
എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി പൃഥ്വിരാജ് ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചു. മേജർ രവിക്കെതിരെ ആഞ്ഞടിച്ച് പൃഥ്വിരാജ് അസോസിയേഷനും. നേരത്തെ മോഹൻലാൽ ഫാൻസും മേജർ രവി നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ രംഗത്ത് വന്നിരുന്നു.
റിലീസ് ദിവസം അണിയറ പ്രവർത്തകരോടൊപ്പം ചിത്രം കാണുകയും പിറ്റേദിവസം ഓന്തിന്റെ സ്വഭാവം പോലെ സോഷ്യൽ മീഡിയയിൽ ലൈവിൽ അത് മാറ്റി പറയുകയും ചെയ്തു. പ്രധാന നടനും നിർമ്മാതാവും ചിത്രം കണ്ടിട്ടില്ല എന്ന് പറയുകയും ചെയ്തിരുന്നു. രാജ്യദ്രോഹമായിട്ടുള്ള സിനിമയാണ് എമ്പുരാൻ എന്നാണ് അദ്ദേഹം ഇപ്പോൾ പറഞ്ഞു നടക്കുന്നത്. ഇതെല്ലാം വിവരമുള്ള മലയാളികൾ കാണുന്നുണ്ട്. നിങ്ങളെ സ്നേഹിക്കുന്നവരെ എല്ലാവരെയും വഞ്ചിക്കുകയാണ് താങ്കൾ ചെയ്തത്. എന്നിട്ട് എല്ലാവരും ചങ്കാണെന്ന് പറഞ്ഞു നടക്കുന്നുവെന്നും അസോസിയേഷൻ പറഞ്ഞു.
പൃഥ്വിരാജ് ഫാൻസ് അസോസിയേഷൻ പങ്കുവെച്ച പോസ്റ്റിന്റെ പൂർണരൂപം:
നമസ്കാരം…. "എമ്പുരാൻ" എന്ന സിനിമയുടെ റിലീസിനു ശേഷം ഇപ്പോഴും ഇന്നും അണയാതെ കത്തിക്കൊണ്ടിരിക്കുന്ന വിവാദങ്ങൾക്ക് മറുപടി പറയാൻ വേണ്ടി മാത്രമുള്ളതല്ല ഈ പോസ്റ്റ്. പൃഥ്വിരാജ് സുകുമാരൻ എന്ന നടനെയും സംവിധായകനെയും മാത്രം ഉന്നം വെച്ചുകൊണ്ട് നടത്തുന്ന ഈ ക്യാമ്പയിൻ ഇന്ന് അതിന് നേതൃത്വം കൊടുക്കുന്നർ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് ഈ സംഘടനയിൽ പ്രവർത്തിക്കുന്നവർ പല രാഷ്ട്രീയ പാർട്ടിയിൽ ഉള്ളവരും വ്യത്യസ്ത മതങ്ങളിൽ വിശ്വസിക്കുന്നവരുമാണ്. ഏതു മതങ്ങളിൽ വിശ്വസിച്ചാലും ഏതു രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചാലും അവർ ഇഷ്ടപ്പെടുന്ന നടൻ എന്ന നിലയിൽ പൃഥ്വിരാജിനെ സ്നേഹിക്കുന്നതു കൊണ്ടാണ് ഇങ്ങനെ ഒരു സംഘടന രൂപപ്പെട്ടതും.
ഇന്ന് ഈ സംഘടന ഇന്റർനാഷണൽ പൃഥ്വിരാജ് ഫാൻസ് കൾച്ചർ വെൽഫെയർ അസോസിയേഷൻ എന്ന പേരിൽ അറിയപ്പെടുന്നത്.
മതങ്ങളുടെ പേരിൽ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നവരും ചിലരുടെ രാഷ്ട്രീയ താൽപര്യങ്ങൾ വേണ്ടിയും സോഷ്യൽ മീഡിയയിൽ മേൽവിലാസം ഉള്ളവനും ഇല്ലാത്തവനും വീട്ടിലുള്ള അദ്ദേഹത്തിന്റെ കുടുംബത്തെ പോലും വളരെ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നുണ്ട്. ഇതിനു നേതൃത്വം കൊടുക്കുന്നവരും അവരുടെ വ്യക്തമായിട്ടുള്ള സ്വാർത്ഥ താല്പര്യങ്ങളും നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ്.
