'ഇത് തിയേറ്ററിൽ കേട്ടപ്പോൾ കിട്ടിയ ഫീൽ ഒന്ന് വേറെ'… എമ്പുരാനിലെ അസ്രേൽ ഗാനം പുറത്തുവിട്ടു

എമ്പുരാൻ സിനിമയുടെ മൂന്നാം ഭാഗത്തിന്റെ പേര് വെളിപ്പെടുത്തുന്ന ഗാനമാണിതെന്നാണ് സോഷ്യൽ മീഡിയയിൽ പരക്കെയുള്ള സംസാരം

dot image

മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ പുതിയ ചിത്രമാണ് എമ്പുരാൻ. ഒരു വശത്ത് വിവാദങ്ങളിൽ നിറയുമ്പോഴും സിനിമയുടെ ബോക്സ് ഓഫീസ് കുതിപ്പിന് ഒരു കുറവും സംഭവിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്ന കണക്കുകളാണ് പുറത്ത് വരുന്നത്. 200 കോടിയും കടന്ന് സിനിമ പുതു ചരിത്രങ്ങൾ നേടുകയാണ്. ഇപ്പോഴിതാ സിനിമയിലെ 'അസ്രേൽ' എന്ന ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

ഈ പാട്ട് തിയേറ്ററിൽ കേൾക്കുമ്പോഴുള്ള ഫീൽ ഒന്ന് വേറെ തന്നെ ആണെന്നാണ് കമന്റ് ബോക്സിൽ ആരാധകർ കുറിക്കുന്നത്. ദീപക് ദേവിന്റെ സംഗീത സംവിധാനത്തിനും മികച്ച അഭിപ്രായമാണുള്ളത്. മുരളി ഗോപിയാണ് പാട്ടിന്റെ വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഉഷാ ഉതുപ്പാണ് ഗാനം ആലപിച്ചിരിക്കുന്നത്. എമ്പുരാൻ സിനിമയുടെ മൂന്നാം ഭാഗത്തിന്റെ പേര് വെളിപ്പെടുത്തുന്ന ഗാനമാണിതെന്നാണ് സോഷ്യൽ മീഡിയയിൽ പരക്കെയുള്ള സംസാരം. അഭ്യുഹങ്ങൾ ശരിയാണെങ്കിൽ അസ്രേൽ എന്നാകും മൂന്നാം ഭാഗത്തിന്റെ പേര്.

അതേസമയം, മാര്‍ച്ച് 27ന് റിലീസായ എമ്പുരാന്‍ സിനിമയ്ക്കെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നും വലിയ എതിര്‍പ്പും സൈബര്‍ അറ്റാക്കും ഉണ്ടായതിനെ തുടര്‍ന്ന് ചില രംഗങ്ങള്‍ നീക്കം ചെയ്യാന്‍ തയ്യാറായതായി മോഹന്‍ലാലും അണിയറപ്രവര്‍ത്തകരും അറിയിച്ചിരുന്നു. ഇരുപതിലധികം ഭാഗങ്ങളിലാണ് എഡിറ്റിങ് നടത്തിയിരിക്കുന്നത്. ഗുജറാത്ത് കലാപത്തിന്റെ റഫറന്‍സുള്ള രംഗങ്ങളായിരുന്നു സംഘപരിവാറില്‍ നിന്നും വിമര്‍ശനമുണ്ടാക്കിയത്. ഇതേതുടര്‍ന്ന് ഖേദം പ്രകടിപ്പിച്ചുകൊണ്ട് മോഹന്‍ലാല്‍ പങ്കുവെച്ച കുറിപ്പ് സംവിധായകന്‍ പൃഥ്വിരാജ്, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.

Content Highlights:  Azrael song from Empuraan released

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us