
വിവാദങ്ങൾക്ക് നടുവിലും മലയാളത്തിൽ ഏറ്റവും വേഗത്തിൽ 200 കോടി ക്ലബ്ബിൽ എത്തിയ ചിത്രമായി മാറിയിരിക്കുകയാണ് എമ്പുരാൻ. ചിത്രം റിലീസിന് എത്തും മുന്നേ തന്നെ സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തികൊണ്ടുള്ള പോസ്റ്ററുകൾ സിനിമയുടെ അണിയറപ്രവർത്തകർ പങ്കുവെച്ചിരുന്നു. എന്നാൽ ആ പരിചയപ്പെടുത്തിയ കഥാപാത്രങ്ങൾക്കും അപ്പുറം അഭിനേതാക്കൾ സിനിമയിൽ ഉണ്ടായിരുന്നു. ഇപ്പോഴിതാ സിനിമയിലെ പ്രണവ് മോഹൻലാലിന്റെ ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.
26 വര്‍ഷം സ്റ്റീഫന്‍ എവിടെയായിരുന്നു എന്ന ചോദ്യത്തിന് ഉത്തരമായാണ് പ്രണവ് മോഹൻലാൽ എത്തുന്നത്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന സ്റ്റീഫന്‍ നെടുമ്പള്ളി/ അബ്രാം ഖുറേഷിയുടെ ചെറുപ്പകാലമാണ് പ്രണവ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. നടന്റെ പ്രകടനം സിനിമയുടെ മൂന്നാം ഭാഗത്തിലാകും കാണാൻ കഴിയുക.
അതേസമയം, മാര്‍ച്ച് 27ന് റിലീസായ എമ്പുരാന്‍ സിനിമയ്ക്കെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നും വലിയ എതിര്‍പ്പും സൈബര്‍ അറ്റാക്കും ഉണ്ടായതിനെ തുടര്‍ന്ന് ചില രംഗങ്ങള്‍ നീക്കം ചെയ്യാന്‍ തയ്യാറായതായി മോഹന്‍ലാലും അണിയറപ്രവര്‍ത്തകരും അറിയിച്ചിരുന്നു. ഇരുപതിലധികം ഭാഗങ്ങളിലാണ് എഡിറ്റിങ് നടത്തിയിരിക്കുന്നത്. ഗുജറാത്ത് കലാപത്തിന്റെ റഫറന്‍സുള്ള രംഗങ്ങളായിരുന്നു സംഘപരിവാറില്‍ നിന്നും വിമര്‍ശനമുണ്ടാക്കിയത്. ഇതേതുടര്‍ന്ന് ഖേദം പ്രകടിപ്പിച്ചുകൊണ്ട് മോഹന്‍ലാല്‍ പങ്കുവെച്ച കുറിപ്പ് സംവിധായകന്‍ പൃഥ്വിരാജ്, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.
Content Highlights: Empuran team shares Pranav Mohanlal's character poster