
മഞ്ഞുമ്മല്‍ ബോയ്‌സില്‍ പ്രസാദ് എന്ന ഡ്രൈവര്‍ കഥാപാത്രമായി മികച്ച പ്രകടനമായിരുന്നു സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍ നടത്തിയത്. ഖാലിദ് റഹ്‌മാനെ 'ഡ്രൈവര്‍ ചേട്ടനായി' മാത്രം ചില റിവ്യൂവേഴ്‌സ് പരിചയപ്പെടുത്തിയത് പ്രേക്ഷകരില്‍ നിന്നും അന്ന് വലിയ വിമര്‍ശനം പോലും ഏറ്റുവാങ്ങിയിരുന്നു.
മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം എന്തുകൊണ്ട് പിന്നീട് സിനിമകളില്‍ അഭിനയിച്ചില്ല എന്ന ചോദ്യത്തിന് രസകരമായ മറുപടി നല്‍കിയിരിക്കുകയാണ് ഖാലിദ് റ്ഹമാന്‍ ഇപ്പോള്‍. 'ആരും വിളിച്ചില്ല ചേട്ടാ' എന്നായിരുന്നു ക്യു സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ ഖാലിദ് റഹ്‌മാന്‍ പറഞ്ഞത്. ചിത്രത്തില്‍ അഭിനയിച്ചതിന്റെ അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു.
'മഞ്ഞുമ്മല്‍ ബോയ്‌സ് പോലൊരു സിനിമയില്‍, നമുക്ക് ഏറെ ഇഷ്ടപ്പെട്ടവരുടെ കൂടെ, ഒരു സിനിമയ്‌ക്കൊപ്പം മുഴുവന്‍ സമയമവും ഭാഗമാവുക എന്നത് നല്ല രസമുള്ള കാര്യമാണ്. നല്ല ടെക്‌നീഷ്യന്‍സാണ് നമ്മളെ സംവിധാനം ചെയ്യുന്നതും ക്യാമറയില്‍ പകര്‍ത്തുന്നതും. കംഫര്‍ട്ട് സോണാണ്, അവരെ പൂര്‍ണമായി വിശ്വസിക്കാനും കഴിയും. നമ്മുടെ പെര്‍ഫോമന്‍സ് മോശമായാല്‍ അവരത് ചൂണ്ടിക്കാണിക്കുകയും ചെയ്യും.
നമുക്ക് സീനില്ലാത്ത സമയത്ത് പുറത്തോ കാരവാനിലോ കാത്തിരിക്കുക എന്നതാണ് അഭിനയത്തെ സംബന്ധിച്ചിടത്തോളം എനിക്ക് ഏറ്റവും ബോറടിപ്പിക്കുന്ന,ബുദ്ധിമുട്ടുള്ള കാര്യം. പണി നടക്കുന്ന ഒരു സ്ഥലത്ത് പണിയില്ലാതെ ഇരിക്കുന്നത് ബുദ്ധിമുട്ടാണല്ലോ,' ഖാലിദ് റഹ്‌മാന്‍ പറഞ്ഞു. അഭിനയത്തിനായി ഇറങ്ങിതിരിക്കാന്‍ പ്ലാന്‍ ഇല്ലെങ്കിലും ഏതെങ്കിലും രസകരമായ വേഷങ്ങള്‍ വന്നാല്‍ ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നോര്‍ത്ത് 24 കാതം, സപ്തമശ്രീ തസ്‌കര,പറവ, മായാനന്ദി,സുലൈഖ മന്‍സില്‍ എന്നീ സിനിമകളില്‍ അതിഥി വേഷത്തിലും വളരെ ചെറിയ സീനുകളിലും ഖാലിദ് ക്യാമറയ്ക്ക് മുന്‍പിലെത്തിയിരുന്നു. ഇവയില്‍ പലതിലും അദ്ദേഹം അസിസ്റ്റന്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചിരുന്നു.
അതേസമയം, അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലവ്, തല്ലുമാല എന്നീ വ്യത്യസ്ത ഴോണറുകളിലെത്തി ഹിറ്റായ ചിത്രങ്ങള്‍ക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ആലപ്പുഴ ജിംഖാന എന്ന ചിത്രം റിലീസിന് തയ്യാറെടുത്തിരിക്കുകയാണ്. ഏപ്രില്‍ പത്തിനാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്.
Content Highlights: Khalid Rahman about why he hasn't acted in films after Manjummel Boys