
മമ്മൂട്ടി ആരാധകരും സിനിമാപ്രേമികളും കാത്തിരിക്കുന്ന ചിത്രമാണ് 'ബസൂക്ക'. സിനിമയുടേതായി പുറത്തുവരുന്ന എല്ലാ അപ്ഡേറ്റുകൾക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് നടൻ സിദ്ധാർഥ് ഭരതൻ. മനുഷ്യരെ കൊല്ലാത്ത ആക്ഷൻ ത്രില്ലർ ചിത്രമാണ് ബസൂക്കയെന്ന് സിദ്ധാർഥ് പറഞ്ഞു. ഈ സിനിമയിൽ ആരുടേയും തലയ്ക്ക് അടിച്ച് കൊല്ലുന്നില്ലെന്നും സ്ത്രീകൾക്ക് നേരെ അതിക്രമണങ്ങൾ ഇല്ലെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് വൺ ടു ടോക്കിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ഈ സിനിമ ഒരു ആക്ഷൻ ബേസ്ഡ് ത്രില്ലർ ചിത്രമാണ്. ഒരു ക്യാറ്റ് ആൻഡ് മൗസ് ഗെയിം ഉണ്ട്. ഒരാളെ പിടിക്കാനാണ് ശ്രമിക്കുന്നത്. പക്ഷെ ഈ സിനിമയിൽ ആരെയും കൊല്ലുന്നില്ല. മനുഷ്യനെ കൊല്ലാത്ത ഒരു ത്രില്ലർ ചിത്രമാണ്. തലയ്ക്ക് അടിച്ചു കൊല്ലുക, ഗർഭിണികളെ ഉപദ്രവിക്കുക അത്തരം പരിപാടികൾ ഒന്നും ഈ സിനിമയിൽ ഇല്ല. പക്ഷെ ഫുൾ ആക്ഷൻ ത്രില്ലർ സിനിമ ആണ്. മമ്മൂക്കയും ഗൗതം മേനോനും ഉള്ള കുറെ ഗ്രിപ്പിംഗ് സീക്വൻസ് ഉണ്ട്. അതൊക്കെ മെയിൻ അട്രാക്ഷൻ ആണ്, ' സിദ്ധാർഥ് ഭരതൻ പറഞ്ഞു.
"Bazooka is a high-octane, action driven thriller packed with fast paced, gripping sequences." — Sidharth Bharathan❗ pic.twitter.com/xtCdNIDJot
— Mohammed Ihsan (@ihsan21792) April 5, 2025
അതേസമയം, സിനിമയുടെ ട്രെയ്ലര്‍ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. മികച്ച സ്വീകരണമാണ് ട്രെയ്ലറിന് ലഭിച്ചത്. ബസൂക്കയ്ക്ക് സെൻസർ ബോർഡിൽ നിന്ന് യു എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ചിത്രം ഏപ്രിൽ പത്തിന് തിയേറ്ററുകളിലെത്തും. സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബസൂക്കയിലെ ആദ്യ ഗാനം ഇന്നലെ പുറത്തുവിട്ടിരുന്നു. സയീദ് അബ്ബാസിന്റെ മ്യൂസിക്കിൽ ബിൻസ് ആണ് പാട്ടിന് വരികൾ എഴുതിയിരിക്കുന്നത്. ശ്രീനാഥ് ഭാസിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.
മലയാളത്തിലെ എക്കാലത്തെയും മികച്ച രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിൻ്റെ മകനാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ഡീനോ ഡെന്നിസ് എന്നതും ബസൂക്കയുടെ പ്രത്യേകതയാണ്. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബെഞ്ചമിൻ ജോഷ്വാ എന്ന കഥാപാത്രമായാണ് ഗൗതം മേനോൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവക്ക് ശേഷം സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ബസൂക്ക.
Content Highlights: Siddharth Bharathan talks about Mammootty's Bazooka movie