
എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട് സംവിധായകൻ മേജർ രവി നടത്തിയ പരാമർശങ്ങളെ തള്ളി നിർമാതാവ് ആന്റണി പെരുമ്പാവൂർ. മോഹൻലാൽ റിലീസിന് മുന്‍പ് എമ്പുരാൻ കണ്ടിട്ടില്ല എന്നായിരുന്നു മേജർ രവി പറഞ്ഞത്. എന്നാൽ മോഹൻലാലിനും തനിക്കും സിനിമയുടെ കഥ വ്യക്തമായി അറിയാമെന്നും അദ്ദേഹത്തിന് കഥ അറിയില്ലെന്ന് പറയുന്നതിനോട് യോജിപ്പില്ല എന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു. എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ആന്റണി.
'മോഹൻലാൽ സാറിന് ഇതിന്റെ കഥ അറിയാം, എനിക്ക് അറിയാം, ഞങ്ങൾക്കെല്ലാവർക്കും അറിയാം. അത് അറിയില്ല എന്ന് ഞങ്ങൾ ആരും പറഞ്ഞിട്ടില്ല. മോഹൻലാൽ സാറിന് ഈ കഥ അറിയില്ലെന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല,' എന്ന് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു മേജർ രവി സിനിമയെക്കുറിച്ചുള്ള പ്രതികരണം നടത്തിയത്. അഞ്ച് സിനിമകളാണ് താൻ മോഹൻലാലുമായി ചെയ്തിട്ടുള്ളത്. അദ്ദേഹം ഒരു തവണ കഥ കേട്ടുകഴിഞ്ഞാൽ, ഒരിക്കലും ആ കഥയിൽ ഇടപെടില്ല. കീർത്തിചക്ര പോലും റിലീസിന് മുന്നേ അദ്ദേഹം കണ്ടിട്ടില്ല. ഈ സിനിമയിലും അത് തന്നെയാകും സംഭവിച്ചത് എന്ന് മേജർ രവി അഭിപ്രായപ്പെട്ടു.
'എന്നെ വിശ്വസിക്കൂ അദ്ദേഹം പടം കണ്ടിട്ടില്ല. അദ്ദേഹത്തിന് മാനസികമായി വളരെയധികം വിഷമമുണ്ട്. ആ സിനിമയിൽ ഇത്രയേറെ പ്രശ്നങ്ങളുണ്ടാക്കാൻ കാരണമായ രംഗങ്ങൾ കട്ട് ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്. 26 മിനിറ്റോളം കട്ട് ചെയ്യുമെന്നാണ് ഞാൻ കേട്ടത്. മോഹൻലാൽ അത് ചെയ്തിട്ടുണ്ടെങ്കിൽ അവിടെയാണ് മോഹൻലാൽ ജസ്റ്റിഫിക്കേഷൻ നൽകിയിരിക്കുന്നത്. മോഹൻലാൽ കണ്ടിട്ട് റിലീസ് ചെയ്ത സിനിമയല്ല ഇതെന്ന് എനിക്ക് ആധികാരികമായി പറയാൻ കഴിയും. ആ സിനിമയുടെ കണ്ടന്റിൽ പ്രശ്നങ്ങളുണ്ട്. എന്നാൽ മോഹൻലാൽ ആ സിനിമയിൽ വരുന്നത് ഒരു മണിക്കൂറിന് ശേഷമാണ്. അതിന് മുന്നെയാണ് ഈ പ്രശ്നങ്ങൾ കാണിച്ചിരിക്കുന്നത്. ഞാൻ അറിയുന്ന മോഹൻലാൽ മാപ്പ് പറയും. എനിക്ക് അത് ഉറപ്പുണ്ട്,' എന്നായിരുന്നു മേജർ രവി പറഞ്ഞത്.
മേജർ രവിയുടെ പ്രതികരണത്തിൽ വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയർന്നിരുന്നു. മാത്രമല്ല ചിത്രം കണ്ടെന്ന് മോഹൻലാൽ പറയുന്ന പഴയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയുമുണ്ടായി. എമ്പുരാന്റെ ടീസർ ലോഞ്ച് ചടങ്ങിൽ വെച്ചാണ് മോഹൻലാൽ ചിത്രം കണ്ടെന്ന് പറയുന്നത്.
ഇതിനൊപ്പം തന്നെ എമ്പുരാൻ കണ്ടിറങ്ങിയതിന് ശേഷമുള്ള മേജർ രവിയുടെ പ്രതികരണവും പിന്നീട് വെെറലായിരുന്നു. ഉഗ്രൻ പടമാണെന്നും ഇങ്ങനെയൊരു പടം ചെയ്യാൻ കഴിഞ്ഞ പൃഥ്വിരാജ് ഭാഗ്യവാൻ ആണെന്നുമാണ് മേജർ രവി അന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇത് തികച്ചും ഇരട്ടത്താപ്പാണെന്നും മോഹൻലാലിനോട് പൃഥ്വിരാജ് മുഴുവൻ കഥയും പറഞ്ഞില്ലെന്നത് വിശ്വസിക്കാൻ കഴിയില്ല എന്നുമാണ് പല പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്. പൃഥ്വിരാജിന്‍റെ അമ്മയും നടിയുമായ മല്ലിക സുകുമാരനും മോഹന്‍ലാലിന്‍റെ ഫാന്‍സ് അസോസിയേഷനും മേജര്‍ രവിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരുന്നു.
Content Highlights: Antony Perumbavoor clears the statement of Major Ravi on Empuraan issue