
'ആർആർആർ' എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം മഹേഷ് ബാബുവുമൊത്തുള്ള അടുത്ത സിനിമയുടെ പണിപ്പുരയിലാണ് എസ് എസ് രാജമൗലി. 'എസ്എസ്എംബി 29' എന്ന് താല്‍കാലിക ടൈറ്റില്‍ നല്‍കിയിട്ടുള്ള സിനിമയില്‍ പ്രിയങ്ക ചോപ്രയാണ് നായികയായി എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുന്നതിന് മുൻപ് ഒരു രസകരമായ പോസ്റ്റുമായി രാജമൗലി എത്തിയിരുന്നു. ഇപ്പോഴിതാ അതിന് മറുപടിയുമായി എത്തിയിരിക്കുകയുമാണ് നടൻ മഹേഷ് ബാബു.
ടാന്‍സാനിയയിലെ സെരെന്‍ഗെട്ടി ദേശീയോദ്യാനത്തിലെ രാജാവ് എന്ന് അറിയപ്പെട്ടിരുന്ന ബോബ് ജൂനിയര്‍ എന്ന സിംഹത്തിന്റെ ചിത്രത്തിന്റെ മുന്നില്‍ കൈയിലൊരു പാസ്‌പോര്‍ട്ടുമായി നില്‍ക്കുന്ന രാജമൗലിയുടെ ചെറിയ ഒരു വീഡിയോയാണ് അദ്ദേഹം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ മുൻപ് പുറത്തുവിട്ടത്. ഇത് നടൻ മഹേഷ് ബാബുവിനെ തന്റെ പിടിയിലാക്കി എന്നാണ് സംവിധായകന്‍ ഉദ്ദേശിച്ചിരിക്കുന്നത് എന്നായിരുന്നു ആരാധകരുടെ കണ്ടെത്തല്‍. ഇതിന് മറുപടിയുമായിട്ടാണ് ഇപ്പോൾ മഹേഷ് ബാബു എത്തിയത്. തന്റെ മകളുമൊത്ത് എയർപോർട്ടിലേക്ക് കടന്ന് വരുമ്പോൾ കാമറയുമായി നിന്ന പാപ്പരാസികൾക്ക് നേരെ തന്റെ പാസ്പോർട്ട് ഉയർത്തിക്കാട്ടിയാണ് മഹേഷ് ബാബു മറുപടി നൽകിയത്. വളരെപ്പെട്ടെന്ന് തന്നെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
Babu 😂❤️#SSMB29
— Thyview (@Thyview) April 5, 2025
pic.twitter.com/uV5uLNLt7y
പൃഥ്വിരാജ് സുകുമാരനും സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 2028-ലായിരിക്കും ചിത്രം റിലീസിനെത്തുക. ചിത്രത്തിന്റെ ഷൂട്ടിന്റെ ആദ്യ ഷെഡ്യൂൾ നേരത്തെ പൂർത്തിയായിരുന്നു. ചിത്രത്തിന്റെ സഹനിർമാതാവ് കൂടിയായ മഹേഷ് ബാബു സിനിമയ്ക്കായി പ്രതിഫലം വാങ്ങുന്നില്ലെന്ന റിപ്പോർട്ടുകളുമുണ്ട്. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് 'എസ്എസ്എംബി 29'ന് തിരക്കഥ ഒരുക്കുന്നത്. ഇന്ത്യൻ സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്തതാകും ചിത്രത്തിന്റെ തിയേറ്റർ അനുഭവമെന്നാണ് വിജയേന്ദ്ര പ്രസാദ് പറഞ്ഞത്. എം എം കീരവാണിയാണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
Content Highlights: Mahesh Babu reply video to SS Rajamouli