
ഹോളിവുഡ് താരം ടോം ഹോളണ്ട് നായകനായ സ്‌പൈഡർമാൻ സിനിമകൾക്ക് വലിയ ആരാധകരാണുള്ളത്. ഈ ഫ്രാഞ്ചൈസിയിലെ അവസാന ചിത്രമായ സ്പൈഡർമാൻ: നോ വേ ഹോമാകട്ടെ റെക്കോർഡ് കളക്ഷനാണ് നേടിയതും. ഇപ്പോൾ ഈ ഫ്രാഞ്ചൈസിയിലെ നാലാം സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നിരിക്കുകയാണ്.
'സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ' എന്നാണ് പുതിയ സിനിമയുടെ പേര്. ലാസ് വെഗാസിൽ നടക്കുന്ന സിനിമാകോണിൽ വച്ചാണ് സിനിമയുടെ പ്രഖ്യാപനം നടന്നത്. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് സംവിധായകൻ ഡെസ്റ്റിൻ ഡാനിയേൽ ക്രെട്ടൺ അറിയിച്ചു. മുമ്പ് ഷാങ്-ചി: ലെജൻഡ് ഓഫ് ദി ടെൻ റിംഗ്സ് എന്ന സിനിമ സംവിധാനം ചെയ്തത് ക്രെട്ടൺ ആയിരുന്നു. അടുത്ത വർഷം ജൂലൈ 31 നായിരിക്കും ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യുക.
കോമിക്കോണിൽ ടോം ഹോളണ്ട് പങ്കെടുത്തില്ലെങ്കിലും സിനിമയുടെ പ്രഖ്യാപന വേളയിൽ ടോം വീഡിയോ സന്ദേശം പങ്കുവെച്ചിരുന്നു. ക്രിസ്റ്റഫർ നോളന്റെ ദി ഒഡീസിയിലാണ് ഇപ്പോള്‍ ടോം ഹോളണ്ട് അഭിനയിക്കുന്നത്. ഇതിന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കി നടന്‍ സ്പൈഡര്‍മാന്‍റെ പുതിയ ചിത്രത്തില്‍ എത്തും.
സ്പൈഡർമാൻ: ഹോംകമിംഗ് (2017), സ്പൈഡർമാൻ: ഫാർ ഫ്രം ഹോം (2019), സ്പൈഡർമാൻ: നോ വേ ഹോം (2021) എന്നീ സിനിമകളാണ് ടോം ഹോളണ്ടിന്റെ സ്‌പൈഡർമാൻ ഫ്രാഞ്ചൈസിയിൽ ഇതുവരെ പുറത്തിറങ്ങിയത്. ഇതിലെ അവസാന ചിത്രമായ നോ വേ ഹോം ആഗോളതലത്തിൽ ഒരു ബില്യൺ ഡോളറിലധികം നേടി.
Content Highlights: Spiderman 4 title announced