മഞ്ഞുമ്മലിലെ പിള്ളേരെ കുരിശ് വരച്ചോ എന്ന് എമ്പുരാൻ ഫാൻ പേജ്, ഇത്രയും വിരോധമോയെന്ന് ഗണപതി

മഞ്ഞുമ്മൽ ബോയ്സ് 72 ദിവസം കൊണ്ട് നേടിയ 241 കോടി നേട്ടത്തെ വെറും പത്ത് ദിവസം കൊണ്ട് എമ്പുരാൻ മറികടന്നത്.

dot image

കഴിഞ്ഞ വർഷം മലയാളത്തില്‍ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ സ്വന്തമാക്കിയ ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. 241 കോടിയാണ് ചിത്രം നേടിയത്. എന്നാൽ ഈ റെക്കോർഡ് റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ എമ്പുരാൻ മറികടന്ന് ഇന്‍ഡസ്ട്രി ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ എമ്പുരാൻ ഫാൻ പേജിൽ വന്ന ഒരു സ്റ്റോറിയ്ക്ക് ഗണപതി നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. പോസ്റ്റിൽ മഞ്ഞുമ്മൽ ബോയ്സിലെ അഭിനേതാവ് കൂടിയായ നടൻ ഗണപതിയെ മെൻഷൻ ചെയ്തിരുന്നു.

‘മഞ്ഞുമ്മലിലെ പിള്ളേരെ, വേണമെങ്കില്‍ ഒന്ന് കുരിശ് വരച്ചോ, ഞങ്ങള്‍ കുര്‍ബാന ചൊല്ലാന്‍ പോകുവാ’ എന്ന ക്യാപ്ഷനോടെയാണ് സ്‌റ്റോറിയിട്ടത്. ഈ സ്‌റ്റോറിക്ക് മറുപടിയുമായി ഗണപതി രംഗത്തെത്തി. ‘നിങ്ങള്‍ക്കൊക്കെ ഇത്ര വിരോധമുള്ള പടമാണോ മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്നാണ് ഗണപതി ചോദിച്ചത്. രണ്ട് സിനിമയും നിങ്ങള്‍ കണ്ടിട്ടുണ്ടോ എന്നും ഗണപതി ചോദിച്ചു. ‘ബ്രേക്ക് ആയതില്‍ ബ്രോയ്ക്ക് ഫ്രസ്റ്റ്രേഷന്‍ ഉണ്ടോ’ എന്ന് സ്‌റ്റോറിയിട്ട ഇന്‍സ്റ്റഗ്രാം പേജായ ‘prey.ae’ ചോദിക്കുന്നുണ്ട്. ഈ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

മലയാളത്തിലെ ഹൈയസ്റ്റ് ഗ്രോസ്സറാകാന്‍ സാധിച്ചെങ്കിലും ഇന്‍ഡസ്ട്രിയല്‍ ഹിറ്റാകാന്‍ മഞ്ഞുമ്മല്‍ ബോയ്‌സിന് സാധിച്ചിരുന്നില്ല. 241 കോടി കളക്ഷന്‍ നേടിയതില്‍ 60 കോടിയും സ്വന്തമാക്കിയത് തമിഴ്‌നാട്ടില്‍ നിന്നായിരുന്നു. ഒരു മലയാളചിത്രം തമിഴ്‌നാട്ടില്‍ നിന്ന് നേടിയ ഏറ്റവുമുയര്‍ന്ന കളക്ഷനാണ് ഇത്. മഞ്ഞുമ്മൽ ബോയ്സ് 72 ദിവസം കൊണ്ട് നേടിയ 241 കോടി നേട്ടത്തെ വെറും പത്ത് ദിവസം കൊണ്ട് എമ്പുരാൻ മറികടന്നത്.

ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം 103.25 കോടിയാണ് സ്വന്തമാക്കിയിരിക്കുന്നത്. ഓവർസീസിൽ 15 മില്യൺ കടന്ന എമ്പുരാൻ ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമായി മാറിയിരിക്കുകയാണ്. ഓവർസീസിൽ ഛാവയുടെ കളക്ഷനെയാണ് എമ്പുരാൻ പിന്നിലാക്കിയത്. ഒരു മലയാള സിനിമയെ സംബന്ധിച്ച് വലിയ നേട്ടമാണ് ഇത്. ആദ്യദിനം മുതൽ സിനിമ മികച്ച കളക്ഷനോടെയാണ് മുന്നേറുന്നത്. ആദ്യ ദിനത്തിൽ 67 കോടിയിലധികം നേടിയ സിനിമ 48 മണിക്കൂർ പിന്നിടും മുന്നേ ആഗോളതലത്തിൽ 100 കോടി ക്ലബിലുമെത്തിയിരുന്നു. എമ്പുരാൻ അഞ്ച് ദിവസം കൊണ്ടാണ് ആഗോള തലത്തിൽ 200 കോടി ക്ലബ്ബിൽ ഇടം പിടിച്ചത്.

അതേസമയം ഒരു മൂന്നാം ഭാഗത്തിന്റെ സാധ്യതകൾ ബാക്കിവെച്ചാണ് സിനിമ അവസാനിക്കുന്നത്. ഈ വിവാദങ്ങൾക്കിടെ ഒരു മൂന്നാം ഭാഗമുണ്ടാകുമോ എന്ന സംശയം ഉയർന്നിരുന്നുവെങ്കിലും ചിത്രം ഉണ്ടാകുമെന്ന നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഉറപ്പ് വന്നതോടെ ഈ ചർച്ചകൾ അവസാനിക്കുകയും ചെയ്തു. സിനിമയുടെ പേര് 'അസ്രയേല്‍' എന്നായിരിക്കും എന്ന സൂചനകൾ സംഗീത സംവിധായകൻ ദീപക് ദേവും നൽകിയിട്ടുണ്ട്.

Content Highlights: Actor Ganapathy responds to Empuran fans' story

dot image
To advertise here,contact us
dot image