
ബോളിവുഡ് താരം സൽമാൻ ഖാൻ നായകനായെത്തിയ പുതിയ ചിത്രമാണ് സിക്കന്ദർ. വലിയ പ്രതീക്ഷയിൽ വമ്പൻ ബജറ്റിൽ എത്തിയ സിനിമയ്ക്ക് തിയേറ്ററുകളിൽ തണുപ്പൻ പ്രതികരണമാണ് നേടാനാകുന്നത്. ഈ പ്രതികരണത്തിൽ തന്റെ നിരാശ പങ്കുവെച്ചെത്തിയിരിക്കുകയാണ് സൽമാൻ ഇപ്പോൾ.
മറ്റുള്ള ബോളിവുഡ് താരങ്ങളുടെ സിനിമകൾ താൻ പ്രമോട്ട് ചെയ്യാറുണ്ട്. എന്നാൽ തന്റെ സിനിമകളുടെ കാര്യം വരുമ്പോൾ ബോളിവുഡ് മൗനം പാലിക്കുകയാണെന്ന് നടൻ പറഞ്ഞു. 'ചിലപ്പോൾ അവർ ചിന്തിക്കുന്നത് എനിക്ക് പിന്തുണയുടെ ആവശ്യമില്ലെന്നായിരിക്കും. എല്ലാവര്ക്കും പിന്തുണ ആവശ്യമാണ്, എനിക്കും,' എന്ന് സൽമാൻ ഖാൻ പറഞ്ഞു.
സിനിമയ്ക്ക് എല്ലാ കോണുകളിൽ നിന്നും തണുപ്പൻ പ്രതികരണമാണ് ലഭിക്കുന്നത്. കാലഹരണപ്പെട്ട തിരക്കഥയാണ് ചിത്രത്തിന്‍റെതെന്നും അതിനാല്‍ തന്നെ തുടക്കം മുതല്‍ ഒടുക്കം വരെ ബോറടിപ്പിക്കുന്ന ചിത്രമാണ് സിക്കന്ദർ എന്നുമാണ് അഭിപ്രായങ്ങൾ. സിനിമയുടെ മ്യൂസിക്കിനും വലിയ വിമർശനങ്ങളാണ് ലഭിക്കുന്നത്. സന്തോഷ് നാരായണൻ നൽകിയ സിനിമയുടെ പശ്ചാത്തല സംഗീതം കഥയുമായി ചേർന്ന് പോകുന്നതല്ലെന്നും ഗാനങ്ങൾ നിരാശപ്പെടുത്തിയെന്നും പ്രേക്ഷകർ പറയുന്നു.
റിലീസിന് മുൻപ് തന്നെ സിനിമയുടെ വ്യാജപതിപ്പ് ഇറങ്ങിയതും സിക്കന്ദറിന് വിനയായിട്ടുണ്ട്. തമിഴ്‌റോക്കേഴ്‌സ്, തമിഴ്എംവി എന്നീ വെബ്‌സൈറ്റുകൾക്കും പുറമേ ടെലഗ്രാം ആപ്പിലും വ്യാജപതിപ്പ് പ്രചരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. സബ്ടൈറ്റിൽ ഉൾപ്പെടെയുള്ള എച്ച്ഡി പ്രിന്റ് ആണ് പ്രചരിക്കുന്നത്. ചിത്രത്തിന്റെ വ്യാജ പ്രിന്റ് കാണുന്ന വീഡിയോ പലരും എക്സിലൂടെ പങ്കുവെച്ചിട്ടുണ്ട്.
സൽമാനോടൊപ്പം രശ്മിക മന്ദാന, സത്യരാജ്, ഷര്‍മാന്‍ ജോഷി, പ്രതീക് ബബ്ബർ, കാജൽ അഗർവാൾ എന്നിവരടങ്ങിയ താരനിര സിക്കന്ദറിൽ അണിനിരക്കുന്നുണ്ട്. സാജിദ് നദിയാദ്‌വാലയുടെ സാജിദ് നദിയാദ്‌വാല ഗ്രാന്‍റ് സണ്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Content Highlights: Salman Khan Opens Up About Bollywood's Silence On Sikandar