
എമ്പുരാൻ വിവാദത്തിൽ പ്രതികരിച്ച് നടി ഷീല. എമ്പുരാൻ നല്ല സിനിമയാണെന്നും നടന്ന കാര്യങ്ങൾ ആണ് സിനിമയിൽ ഉള്ളതെന്നും ഷീല അഭിപ്രായപ്പെട്ടു. മാങ്ങയുള്ള മരത്തിലെ കല്ലെറിയൂ. വേറെ ചിന്തയില്ലാതെ പൃഥ്വിരാജ് എടുത്ത ചിത്രമാണ് എമ്പുരാൻ. ആളുകൾ പറയുന്തോറും സിനിമയ്ക്ക് അത് ഫ്രീ പബ്ലിസിറ്റിയാണെന്നും വാർത്താസമ്മേളനത്തിൽ ഷീല പറഞ്ഞു.
അതേസമയം, വിവാദങ്ങൾക്കിടെ എമ്പുരാൻ റീ എഡിറ്റഡ് വേർഷൻ ഇന്ന് തിയറ്ററുകളിലെത്തി. ആദ്യ ഭാഗങ്ങളിലെ 2 മിനിറ്റ് 8 സെക്കന്റ് രംഗം വെട്ടി മാറ്റിയാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ഗർഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗം ഒഴിവാക്കി. വിവാദമായ വില്ലന്റെ ബജ്രംഗി എന്ന പേര് മാറ്റിയും ചില സ്ഥലത്തിന്റെ പേരും അന്വേഷണ ഏജൻസികളുടെ ബോർഡും വെട്ടിമാറ്റിയാണ് റീഎഡിറ്റിംഗ്.
ചിത്രത്തിലെ ആദ്യ 20 മിനിറ്റ് നീക്കം ചെയ്യാനായിരുന്നു സെൻസർ ബോർഡിന്റെ നിർദേശമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ പിന്നീടുള്ള ചർച്ചയിൽ ചില ഭാഗങ്ങൾ മാത്രം എഡിറ്റ് ചെയ്താൽ മതിയെന്ന് തീരുമാനമാവുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
മാർച്ച് 27-ന് റിലീസായ എമ്പുരാൻ സിനിമയ്ക്കെതിരെ സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്നും വലിയ എതിർപ്പും സൈബർ അറ്റാക്കും ഉണ്ടായതിനെ തുടർന്ന് ചില രംഗങ്ങൾ നീക്കം ചെയ്യാൻ തയ്യാറായതായി മോഹൻലാലും അണിയറപ്രവർത്തകരും അറിയിച്ചിരുന്നു. ഗുജറാത്ത് കലാപത്തിന്റെ റഫറൻസുള്ള രംഗങ്ങളായിരുന്നു സംഘപരിവാറിൽ നിന്നും വിമർശനമുണ്ടാക്കിയത്. എന്നാൽ വിവാദങ്ങൾക്കിടയിലും ബോക്‌സ് ഓഫീസിൽ വലിയ നേട്ടമാണ് എമ്പുരാൻ ഉണ്ടാക്കുന്നത്.
Content Highlights: Actor Sheela responds to Empuraan issue