'ആരെയും ഭയന്നല്ല, സ്വന്തം ഇഷ്ടപ്രകാരമാണ് റീ എഡിറ്റ് ചെയ്തത്'; എമ്പുരാന്‍ വിവാദത്തില്‍ ആന്റണി പെരുമ്പാവൂര്‍

"മറ്റുള്ളവരെ ദ്രോഹിക്കാനോ, വിഷമിപ്പിക്കാനോ വേണ്ടി ആഗ്രഹിച്ച് സിനിമ ചെയ്യുന്ന ഗ്രൂപ്പല്ല, മോഹൻലാൽ സാറും പൃഥ്വിരാജുമടക്കം ഞങ്ങളാരും"

dot image

എമ്പുരാൻ വിവാദങ്ങളിൽ പ്രതികരിച്ച് നിർമാതാവ് ആന്റണി പെരുമ്പാവൂർ. ആരുടെയെങ്കിലും നിർദേശപ്രകാരമല്ല, സ്വന്തം ഇഷ്ടപ്രകാരമാണ് സിനിമ റീ എഡിറ്റ് ചെയ്തത് എന്ന് അദ്ദേഹം പറഞ്ഞു. ഈ സിനിമ കാരണം ആർക്കെങ്കിലും എന്തെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കിൽ അത് ശരിയാക്കേണ്ട ഉത്തരവാദിത്തം തങ്ങൾക്കുണ്ട്. ആ വിശ്വാസത്തിന്റെ പേരിൽ തങ്ങൾ ഒന്നിച്ചാണ് സിനിമ റീ എഡിറ്റ് ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ആന്റണി പെരുമ്പാവൂർ.

'ഇതിൽ ഭയം എന്നുള്ളതല്ല, നമ്മൾ ഒരു സമൂഹത്തിൽ ജീവിക്കുന്നവരാണ്. മറ്റുള്ളവരെ ദ്രോഹിക്കാനോ, വിഷമിപ്പിക്കാനോ വേണ്ടി ആഗ്രഹിച്ച് സിനിമ ചെയ്യുന്ന ഗ്രൂപ്പല്ല ഞങ്ങളാരും, മോഹൻലാൽ സാറും പൃഥ്വിരാജും അതേ. ഈ സിനിമ കാരണം ആർക്കെങ്കിലും എന്തെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കിൽ അത് ശരിയാക്കേണ്ട ഉത്തരവാദിത്തം ഞങ്ങൾക്കുണ്ട് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ആ വിശ്വാസത്തിന്റെ പേരിൽ ഞങ്ങൾ ഒന്നിച്ച് കൂട്ടായി എടുത്ത തീരുമാനമാണ് ഈ എഡിറ്റിങ്. രണ്ട് മിനിറ്റും ഏതാനും സെക്കൻഡുകളും മാത്രമാണ് എഡിറ്റ് ചെയ്തിരിക്കുന്നത്.

ഇത് മറ്റാരുടെയും നിർദേശപ്രകാരമല്ല, ഞങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരം തന്നെ ചെയ്തതാണ്. ഏതെങ്കിലും പാർട്ടിക്ക് എന്നല്ല ഒരു വ്യക്തിക്ക് വിഷമമുണ്ടായാൽ പോലും അത് തിരുത്തണം എന്ന് കരുതുന്നവരാണ് ഞങ്ങൾ. എഡിറ്റഡ് വേർഷൻ ഇന്ന് മുതൽ പ്രദർശിപ്പിക്കും,' ആന്റണി പെരുമ്പാവൂർ പറഞ്ഞു. മുരളി ഗോപിയ്ക്ക് ഈ തീരുമാനത്തോട് വിയോജിപ്പ് ഉണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാലിന്‍റെ പോസ്റ്റ് തിരക്കഥാകൃത്തായ മുരളി ഗോപി ഷെയര്‍ ചെയ്യാത്തത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

സിനിമയുടെ റിലീസിന് മുന്നേ മോഹൻലാൽ എമ്പുരാൻ കണ്ടിരുന്നില്ല എന്ന മേജർ രവിയുടെ വാദത്തെയും ആന്റണി പെരുമ്പാവൂർ തള്ളി. 'മോഹൻലാൽ സാറിന് ഇതിന്റെ കഥ അറിയാം, എനിക്ക് അറിയാം, ഞങ്ങൾക്കെല്ലാവർക്കും അറിയാം. അത് അറിയില്ല എന്ന് ഞങ്ങൾ ആരും പറഞ്ഞിട്ടില്ല. മോഹൻലാൽ സാറിന് ഈ കഥ അറിയില്ലെന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. ഞങ്ങൾ എല്ലാവരും ഈ സിനിമ മനസിലാക്കിയിട്ടുണ്ട്. അങ്ങനെ മനസിലായതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അത് തിരുത്തുക എന്നത് ഞങ്ങളുടെ കർത്തവ്യമാണ്,' എന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞു.

സിനിമയുടെ റിലീസിന് പിന്നാലെ പൃഥ്വിരാജിന് നേരെ വരുന്ന വിമർശനങ്ങളിലും അദ്ദേഹം പ്രതികരിച്ചു. 'ഒരിക്കലും പൃഥ്വിരാജിനെ ഒറ്റപ്പെടുത്തില്ല. എത്രയോ വർഷമായി ഞങ്ങൾ സൗഹൃദം വെച്ച് പുലർത്തുന്നവരാണ്. ഞങ്ങൾ ഒന്നിച്ചെടുത്ത തീരുമാനമാണ് ഈ സിനിമ ചെയ്യണമെന്ന്,' എന്നും ആന്റണി കൂട്ടിച്ചേർത്തു. ചിത്രത്തിന് മൂന്നാം ഭാഗമുണ്ടാകുമോയെന്ന ചോദ്യത്തോട് തീര്‍ച്ചയായും ഉണ്ടാകുമെന്നും ആന്‍റണി മറുപടി നല്‍കി.

Content Highlights: Antony Perumbavoor comments on Empuraan issue

dot image
To advertise here,contact us
dot image