
എമ്പുരാൻ എന്ന സിനിമയുടെ റിലീസിന് പിന്നാലെ സിനിമയുടെ സംഗീതത്തെക്കുറിച്ച് ചില കോണുകളിൽ നിന്ന് വിമർശനം ഉയരുന്നുണ്ട്. അത്തരത്തിൽ സിനിമയുടെ സംഗീത സംവിധായകൻ ദീപക് ദേവിനെ വിമർശിച്ചയാൾക്ക് ഗോപി സുന്ദർ നൽകിയ മറുപടി ശ്രദ്ധ നേടുകയാണ്. ദീപക് ദേവ് ഗംഭീര സംഗീതജ്ഞൻ ആണെന്നും അദ്ദേഹത്തെ വിമർശിക്കരുത് എന്നുമാണ് ഗോപി സുന്ദർ പറഞ്ഞത്.
കഴിഞ്ഞ ദിവസങ്ങളിൽ ദീപക് ദേവ് എമ്പുരാനിൽ ചെയ്തതും ഗോപി സുന്ദർ ചെയ്തതുമായ പശ്ചാത്തലസംഗീതങ്ങൾ താരതമ്യപ്പെടുത്തി സമൂഹ മാധ്യമങ്ങളിൽ ചർച്ചകളുയർന്നിരുന്നു. അത്തരത്തിൽ സാഗർ ഏലിയാസ് ജാക്കിയിലെ ബിജിഎമ്മിനെക്കുറിച്ച് വന്ന ഒരു കമന്റിനായിരുന്നു ഗോപി സുന്ദർ മറുപടി നൽകിയത്. 'ദേ ഇങ്ങനെ വേണം സാധനം ഇറക്കി വിടാൻ, അല്ലാതെ കുറേ അലറിച്ച മാത്രം പോരാ' എന്നായിരുന്നു കമന്റ്. ഇതിന് താഴെയായി 'സുഹൃത്തേ, എന്റെ പ്രിയ സഹോദരൻ ദീപക് അതി ഗംഭീര സംഗീതജ്ഞനാണ്. അത്തരമൊരു പ്രതിഭാശാലിയെ ഇങ്ങനെ ജഡ്ജ് ചെയ്യരുത്,' എന്നായിരുന്നു ഗോപി സുന്ദറിന്റെ മറുപടി.
കഴിഞ്ഞ ദിവസം എമ്പുരാൻ സിനിമയുടെ പശ്ചാത്തല സംഗീതത്തെക്കുറിച്ച് വരുന്ന വിമർശനങ്ങളിൽ ദീപക് ദേവ് നടത്തിയ പ്രതികരണവും ശ്രദ്ധ നേടിയിരുന്നു. തിയേറ്ററിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ സിനിമയുടെ പശ്ചാത്തല സംഗീതത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. പിന്നീട് സമൂഹ മാധ്യമങ്ങളിലൂടെ വിമർശനങ്ങൾ നേരിടാൻ തുടങ്ങി. ഈ കമന്റിടുന്നത് ഏത് തരത്തിലുള്ള വ്യക്തികളാണ് എന്ന് നോക്കിയപ്പോൾ അതിലൊക്കെ 0 പോസ്റ്റ്, 0 ഫോളോയിങ്, ലോക്ക്ഡ് പ്രൊഫൈല്‍ എന്ന സ്ഥിതിയാണെന്നായിരുന്നു ദീപക് ദേവ് ഒറിജിനല്‍സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
Content Highlights: Gopi Sundar says that Deepak Dev is a wonderful musician