
എമ്പുരാൻ സിനിമയുടെ റീ സെൻസറിങ് വിവരങ്ങൾ പുറത്ത്. 24 കട്ടുകളാണ് സിനിമയിൽ വരുത്തിയിരിക്കുന്നത്. സ്ത്രീകൾക്ക് എതിരായ അതിക്രമ സീനുകൾ മുഴുവനായി ഒഴിവാക്കുകയും മതചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനങ്ങൾ കടന്നു പോകുന്ന സീൻ വെട്ടി നീക്കുകയും ചെയ്തിട്ടുണ്ട്. വിവാദമായ വില്ലന്റെ ബജ്രംഗി എന്ന പേര് ബൽദേവ് എന്നാക്കി മാറ്റിയിട്ടുണ്ട്. ഇതിന് പുറമെ സിനിമയിലെ നന്ദി കാർഡിൽ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ഒഴിവാക്കിട്ടുമുണ്ട്.
മാര്‍ച്ച് 27ന് റിലീസായ എമ്പുരാന്‍ സിനിമയ്ക്കെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നും വലിയ എതിര്‍പ്പും സൈബര്‍ അറ്റാക്കും ഉണ്ടായതിനെ തുടര്‍ന്ന് ചില രംഗങ്ങള്‍ നീക്കം ചെയ്യാന്‍ തയ്യാറായതായി മോഹന്‍ലാലും അണിയറപ്രവര്‍ത്തകരും അറിയിച്ചിരുന്നു. ഗുജറാത്ത് കലാപത്തിന്റെ റഫറന്‍സുള്ള രംഗങ്ങളായിരുന്നു സംഘപരിവാറില്‍ നിന്നും വിമര്‍ശനമുണ്ടാക്കിയത്. ഇതേതുടര്‍ന്ന് ഖേദം പ്രകടിപ്പിച്ചുകൊണ്ട് മോഹന്‍ലാല്‍ പങ്കുവെച്ച കുറിപ്പ് സംവിധായകന്‍ പൃഥ്വിരാജ്, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. മുരളി ഗോപി ഈ കുറിപ്പ് ഷെയര്‍ ചെയ്യുകയോ പ്രതികരിക്കുകയോ ചെയ്തിരുന്നില്ല.
അതേസമയം ആരുടെയെങ്കിലും നിർദേശപ്രകാരമല്ല, സ്വന്തം ഇഷ്ടപ്രകാരമാണ് സിനിമ റീ എഡിറ്റ് ചെയ്തത് എന്ന് ആന്റണി പെരുമ്പാവൂർ അറിയിച്ചിരുന്നു. ഈ സിനിമ കാരണം ആർക്കെങ്കിലും എന്തെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കിൽ അത് ശരിയാക്കേണ്ട ഉത്തരവാദിത്തം തങ്ങൾക്കുണ്ട്. ആ വിശ്വാസത്തിന്റെ പേരിൽ തങ്ങൾ ഒന്നിച്ചാണ് സിനിമ റീ എഡിറ്റ് ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ആന്റണി പെരുമ്പാവൂർ.
Content Highlights: Empuraan movie Re Censoring details out