
മമ്മൂട്ടി ആരാധകരും സിനിമാപ്രേമികളും കാത്തിരിക്കുന്ന ചിത്രമാണ് 'ബസൂക്ക'. സിനിമയുടെ ട്രെയ്ലര്‍ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. മികച്ച സ്വീകരണമാണ് ട്രെയ്ലറിന് ലഭിച്ചത്. ഇപ്പോഴിതാ സിനിമയിലെ സിദ്ധാർഥ് ഭരതന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. അർജുൻ രാമസ്വാമി എന്ന പൊലീസ് കഥാപാത്രത്തെയാണ് സിദ്ധാർത്ഥ് സിനിമയിൽ അവതരിപ്പിക്കുന്നത്.
നേരത്തെ മമ്മൂട്ടിക്കൊപ്പം ഭ്രമയുഗത്തിലാണ് സിദ്ധാർഥ് വേഷമിട്ടിരുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച കൊടുമൺ പോറ്റിയുടെ പാചകക്കാരനായിട്ടായിരുന്നു സിദ്ധാർഥ് അഭിനയിച്ചിരുന്നത്. മികച്ച സ്വീകാര്യതയായിരുന്നു പ്രേക്ഷകരിൽ നിന്ന് ഈ വേഷത്തിന് ലഭിച്ചിരുന്നത്. വീണ്ടും മമ്മൂട്ടിക്കൊപ്പം സിദ്ധാർഥ് എത്തുമ്പോൾ പ്രതീക്ഷയിൽ തന്നെയാണ് ആരാധകർ.
ബസൂക്കയ്ക്ക് സെൻസർ ബോര്ഡില് നിന്ന് യു എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ചിത്രം
ഏപ്രിൽ പത്തിന് തിയേറ്ററുകളിലെത്തും. സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബസൂക്കയിലെ ആദ്യ ഗാനം ഇന്നലെ പുറത്തുവിട്ടിരുന്നു. സയീദ് അബ്ബാസിന്റെ മ്യൂസിക്കിൽ ബിൻസ് ആണ് പാട്ടിന് വരികൾ എഴുതിയിരിക്കുന്നത്. ശ്രീനാഥ് ഭാസിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.
മലയാളത്തിലെ എക്കാലത്തെയും മികച്ച രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിൻ്റെ മകനാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ഡീനോ ഡെന്നിസ് എന്നതും ബസൂക്കയുടെ പ്രത്യേകതയാണ്. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബെഞ്ചമിൻ ജോഷ്വാ എന്ന കഥാപാത്രമായാണ് ഗൗതം മേനോൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവക്ക് ശേഷം സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ബസൂക്ക.
Content Highlights: Siddharth Bharathan's character poster from Bazooka released