ഞാൻ കാരണമല്ല അവർ പിരിഞ്ഞത്, ഒരു ബന്ധവുമില്ലാത്ത പ്രശ്‌നത്തിലേക്കാണ് എന്റെ പേര് വലിച്ചിഴയ്ക്കുന്നത്; ദിവ്യഭാരതി

ജി വി പ്രകാശിന്റെ വിവാഹമോചനത്തിന് കാരണം ദിവ്യയാണെന്ന് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടി മറുപടിയുമായെത്തിയത്

dot image

സം​ഗീത സംവിധായകൻ ജി വി പ്രകാശ് കുമാറുമായി തനിക്ക് ബന്ധമുണ്ടെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി തമിഴ് നടി ദിവ്യഭാരതി. തനിക്ക് ബന്ധമില്ലാത്ത കാര്യങ്ങളിലേക്കാണ് തന്നെ വലിച്ചിഴയ്ക്കപ്പെടുന്നതെന്നും ഇത്തരം ആരോപണങ്ങളിലൂടെ തന്റെ പ്രശസ്തിക്ക് മങ്ങലേൽക്കാൻ അനുവദിക്കില്ലെന്നും ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിലൂടെ ദിവ്യഭാരതി പറഞ്ഞു. താനൊരിക്കലും ഒരു സിനിമാ നടനെ ഡേറ്റ് ചെയ്യില്ല, പ്രത്യേകിച്ചും വിവാഹിതനായ ഒരു നടനെ എന്നും നടി കൂട്ടിച്ചേർത്തു. ജി വി പ്രകാശിന്റെ വിവാഹമോചനത്തിന് കാരണം ദിവ്യയാണെന്ന് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടി മറുപടിയുമായെത്തിയത്.

'ഞാനുമായി യാതൊരു ബന്ധവുമില്ലാത്ത കുടുംബ പ്രശ്‌നത്തിലേക്കാണ് അനാവശ്യമായി എന്റെ പേര് വലിച്ചിഴയ്ക്കുന്നത്. ജി വി പ്രകാശിന്റെയും ഭാര്യയുടെയും കുടുംബ പ്രശ്‌നങ്ങളില്‍ എനിക്ക് യാതൊരു പങ്കുമില്ല. ഞാനൊരിക്കലും ഒരു സിനിമാ നടനെ ഡേറ്റ് ചെയ്യില്ല, പ്രത്യേകിച്ചും വിവാഹിതനായ ഒരു നടനെ. അടിസ്ഥാനരഹിതമായ ഗോസിപ്പുകളോട് പ്രതികരിക്കേണ്ട എന്ന് കരുതിയാണ് ഇത്രയും നാള്‍ മിണ്ടാതിരുന്നത്. പക്ഷേ ഇപ്പോൾ അഭ്യൂഹങ്ങൾ പരിധി കടന്നിരിക്കുന്നു. ഇത്തരം ആരോപണങ്ങളുന്നയിച്ച് എന്റെ പ്രശസ്തിക്ക് മങ്ങലേല്‍പ്പിക്കാന്‍ ഞാന്‍ അനുവദിക്കുകയില്ല. ഞാന്‍ ശക്തയും സ്വതന്ത്രയുമായ സ്ത്രീയാണ്. ഗോസിപ്പിന്റെ അടിസ്ഥാനത്തില്‍ എന്നെ നിര്‍വചിക്കരുത്. നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നതിന് പകരം നല്ല ഒരു ലോകം കെട്ടിപ്പടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. എന്റെ അതിർവരമ്പുകളെ മാനിക്കൂ. ഈ വിഷയത്തില്‍ എന്റെ ആദ്യത്തെയും അവസാനത്തെയും പ്രതികരണമാണിത്. നന്ദി', ദിവ്യഭാരതി പറഞ്ഞു.

ബാച്ച്ലർ, കിങ്സ്റ്റൺ എന്നീ ചിത്രങ്ങളിൽ ജി വി പ്രകാശും ദിവ്യഭാരതിയും ഒരുമിച്ചഭിനയിച്ചിരുന്നു. ദിവ്യഭാരതിയുമായി തനിക്ക് സൗഹൃദം മാത്രമേയുള്ളുവെന്നും അനാവശ്യ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും മുൻപ് ഒരഭിമുഖത്തിൽ ജി വി പ്രകാശ് പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം മെയിലാണ് സൈന്ധവിയുമായി വിവാഹമോചിതനാവുകയാണെന്ന് ജി വി പ്രകാശ് കുമാർ അറിയിച്ചത്. ഇതിനുശേഷം രണ്ടുപേരും ഒരു വേദിയിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത് ഏറെ ചർച്ചയായിരുന്നു.

Content Highlights: Actor Divyabharathi denies relationship with GV Prakash Kumar

dot image
To advertise here,contact us
dot image