'എമ്പുരാനെ ഇന്ന് എതിർക്കുന്നവർ ആ സിനിമ കണ്ടിട്ട് അനുകൂലിച്ച് സംസാരിച്ചത് നമ്മുടെ മുന്നിലുണ്ട്': പ്രേംകുമാർ

'കലാകാരൻ്റെ ആവിഷ്കാരത്തിന് മുകളിൽ ഭരണകൂട താത്പര്യമാകാം, കത്രിക വെക്കുന്നതിനോടും അത്തരം സ്വാതന്ത്യത്തിന് മേൽ കടന്നുകയറ്റം നടത്തുന്നതിനോടും വ്യക്തിപരമായിട്ട് യോജിക്കുന്ന ആളല്ല ഞാൻ'

dot image

എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് ചലച്ചിത്ര അക്കാദമി ചെയർമാനും നടനുമായ പ്രേംകുമാർ. അതിരുകൾ ഇല്ലാത്ത ആവിഷ്കര സ്വാതന്ത്ര്യമാണ് ആവശ്യം. അതിനുമേൽ കത്രിക വെക്കുന്നതിനോട് യോജിപ്പില്ല ഏന് അദ്ദേഹം പറഞ്ഞു. എമ്പുരാനെ ഇപ്പോൾ വിമർശിക്കുന്നവർ ആദ്യം ഈ സിനിമയെ അനുകൂലിച്ചത് നമുക്ക് മുന്നിലുണ്ടെന്നും പ്രേംകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.

'ആ സിനിമയെ ഇന്നിപ്പോൾ എതിർക്കുന്നവർ പോലും ആ സിനിമ കണ്ടിട്ട് അനികൂലിച്ച് സംസാരിച്ചതൊക്കെ നമ്മുടെ മുന്നിലുണ്ട്. അപ്പോൾ എന്താണ് പെട്ടെന്ന് ഒരു പ്രകോപനം അവർക്ക് ഉണ്ടായതെന്ന് അറിയില്ല. അതിനകത്ത് ചിലപ്പോൾ രാഷ്ട്രീയം ഉണ്ടാകും. അതിലേക്കൊന്നും ഞാൻ പോകുന്നില്ല. കലാപ്രവർത്തകർക്ക് അതിരുകളില്ലാത്ത ആവിഷ്കാര സ്വാതന്ത്യം വേണം എന്നാഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. അത് കലാകാരന്റെ അവകാശം തന്നെയാണ്. ഇവിടെ ഈ സിനിമയെ സംബന്ധിച്ചിടത്തോളം എനിക്ക് വ്യക്തിപരമായി സെൻസറിങ് സംവിധാനങ്ങളോട് അനുഭാവം ഉള്ളയാളല്ല ഞാൻ. കലാകാരൻ്റെ ആവിഷ്കാരത്തിന് മുകളിൽ ഭരണകൂട താത്പര്യമാകാം, കത്രിക വെക്കുന്നതിനോടും അത്തരം സ്വാതന്ത്യത്തിന് മേൽ കടന്നുകയറ്റം നടത്തുന്നതിനോടും വ്യക്തിപരമായിട്ട് യോജിക്കുന്ന ആളല്ല ഞാൻ,' എന്ന് പ്രേംകുമാർ പറഞ്ഞു.

'അസഹിഷ്ണുത ഉള്ള സമൂഹം അല്ല കേരളത്തിൽ ഉള്ളത്. ഈ പറയുന്ന സിനിമയുടെ തന്നെ സൃഷ്ടാവായിട്ടുള്ള മുരളി ഗോപി അദ്ദേഹം മുമ്പ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമ ചെയ്തിരുന്നു. അത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ പരിഹസിച്ചു കൊണ്ടുള്ള സിനിമയായിരുന്നു. ആ സിനിമയെപ്പോലും സഹിഷ്ണുതയോടെ കണ്ട ഒരു സമൂഹമാണ് കേരളത്തിലുള്ളത്. അന്നാരും അത് റീസെൻസറിങ് ചെയ്യണമെന്നോ ചില ഭാഗങ്ങൾ ഒഴിവാക്കണമെന്നോ ആരും ആവശ്യപ്പെട്ടില്ല. അത് ആവിഷ്കാര സ്വാതന്ത്യമാണെന്ന് തന്നെയാണ് ഇവിടെയെല്ലാവരും സമീപിച്ചത്. മറ്റൊന്ന് എനിക്ക് പറയാനുള്ളത്, കല എന്നു പറയുന്നത് സമൂഹത്തിനെ മനുഷ്യരെ ഒരുമിപ്പിക്കുന്നതാകണം. അതൊരിക്കലും ഒരു ഭിന്നിപ്പിൻ്റെ തലത്തിലേക്ക് പോകരുത്. ഔചിത്യം എന്ന് പറയുന്നത് കലാപ്രവർത്തകരുടെ ഭാഗത്ത് നിന്നും ഉണ്ടാകണം. കലാസൃഷ്ടി ചെയ്യുമ്പോൾ ഔചിത്യം

ഉണ്ടാകേണ്ടതുണ്ട്,' എന്നും പ്രേംകുമാർ കൂട്ടിച്ചേർത്തു.

അതേസമയം, വിവാദങ്ങൾക്കിടെ എമ്പുരാൻ റീ എഡിറ്റഡ് വേർഷൻ ഇന്ന് തിയറ്ററുകളിലെത്തി. ആദ്യ ഭാഗങ്ങളിലെ 2 മിനിറ്റ് 8 സെക്കന്റ് രംഗം വെട്ടി മാറ്റിയാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ഗർഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗം ഒഴിവാക്കി. വിവാദമായ വില്ലന്റെ ബജ്രംഗി എന്ന പേര് മാറ്റിയും ചില സ്ഥലത്തിന്റെ പേരും അന്വേഷണ ഏജൻസികളുടെ ബോർഡും വെട്ടിമാറ്റിയാണ് റീഎഡിറ്റിംഗ്. ചിത്രത്തിലെ ആദ്യ 20 മിനിറ്റ് നീക്കം ചെയ്യാനായിരുന്നു സെൻസർ ബോർഡിന്റെ നിർദേശമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ പിന്നീടുള്ള ചർച്ചയിൽ ചില ഭാഗങ്ങൾ മാത്രം എഡിറ്റ് ചെയ്താൽ മതിയെന്ന് തീരുമാനമാവുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

Content Highlights: Premkumar comments on Empuraan movie issue

dot image
To advertise here,contact us
dot image