സിനിമയെ സിനിമയെ കാണണമെന്ന് സാമാന്യ ബോധമുള്ള പല വ്യക്തികളും പറഞ്ഞെങ്കിലും ചില വിഷ വിത്തുകൾ അവരുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി മനുഷ്യരെ പലരെയും നുണകൾ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു. നമ്മുടെ സംഘടനയിൽ ഉള്ളവരെ പോലും തമ്മിലടിപ്പിക്കാൻ വേണ്ടി വ്യക്തമായ ആസൂത്രണങ്ങൾ നടത്താൻ വരെ ഇവരെല്ലാവരും ശ്രമിച്ചുകൊണ്ടേയിരുന്നു. ഇന്ന് അനുകൂലിക്കുന്ന വരും പ്രതികൂലിക്കുന്ന വരും നിങ്ങൾ എത്ര ശ്രമിച്ചാലും ഈ സംഘടനയ്ക്കോ പൃഥ്വിരാജ് സുകുമാരനോ ഇതുവരെയുള്ള വളർച്ചയിൽ എന്തെല്ലാം സംഭവിച്ചു അതെല്ലാം മലയാളികൾക്കും അറിയാവുന്നതാണ്. നിങ്ങൾ അവസാനിപ്പിക്കില്ല എന്ന് നമുക്കറിയാം…. ചരിത്രങ്ങളിൽ എഴുതി വയ്ക്കാൻ നമുക്ക് ഇനിയും ഒരുപാട് മുമ്പോട്ടു പോകാനുണ്ട്. കാത്തിരുന്നു തന്നെ കാണാം.
സിനിമ എന്ന കലാരൂപം ഈ ലോകത്തിൽ പല വിഷയങ്ങളും ഇതിനുമുമ്പും ചർച്ച ചെയ്തിട്ടുള്ളതാണ്. അതിലൂടെ പുതുതലമുറകൾക്കായാലും ഒരുപാട് കാര്യങ്ങൾ അറിവ് ഉണ്ടാക്കി കൊടുക്കാൻ പല സിനിമ അണിയറ പ്രവർത്തകർക്കും കഴിഞ്ഞിട്ടുണ്ട്.ഇന്നുവരെ ഒരു മലയാള ചലച്ചിത്രത്തിനും നേടിയെടുക്കാൻ കഴിയാത്ത അംഗീകാരങ്ങൾ നേടിക്കൊണ്ട് "എമ്പുരാൻ" എന്ന മലയാള ചലച്ചിത്രം റിക്കോർഡുകൾ സൃഷ്ടിക്കുമ്പോൾ ഓരോ വ്യക്തികൾ അവരുടെ സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി നിങ്ങളെല്ലാവരും പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് ഉപയോഗിക്കുന്നത് വളരെ വിഷമകരമാണ്.
രാജ്യസ്നേഹമാണ് വലുത് എന്ന് കാണിച്ചു ചില സിനിമകൾ സംവിധാനം ചെയ്ത രവി എന്ന വ്യക്തി തന്നെയാണ് ഇതിൽ ഏറ്റവും വലിയ ഉദാഹരണം. റിലീസ് ദിവസം അണിയറ പ്രവർത്തകരോടൊപ്പം ചിത്രം കാണുകയും പിറ്റേദിവസം ഓന്തിന്റെ സ്വഭാവം പോലെ പിന്നെ സോഷ്യൽ മീഡിയയിൽ ലൈവ് വന്ന് മാറ്റി പറയുകയും. പ്രധാന നടനും നിർമ്മാതാവും ചിത്രം കണ്ടിട്ടില്ല എന്ന് പറയുകയും ചെയ്തതാണ്.കഴിഞ്ഞദിവസം രാജ്യദ്രോഹ മായിട്ടുള്ള സിനിമയാണെന്ന് എമ്പുരാൻ എന്നാണ് അദ്ദേഹം ഇപ്പോൾ പറഞ്ഞു നടക്കുന്നത്. ഇതെല്ലാം വിവരമുള്ള മലയാളികൾ കാണുന്നുണ്ട്. നിങ്ങളെ സ്നേഹിക്കുന്നവരെ എല്ലാവരെയും വഞ്ചിക്കുകയാണ് താങ്കൾ ചെയ്തത്. എന്നിട്ട് എല്ലാവരും ചങ്കാണെന്ന് പറഞ്ഞു നടക്കുന്നു.
