
ആര്യ, പുഷ്പ, പുഷ്പ 2 എന്നീ സിനിമകളിലൂടെ പ്രസ്തനായ തെലുങ്ക് സംവിധായകനാണ് സുകുമാർ. അല്ലു അർജുനെ നായകനാക്കി ഒരുക്കിയ പുഷ്പ 2 ആണ് ഏറ്റവുമൊടുവിൽ തിയേറ്ററിലെത്തിയ അല്ലു അർജുൻ ചിത്രം. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ നിന്നും 1800 കോടിയോളമാണ് നേടിയത്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ സുകുമാർ നൽകിയ ഉത്തരമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
തമിഴിൽ 2000 കോടിയുടെ ഒരു സിനിമയെടുക്കണമെങ്കിൽ ആരെ നായകനാകും എന്ന ചോദ്യത്തിന് തനിക്ക് വിജയ്‌യെയും അജിത്തിനെയും കാർത്തിയെയും വളരെ ഇഷ്ടമാണെന്നും അത്തരമൊരു സിനിമ ആലോചിക്കുന്നുണ്ടെങ്കിൽ അവരെ വെച്ചാകും എടുക്കുകയെന്നും സുകുമാർ പറഞ്ഞു. സുകുമാറിന്റെ ഉത്തരത്തെ വലിയ കയ്യടികളോടെയാണ് പ്രേക്ഷകർ വരവേറ്റത്. അതേസമയം, ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഇന്ത്യൻ സിനിമകളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് പുഷ്പ 2. 2000 കോടിക്ക് മുകളിൽ നേടിയ ആമിർ ഖാൻ ചിത്രം ദംഗലാണ് പുഷ്പക്ക് മുന്നിലുള്ള സിനിമ. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിർമിച്ചത്. ആഗോളതലത്തിൽ അല്ലു അർജുന്റെ കരിയറിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ സിനിമയാണ് പുഷ്പ 2.
പുഷ്പ ആദ്യഭാഗം ആഗോളതലത്തില്‍ 350 കോടിയോളം രൂപയായിരുന്നു നേടിയിരുന്നത്. ഈ തുക രണ്ട് ദിവസം കൊണ്ട് പുഷ്പ 2 മറികടന്നിരുന്നു. ആദ്യദിനത്തില്‍ മാത്രം സിനിമ ആഗോളതലത്തില്‍ 294 കോടിയായിരുന്നു നേടിയത്. ഇതും റെക്കോര്‍ഡായിരുന്നു. എല്ലാ കോണുകളിൽ നിന്നും ഗംഭീര അഭിപ്രായങ്ങൾ ലഭിച്ച പുഷ്പ 2വിന് പക്ഷെ കേരളത്തിൽ വലിയ നേട്ടമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. മോശം പ്രതികരണമായിരുന്നു സിനിമയ്ക്ക് ഇവിടെ നിന്നും ലഭിച്ചത്. ചിത്രമിപ്പോൾ നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലാണ് ചിത്രം ഒടിടിയിലെത്തിയത്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സുനില്‍, ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlights: Pushpa director Sukumar's reply goes viral on social media