
മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ എമ്പുരാന്റെ ഫസ്റ്റ് ഷോ ആരാധകര്‍ക്കൊപ്പമിരുന്ന് എറണാകുളത്തെ ഒരു തിയേറ്ററില്‍ നിന്നാണ് കണ്ടത്. മോശം പ്രൊജക്ഷനും സൗണ്ട് സിസ്റ്റവും കാരണം സിനിമയിലെ പല ഫ്രെയിമുകളുടെയും ഭംഗി ആര്‍ക്കും ആസ്വദിക്കാന്‍ സാധിച്ചില്ലെന്നും തിയേറ്ററിന് ക്വാളിറ്റി ഇല്ലാത്തത് കൊണ്ട് ഒന്നും കേൾക്കാനും കാണാനും സാധിക്കാത്തതിൽ വിഷമം ഉണ്ടായെന്നും പറയുകയാണ് സിനിമയുടെ ഛായാഗ്രഹനായ സുജിത് വാസുദേവ്. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
‘ലാല്‍ സാറും ബാക്കി ക്രൂ മെമ്പേഴ്‌സുമെല്ലാം ഫാന്‍സിന്റെ കൂടെയിരുന്നാണ് പടം കണ്ടത്. പക്ഷേ, സ്‌ക്രീനിന് ക്ലാരിറ്റിയുമില്ല, സൗണ്ടിന് ക്ലിയറുമില്ല എന്ന അവസ്ഥയായിരുന്നു ആ തിയേറ്ററില്‍. പല സീനുകളുടെയും ഭംഗി ആസ്വദിക്കാന്‍ സാധിച്ചില്ല. ഓരോ തിയേറ്ററിന് വേണ്ടിയും സെപ്പറേറ്റ് ഔട്ട് നമുക്ക് കൊടുക്കാന്‍ സാധിക്കില്ലല്ലോ.
'അവിടെ ഇങ്ങനെയാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ രണ്ട് സ്‌ട്രോക്ക് കൂട്ടിയിട്ടുള്ള പ്രിന്റ് കൊടുത്തേനെ. നമ്മള്‍ ഇത്രയും വലിയൊരു സിനിമ ചെയ്തിട്ട് അത് തിയേറ്ററിലെത്തുമ്പോള്‍ ഒന്നും കാണാനോ കേള്‍ക്കാനോ പറ്റില്ലെന്ന് അറിയുമ്പോള്‍ വിഷമം വരില്ലേ', എന്ന് പ്രതികരിച്ച സുജിത് വാസുദേവ് തിയേറ്റർ ഉടമയോട്, എത്രയും പെട്ടെന്ന് സ്‌ക്രീനിന് വേണ്ടി നല്ലൊരു പ്രൊജക്ടര്‍ വാങ്ങിച്ച് വെക്കണമെന്നേ തനിക്ക് പറയാനുള്ളൂ എന്നും പ്രതികരിച്ചു.
അതേസമയം, മാര്‍ച്ച് 27ന് റിലീസായ എമ്പുരാന്‍ സിനിമയ്ക്കെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നും വലിയ എതിര്‍പ്പും സൈബര്‍ അറ്റാക്കും ഉണ്ടായതിനെ തുടര്‍ന്ന് ചില രംഗങ്ങള്‍ നീക്കം ചെയ്യാന്‍ തയ്യാറായതായി മോഹന്‍ലാലും അണിയറപ്രവര്‍ത്തകരും അറിയിച്ചിരുന്നു. ഗുജറാത്ത് കലാപത്തിന്റെ റഫറന്‍സുള്ള രംഗങ്ങളായിരുന്നു സംഘപരിവാറില്‍ നിന്നും വിമര്‍ശനമുണ്ടാക്കിയത്. ഇതേതുടര്‍ന്ന് ഖേദം പ്രകടിപ്പിച്ചുകൊണ്ട് മോഹന്‍ലാല്‍ പങ്കുവെച്ച കുറിപ്പ് സംവിധായകന്‍ പൃഥ്വിരാജ്, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.
Content Highlights: Sujith Vasudev says the theater where he watched the first show of Empuraan lacked quality