
മമ്മൂട്ടി ആരാധകരും സിനിമാപ്രേമികളും കാത്തിരിക്കുന്ന ചിത്രമാണ് 'ബസൂക്ക'. സിനിമയുടെ ട്രെയ്‍ലര്‍ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. മികച്ച സ്വീകരണമാണ് ട്രെയിലറിന് ലഭിച്ചത്. ഇപ്പോഴിതാ സിനിമയുടെ പുതിയ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ഏപ്രിൽ 10 ന് രാവിലെ 9 മണിക്കാണ് സിനിമയുടെ ഫസ്റ്റ് ഷോ ആരംഭിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ പുതിയ പോസ്റ്റർ പങ്കുവെച്ചാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാ രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിൻ്റെ മകനാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ഡീനോ ഡെന്നിസ് എന്നതും ബസൂക്കയുടെ പ്രത്യേകതയാണ്. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബെഞ്ചമിൻ ജോഷ്വാ എന്ന കഥാപാത്രമായാണ് ഗൗതം മേനോൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്.
ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവക്ക് ശേഷം സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ബസൂക്ക.
Content Highlights: Bazooka's first show start time announced