നമ്മുടെ പ്രിയപ്പെട്ട പ്രവർത്തകരോട് അപേക്ഷയാണ് ഒരു വാർഡിലോ ബൂത്തിൽ പോലും പ്രവർത്തിക്കാതെ രവിയെപ്പോലുള്ളവന്മാരെ പാർട്ടിയുടെ വലിയ സ്ഥാനങ്ങളിൽ വന്നിരുന്നു ഈ പ്രസ്ഥാനത്തിനുവേണ്ടി കഷ്ടപ്പെടുന്ന നിങ്ങൾ ഓരോരുത്തരും ഭരിക്കാൻ സമ്മതിക്കാതിരിക്കുക. നിങ്ങടെ അനുഭവത്തിൽ തന്നെ അറിയാല്ലോ എത്ര ദിവസത്തേക്കാണ് ഇവർ ഓരോരുത്തരും. സ്വന്തം താല്പര്യങ്ങൾ മാത്രം കൊണ്ടുനടക്കുന്ന വേറൊരു ഉദാഹരണം കൂടി പറയാം. ഇതിനുമുമ്പ് ഒരു ചിത്രത്തിന്റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ സംവിധായകൻ സ്വന്തം പേരും മതവും എല്ലാം മാറ്റി നിങ്ങൾ ഓരോ പ്രവർത്തകരെയും പറ്റിച്ച് സിനിമയെടുത്ത കഥയെല്ലാം നിങ്ങൾക്കറിയാമല്ലോ. അവസാനം പ്രസ്ഥാനത്തിനും നാണക്കേട് ഉണ്ടാക്കിയ കഥ നാട്ടിൽ പാട്ടാണ്
നമ്മുടെ മലയാളികളുടെ പ്രിയപ്പെട്ട നടൻ മോഹൻലാൽ പറഞ്ഞതുപോലെ….. പ്രൊഡ്യൂസർ ആന്റണി പെരുമ്പാവൂരും,ഗോകുലം ഗോപാലനും പറഞ്ഞതുപോലെ ചിത്രത്തിലെ ചില ഭാഗങ്ങൾ അദ്ദേഹത്തിനെ സ്നേഹിക്കുന്നവർക്ക് വിഷമമുണ്ടാക്കിയിട്ടുണ്ടെങ്കിൽ നമ്മുടെ സ്വന്തം ഇഷ്ടത്തിൽ കുറച്ചു ഭാഗങ്ങൾ എഡിറ്റ് ചെയ്തു ചിത്രം പ്രദർശിപ്പിക്കുന്നതാണ്. അവരത് ചെയ്യുകയും ചെയ്തു. എന്നാലും ആക്രമണങ്ങൾ ഇന്നും തുടർന്നുകൊണ്ടേയിരിക്കുന്നു.
ഇതിനുമുമ്പും രാഷ്ട്രീയ പരാമർശങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. ഇനിയും ഇതുപോലുള്ള പരാമർശങ്ങൾ ഉണ്ടാവും എന്ന് വിശ്വാസത്തോടെ സിനിമയെ സിനിമയായി കാണുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെ വിശ്വസിക്കുന്നവർക്ക് വേണ്ടി…. ഇന്റർനാഷണൽ പൃഥ്വിരാജ് ഫാൻസ് കൾച്ചർ വെൽഫെയർ അസോസിയേഷൻ
Content Highlights: Prithviraj Fans Association shares post on Facebook against Major Ravi