
ലൂസിഫർ സിനിമയിൽ അനീഷ് മേനോൻ അവതരിപ്പിച്ച സുമേഷ് എന്ന കഥാപാത്രത്തിന് ഡബ്ബ് ചെയ്തത് താനായിരുന്നെവന്ന് തുറന്ന് പറഞ്ഞ് നടൻ മണിക്കുട്ടൻ. പലപ്പോഴും സംസാരിക്കുന്നതിനിടയിൽ ഇടയ്ക്ക് ട്രിവാൻഡ്രം ഭാഷ കയറി വരുമായിരുന്നുവെന്നും അധികം സംസാരിക്കില്ലെങ്കിലും രാജു അത് ശ്രദ്ധിച്ചിരുന്നുവെന്ന് മനസിൽ ആക്കിയത് സിനിമയിൽ ഡബ്ബ് ചെയ്യാൻ വിളിച്ചപ്പോഴാണെന്നും മണിക്കുട്ടൻ പറഞ്ഞു. കൗമുദി മൂവിയിക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ഞാൻ ലൂസിഫറിൽ ഡബ്ബ് ചെയ്തിരുന്നു. ലൂസിഫറിൽ നിന്ന് എമ്പുരാനിലേക്ക് വരുമ്പോൾ പ്രമോഷൻ കിട്ടിയ ആക്ടർ ഞാൻ മാത്രമേ ഉണ്ടാക്കുകയുള്ളൂ. അനീഷ് മേനോന് വേണ്ടിയാണ് ലൂസിഫറിൽ ഡബ്ബ് ചെയ്തിരുന്നത്. നന്നായി അഭിനയിക്കുന്ന ഡബ്ബ് ചെയ്യുന്ന നടനാണ് അനീഷ്. പക്ഷെ അദ്ദേഹത്തിന്റെ കോമ്പിനേഷൻ വരുന്നത് ബൈജു ചേട്ടനുമായാണ്. മാത്രവുമല്ല തിരുവന്തപുരം സ്ലാങ്ങിൽ സംസാരിക്കണം. ബൈജു ചേട്ടനുമായി ആ സ്ലാങ്ങിൽ പിടിച്ചു നിൽക്കാൻ അതിനടുത്ത് വരുന്ന ആരെങ്കിലും വേണം.
ഞങ്ങൾ ഷോയ്ക്ക് ഒരുമിച്ച് പോകുമ്പോൾ ഞാൻ സംസാരിക്കുമ്പോൾ ട്രിവാൻഡ്രം സ്ലാങ് വരും. ചിലരൊക്കെ കളിയാകുമെങ്കിലും ലൂസിഫറിലേക്ക് ഡബ്ബ് ചെയ്യാൻ വിളിച്ചപ്പോഴാണ് രാജു അത് ശ്രദ്ധിച്ചിരുന്നുവെന്ന് മനസിലായത്. രാജു അധികം സംസാരിക്കില്ല പക്ഷെ അദ്ദേഹം എല്ലാം നോട്ട് ചെയ്യും. എന്റെ പ്ലസ് പോയിന്റ് അതാണെന്ന് രാജു മനസിലാക്കിയിരുന്നു,' മണിക്കുട്ടൻ പറഞ്ഞു. ലൂസിഫറിന്റെ രണ്ടാം ഭാഗമായ ഈമ്പുരാനിൽ മണി എന്ന കഥാപാത്രത്തെയാണ് മണിക്കുട്ടൻ അവതരിപ്പിച്ചിരിക്കുന്നത്.
അതേസമയം, മാര്‍ച്ച് 27ന് റിലീസായ എമ്പുരാന്‍ സിനിമയ്ക്കെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നും വലിയ എതിര്‍പ്പും സൈബര്‍ അറ്റാക്കും ഉണ്ടായതിനെ തുടര്‍ന്ന് ചില രംഗങ്ങള്‍ നീക്കം ചെയ്യാന്‍ തയ്യാറായതായി മോഹന്‍ലാലും അണിയറപ്രവര്‍ത്തകരും അറിയിച്ചിരുന്നു. ഗുജറാത്ത് കലാപത്തിന്റെ റഫറന്‍സുള്ള രംഗങ്ങളായിരുന്നു സംഘപരിവാറില്‍ നിന്നും വിമര്‍ശനമുണ്ടാക്കിയത്. ഇതേതുടര്‍ന്ന് ഖേദം പ്രകടിപ്പിച്ചുകൊണ്ട് മോഹന്‍ലാല്‍ പങ്കുവെച്ച കുറിപ്പ് സംവിധായകന്‍ പൃഥ്വിരാജ്, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.
Content Highlights: manikuttan about lucifer movie