
മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ പുതിയ ചിത്രമാണ് എമ്പുരാൻ. ഒരു വശത്ത് വിവാദങ്ങളിൽ നിറയുമ്പോഴും സിനിമയുടെ ബോക്സ് ഓഫീസ് കുതിപ്പിന് ഒരു കുറവും സംഭവിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്ന കണക്കുകളാണ് ഇപ്പോൾ വരുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ 113.94 K ടിക്കറ്റുകളാണ് സിനിമയുടേതായി ഓൺലൈൻ ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോയിൽ വിറ്റുപോയിരിക്കുന്നത്. ആശിർവാദ് സിനിമാസ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്.
Day 7 and trending!#L2E #Empuraan in theatres now!
— Aashirvad Cinemas (@aashirvadcine) April 3, 2025
Malayalam | Tamil | Hindi | Telugu | Kannada pic.twitter.com/1Tk1Myj62b
മാർച്ച് 27 നായിരുന്നു സിനിമ ആഗോളതലത്തിൽ റിലീസ് ചെയ്തത്. ആദ്യദിനം മുതൽ സിനിമ മികച്ച കളക്ഷനോടെയാണ് മുന്നേറുന്നത്. ആദ്യ ദിനത്തിൽ 67 കോടിയിലധികം നേടിയ സിനിമ 48 മണിക്കൂർ പിന്നിടും മുന്നേ ആഗോളതലത്തിൽ 100 കോടി ക്ലബിലുമെത്തിയിരുന്നു. സിനിമയുടെ ആഗോളകളക്ഷൻ ഇതിനകം 200 കോടിയിലധികമാണ്. എമ്പുരാൻ അഞ്ച് ദിവസം കൊണ്ടാണ് ആഗോള തലത്തിൽ 200 കോടി ക്ലബ്ബിൽ ഇടം പിടിച്ചത്.
ഇതിനിടയിൽ സിനിമയ്ക്കെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നും വലിയ എതിര്‍പ്പും സൈബര്‍ അറ്റാക്കും ഉണ്ടാവുകയും ഇതിന് പിന്നാലെ ചില രംഗങ്ങൾ സിനിമയിൽ നിന്ന് നീക്കം ചെയ്യുകയുമുണ്ടായി. 24 കട്ടുകളാണ് സിനിമയിൽ വരുത്തിയിരിക്കുന്നത്. സ്ത്രീകൾക്ക് എതിരായ അതിക്രമ സീനുകൾ മുഴുവനായി ഒഴിവാക്കുകയും മതചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനങ്ങൾ കടന്നു പോകുന്ന സീൻ വെട്ടി നീക്കുകയും ചെയ്തിട്ടുണ്ട്. വിവാദമായ വില്ലന്റെ ബജ്രംഗി എന്ന പേര് ബൽദേവ് എന്നാക്കി മാറ്റിയിട്ടുണ്ട്. ഇതിന് പുറമെ സിനിമയിലെ നന്ദി കാർഡിൽ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ഒഴിവാക്കിട്ടുമുണ്ട്.
അതേസമയം ഒരു മൂന്നാം ഭാഗത്തിന്റെ സാധ്യതകൾ ബാക്കിവെച്ചാണ് സിനിമ അവസാനിക്കുന്നത്. ഈ വിവാദങ്ങൾക്കിടെ ഒരു മൂന്നാം ഭാഗമുണ്ടാകുമോ എന്ന ചോദ്യം ഉയർന്നിരുന്നുവെങ്കിലും ചിത്രം ഉണ്ടാകുമെന്ന നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഉറപ്പ് വന്നതോടെ ഈ ചർച്ചകൾ അവസാനിക്കുകയും ചെയ്തു. സിനിമയുടെ പേര് 'അസ്രയേല്‍' എന്നായിരിക്കും എന്ന സൂചനകൾ സംഗീത സംവിധായകൻ ദീപക് ദേവും നൽകിയിട്ടുണ്ട്.
Content Highlights: Empuraan ticket sale in Book My Show