ഒരു കങ്കുവ കൊണ്ടൊന്നും സൂര്യയെ വീഴ്ത്താനാകില്ല, 'റെട്രോ' കേരള വിതരണാവകാശം വിറ്റത് കോടികൾക്കെന്ന് റിപ്പോർട്ട്

കങ്കുവയിലൂടെ സൂര്യയ്ക്ക് ഉണ്ടായ ക്ഷീണം റെട്രോ മാറ്റുമെന്നാണ് പരക്കെയുള്ള സംസാരം

dot image

സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് റെട്രോ. ആക്ഷനും റൊമാൻസും കൂടിക്കലർന്ന ചിത്രം സൂര്യയുടെ ഒരു വമ്പൻ തിരിച്ചുവരവാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ. കങ്കുവയിലൂടെ സൂര്യയ്ക്ക് ഉണ്ടായ ക്ഷീണം റെട്രോ മാറ്റുമെന്നാണ് പരക്കെയുള്ള സംസാരം. ടീസർ റിലീസിന് പിന്നാലെ വലിയ പ്രതീക്ഷയാണ് സിനിമയ്ക്ക് മേൽ ഉള്ളത്. ഇപ്പോഴിതാ സിനിമയുടെ കേരള വിതരണാവകാശത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

റെട്രോയുടെ കേരളാ വിതരണാവകാശം മലയാളത്തിന്റെ അനശ്വര നിര്‍മാതാവ് പി. സുബ്രഹ്‌മണ്യത്തിന്റെ ചെറുമകന്‍ സെന്തില്‍ സുബ്രഹ്‌മണ്യൻ നേതൃത്വം നൽകുന്ന വൈക മെറിലാന്‍ഡ് റിലീസ് കരസ്ഥമാക്കി. എൺപത്തി രണ്ടോളം സിനിമകള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുള്ള മെറിലാന്‍ഡ് സ്റ്റുഡിയോസ് വൻ തുകയ്ക്കാണ് റെട്രോയുടെ കേരളാ വിതരണാവകാശം കരസ്ഥമാക്കിയത്. മെയ് ഒന്നിനാണ് ചിത്രം പുറത്തിറങ്ങുന്നത്. സൂര്യയുടെ 44-ാം ചിത്രമായി ഒരുങ്ങുന്ന സിനിമയാണ് റെട്രോ. 1980കളില്‍ നടക്കുന്ന കഥയാണ് റെട്രോയുടേതെന്നാണ് സൂചന. പൂജ ഹെഗ്‌ഡെയാണ് സിനിമയിലെ നായിക. ജോജു ജോര്‍ജ്, ജയറാം, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും റെട്രോയില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ലവ് ലാഫ്റ്റർ വാർ' എന്നാണ് 'സിനിമയുടെ ടാഗ് ലൈൻ. ചിത്രത്തിൽ രണ്ട് ലുക്കിലാണ് സൂര്യയെത്തുന്നത്. സൂര്യയുടെ 2ഡി സിനിമാസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ചും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് സംഗീതം പകരുന്നത് സന്തോഷ് നാരായണനാണ്. നെറ്റ്ഫ്ലിക്സിന് ആണ് റെട്രോയുടെ സ്ട്രീമിം​ഗ് അവകാശം വാങ്ങിയിരിക്കുന്നത്. 80 കോടി രൂപയ്ക്കാണ് ഇവർ ചിത്രം വാങ്ങിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. സൂര്യ ചിത്രങ്ങളിലെ റെക്കോർഡ് തുകയാണിത്. ചിത്രം തീയേറ്ററിൽ റിലീസ് ചെയ്ത് എട്ട് ആഴ്ചയ്ക്ക് ശേഷമാകും ഒടിടിയിൽ എത്തുകയെന്നും റിപ്പോർട്ടുണ്ട്.

Content Highlights: Retro starring suriya kerala distribution sold

dot image
To advertise here,contact us
dot image