ്ങള്‍ക്ക് ഇന്‍സ്റ്റ​ഗ്രാമില്‍ എത്ര ഫോളോവേഴ്സ് ഉണ്ട് എന്നത് പ്രധാന വിഷയമായി മാറുന്നുവെന്നും നടൻ പറഞ്ഞു.

dot image

ഒരു കാലത്ത് കോടി ക്ലബ്ബുകളിലേക്ക് നിഷ്പ്രയാസം ബോളിവുഡ് ചിത്രങ്ങൾ കയറിയിരുന്നു. എന്നാൽ സമീപ കാലത്തായി ബോളിവുഡ് സിനിമകൾക്ക് പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കുന്നില്ല. തെന്നിന്ത്യന്‍ ചലച്ചിത്ര വ്യവസായങ്ങള്‍ താരതമ്യേന മികച്ച വിജയങ്ങള്‍ നേടുമ്പോള്‍ എന്തുകൊണ്ടാണ് ബോളിവുഡിന് അത് സാധിക്കാത്തത്? എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് നടൻ ജോണ്‍ എബ്രഹാം.

'സിനിമകള്‍ക്ക് ആളെത്താത്തതിന്‍റെ കാരണം എന്തെന്ന ചോദ്യത്തിന്‍റെ ഉത്തരം വളരെ ലളിതമാണ്. നമ്മള്‍ നല്ല കഥകള്‍ പറയുന്നില്ല. എഴുത്തില്‍ നമ്മള്‍ ശ്രദ്ധിക്കുന്നില്ല. ഒരു ചിത്രം നിര്‍മ്മിക്കാന്‍ ശരിക്കും എന്തൊക്കെയാണോ ആവശ്യമായത് അതില്‍ നമ്മള്‍ ശ്രദ്ധ പുലര്‍ത്തുന്നില്ല. മറിച്ച് മറ്റു പല കാര്യങ്ങളിലാണ് നമ്മുടെ ശ്രദ്ധ', ജോണ്‍ എബ്രഹാം പറഞ്ഞു. നടന്റെ ഏറ്റവും പുതിയ ചിത്രം ദി ഡിപ്ലോമാറ്റിന്‍റെ പ്രൊമോഷന്‍റെ ഭാ​ഗമായി ബോളിവുഡ് ലൈഫിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

കാസ്റ്റിം​ഗിന്‍റെ കാര്യത്തിൽ പോലും താരങ്ങള്‍ക്ക് ഇന്‍സ്റ്റ​ഗ്രാമില്‍ എത്ര ഫോളോവേഴ്സ് ഉണ്ട് എന്നത് പ്രധാന വിഷയമായി മാറുന്നുവെന്നും നടൻ പറഞ്ഞു. 'എന്താണ് നിങ്ങള്‍ക്ക് പറയാനുള്ള കഥ? എഴുത്തുകാരനും സംവിധായകനും നടനും അത് എങ്ങനെയാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കുന്നത്? ഇതാണ് ഒരു സിനിമയുടെ ക്രാഫ്റ്റ്. ഇക്കാര്യം നമ്മൾ മറന്നുപോയി. അതിലേക്ക് തിരിച്ചുപോയാല്‍ നമ്മള്‍ നല്ല ചിത്രങ്ങള്‍ നിര്‍മ്മിക്കും. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഡിപ്ലോമാറ്റ്', ജോണ്‍ എബ്രഹാം പറഞ്ഞു.

ശിവം നായരുടെ സംവിധാനത്തില്‍ ജോണ്‍ എബ്രഹാം നായകനായി എത്തിയ ചിത്രമാണ് 'ദ ഡിപ്ലോമാറ്റ്'. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയൊരുക്കിയ ചിത്രം ഇതിനോടകം തന്നെ പ്രേക്ഷകപ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. മാര്‍ച്ച് 14-നാണ് ദ ഡിപ്ലോമാറ്റ് തിയേറ്ററുകളില്‍ റിലീസ് ചെയതത്. എന്നാൽ സിനിമയുടെ ഒടിടി റൈറ്റ്സ് ഇതുവരെ വിറ്റുപോയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

Content Highlights: John Abraham explains the reason behind the decline in acceptance of Bollywood films

dot image
To advertise here,contact us
dot image