
വിവാദങ്ങള്‍ക്കിടെ എമ്പുരാന്‍ റീ എഡിറ്റഡ് വേര്‍ഷന്‍ ഇന്ന് തിയറ്ററുകളില്‍. ആദ്യ ഭാഗങ്ങളിലെ 2 മിനിറ്റ് 8 സെക്കന്റ് രംഗം വെട്ടി മാറ്റിയാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗം ഒഴിവാക്കി. വിവാദമായ വില്ലന്റെ ബജ്രംഗി എന്ന പേര് മാറ്റിയും ചില സ്ഥലത്തിന്റെ പേരും അന്വേഷണ ഏജന്‍സികളുടെ ബോര്‍ഡും വെട്ടിമാറ്റിയാണ് റീഎഡിറ്റിംഗ്.
അതേസമയം, ചിത്രത്തിലെ ആദ്യ 20 മിനിറ്റ് നീക്കം ചെയ്യാനായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പിന്നീടുള്ള ചര്‍ച്ചയില്‍ ചില ഭാഗങ്ങള്‍ മാത്രം എഡിറ്റ് ചെയ്താല്‍ മതിയെന്ന് തീരുമാനമാവുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആസ്വാദനത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന വിലയിരുത്തലിലാണ് അണിയറ പ്രവര്‍ത്തകര്‍. റീ എഡിറ്റ് ഒറ്റകെട്ടായി എടുത്ത തീരുമാനം എന്ന് മോഹന്‍ലാല്‍ പറയുമ്പോഴും തിരക്കഥകൃത്ത്
മുരളി ഗോപി വിയോജിപ്പുണ്ട് എന്നാണ് വിവരം. വിവാദങ്ങളില്‍ പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് മുരളി ഗോപി.
മാര്‍ച്ച് 27ന് റിലീസായ എമ്പുരാന്‍ സിനിമയ്ക്കെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നും വലിയ എതിര്‍പ്പും സൈബര്‍ അറ്റാക്കും ഉണ്ടായതിനെ തുടര്‍ന്ന് ചില രംഗങ്ങള്‍ നീക്കം ചെയ്യാന്‍ തയ്യാറായതായി മോഹന്‍ലാലും അണിയറപ്രവര്‍ത്തകരും അറിയിച്ചിരുന്നു. ഗുജറാത്ത് കലാപത്തിന്റെ റഫറന്‍സുള്ള രംഗങ്ങളായിരുന്നു സംഘപരിവാറില്‍ നിന്നും വിമര്‍ശനമുണ്ടാക്കിയത്. ഇതേതുടര്‍ന്ന് ഖേദം പ്രകടിപ്പിച്ചുകൊണ്ട് മോഹന്‍ലാല്‍ പങ്കുവെച്ച കുറിപ്പ് സംവിധായകന്‍ പൃഥ്വിരാജ്, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. മുരളി ഗോപി ഈ കുറിപ്പ് ഷെയര്‍ ചെയ്യുകയോ പ്രതികരിക്കുകയോ ചെയ്തിരുന്നില്ല.
അതേസമയം, സിനിമയ്ക്ക് വലിയ പിന്തുണയും വിവിധ കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. മുഖ്യമന്ത്രിയും മറ്റ് ഇടതുപക്ഷ നേതാക്കളും വി ഡി സതീശനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും സിനിമ കണ്ടുകൊണ്ട് തന്നെ പിന്തുണ അറിയിച്ചിരുന്നു. സാഹിത്യ-സാംസ്‌കാരിക മേഖലകളില്‍ നിന്നും സിനിമയ്ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്.
റീഎഡിറ്റിന്റെയോ റീ സെന്‍സറിങ്ങിന്റെ ആവശ്യമില്ലെന്നും സംഘപരിവാറിന്റേത് ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റവും ചരിത്രം പറയാന്‍ സമ്മതിക്കാതിരിക്കലുമാണ് എന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.
വിവാദങ്ങള്‍ക്കിടെ ബോക്‌സ് ഓഫീസില്‍ വലിയ നേട്ടമാണ് എമ്പുരാന്‍ ഉണ്ടാക്കുന്നത്. റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിട്ടപ്പോള്‍ ചിത്രം 200 കോടി ക്ലബ്ബിലെത്തി. നാലേകാല്‍ ലക്ഷം ടിക്കറ്റുകളാണ് വിറ്റ് പോയത്. 48 മണിക്കൂറുകള്‍ക്കുള്ളില്‍ ചിത്രം 100 കോടി ക്ലബ്ബിലെത്തിയിരുന്നു.
Content Highlights: Empuraan movie reedited version hits theatre