എന്റെ 7 തിയേറ്ററിലും എമ്പുരാൻ ഹൗസ്ഫുൾ, 40 വർഷത്തെ സിനിമാ ജീവിതത്തിൽ ഇതാദ്യം: ലിബർട്ടി ബഷീർ

'വിമർശിക്കുന്നവർക്കുള്ള മറുപടി കൂടിയാണ് എമ്പുരാൻ സിനിമയുടെ ഈ വിജയം'

dot image

റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോഴും മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാൻ തന്റെ ഏഴ് തിയേറ്ററുകളിലും ഹൗസ്ഫുള്ളായി പ്രദർശനം തുടരുന്നുവെന്ന് നിർമാതാവും തിയേറ്റർ ഉടമയുമായ ലിബർട്ടി ബഷീർ. തന്റെ 40 വർഷത്തെ സിനിമാ ജീവിതത്തിൽ ഇത് ആദ്യത്തെ സംഭവമാണ്. വിമർശകർക്കുള്ള മറുപടി കൂടിയാണ് എമ്പുരാന്റെ ഈ വിജയമെന്നും ലിബർട്ടി ബഷീർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

'എന്റെ നാൽപ്പത് വർഷത്തെ സിനിമാ തിയ്യേറ്റർ ജീവിതത്തിൽ ആദ്യമായിട്ടാണ് റിലീസ് ആയിട്ട് അഞ്ചു ദിവസവും എന്റെ ഏഴ് തീയ്യേറ്ററിലും ഹൗസ്ഫുൾ ഷോയാണ് നടന്ന് പോകുന്നത്. അടുത്ത ആഴ്ചയിലേക്കുള്ള ടിക്കറ്റും ബുക്കിങ്ങും ഫുള്ളായി പോകുകയാണ്. ഇത് ആദ്യ സംഭവമാണ്. ഇത്തരം സിനിമകൾ മലയാളത്തിൽ ഉണ്ടാകുമ്പോൾ അതിനെ വിമർശിക്കുന്നവർക്കുള്ള മറുപടി കൂടിയാണ് എമ്പുരാൻ സിനിമയുടെ ഈ വിജയം,' എന്ന് ലിബർട്ടി ബഷീർ കുറിച്ചു.

അതേസമയം എമ്പുരാന്റെ റീ എഡിറ്റ് വേർഷൻ ഇന്ന് മുതൽ തിയേറ്ററുകളിലെത്തും. ആദ്യ ഭാഗങ്ങളിലെ 2 മിനിറ്റ് 8 സെക്കന്റ് രംഗം വെട്ടി മാറ്റിയാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗം ഒഴിവാക്കി. വിവാദമായ വില്ലന്റെ ബജ്രംഗി എന്ന പേര് മാറ്റിയും ചില സ്ഥലത്തിന്റെ പേരും അന്വേഷണ ഏജന്‍സികളുടെ ബോര്‍ഡും വെട്ടിമാറ്റിയാണ് റീഎഡിറ്റിംഗ്.

ആസ്വാദനത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന വിലയിരുത്തലിലാണ് അണിയറ പ്രവര്‍ത്തകര്‍. റീ എഡിറ്റ് ഒറ്റകെട്ടായി എടുത്ത തീരുമാനം എന്ന് മോഹന്‍ലാല്‍ പറയുമ്പോഴും തിരക്കഥകൃത്ത് മുരളി ഗോപി വിയോജിപ്പുണ്ട് എന്നാണ് വിവരം. വിവാദങ്ങളില്‍ പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് മുരളി ഗോപി.

മാര്‍ച്ച് 27ന് റിലീസായ എമ്പുരാന്‍ സിനിമയ്ക്കെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നും വലിയ എതിര്‍പ്പും സൈബര്‍ അറ്റാക്കും ഉണ്ടായതിനെ തുടര്‍ന്ന് ചില രംഗങ്ങള്‍ നീക്കം ചെയ്യാന്‍ തയ്യാറായതായി മോഹന്‍ലാലും അണിയറപ്രവര്‍ത്തകരും അറിയിച്ചിരുന്നു. ഗുജറാത്ത് കലാപത്തിന്റെ റഫറന്‍സുള്ള രംഗങ്ങളായിരുന്നു സംഘപരിവാറില്‍ നിന്നും വിമര്‍ശനമുണ്ടാക്കിയത്. ഇതേതുടര്‍ന്ന് ഖേദം പ്രകടിപ്പിച്ചുകൊണ്ട് മോഹന്‍ലാല്‍ പങ്കുവെച്ച കുറിപ്പ് സംവിധായകന്‍ പൃഥ്വിരാജ്, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. മുരളി ഗോപി ഈ കുറിപ്പ് ഷെയര്‍ ചെയ്യുകയോ പ്രതികരിക്കുകയോ ചെയ്തിരുന്നില്ല.

Content Highlights: Liberty Basheer says that Empuraan is still housefull

dot image
To advertise here,contact us
dot image