
അജിത് കുമാർ-ആദിക് രവിചന്ദ്രൻ ചിത്രം 'ഗുഡ് ബാഡ് അഗ്ലി'ക്കായി ആരാധകർ വലിയ ആവേശത്തോടെ കാത്തിരിക്കുകയാണ്. സിനിമയുടെ അപ്ഡേറ്റുകള്‍ക്ക് വന്‍ സ്വീകരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ റൺ ടൈം സംബന്ധിച്ച റിപ്പോർട്ടുകൾ ശ്രദ്ധ നേടുകയാണ്. ആക്ഷൻ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമ രണ്ട് മണിക്കൂർ 18 മിനിറ്റ് ഉണ്ടാകുമെന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്.
ഏപ്രിൽ 10 ന് സമ്മർ റിലീസായാണ് 'ഗുഡ് ബാഡ് അഗ്ലി' തിയേറ്ററിലെത്തുക. മൂന്ന് ലുക്കിലാണ് അജിത് സിനിമയിലെത്തുന്നത്. ഇവ മൂന്നും ഇപ്പോൾ തന്നെ ട്രെൻഡിങ് ആയിക്കഴിഞ്ഞു. വളരെ ചെറിയ സമയത്തിനുള്ളിൽ തടി കുറച്ച് പുതിയ ലുക്കിൽ എത്തിയ അജിത്തിനെ എല്ലാവരും പുകഴ്ത്തുന്നുണ്ട്.
ചിത്രത്തിൽ ഒരു വമ്പൻ കാമിയോ ഉണ്ടാകുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത് സിലമ്പരസനായിരിക്കുമെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നത്. സിനിമയിൽ എസ് ജെ സൂര്യ കാമിയോ വേഷത്തിലെത്തുമെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മാര്‍ക്ക് ആന്റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. സുനിൽ, പ്രസന്ന, തൃഷ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.
Content Highlights: Good Bad Ugly run time out