
മലയാള സിനിമയിലെ ഏറ്റവും വലിയ വിജയത്തിലേക്ക് കുതിക്കുകയാണ് മോഹൻലാൽ ചിത്രമായ എമ്പുരാൻ. മാർച്ച് 27 ന് പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ ഇതിനോടകം പല റെക്കോർഡുകളും തകർത്തെറിഞ്ഞ് കഴിഞ്ഞു. ഇപ്പോഴിതാ നോർത്ത് ഇന്ത്യയിൽ നിന്നുള്ള എമ്പുരാന്റെ കളക്ഷൻ റിപ്പോർട്ട് ആണ് പുറത്തുവന്നിരിക്കുന്നത്. മികച്ച നേട്ടമാണ് സിനിമയ്ക്ക് അവിടെ നിന്നും ലഭിക്കുന്നത്.
പത്ത് ദിവസം കൊണ്ട് 8.3 കോടി ഗ്രോസ് കളക്ഷൻ ആണ് സിനിമ നോർത്ത് ഇന്ത്യയിൽ നിന്നും നേടിയത്. ഇതോടെ നോർത്തിലെ എക്കാലത്തെയും ഉയർന്ന മലയാളം ഗ്രോസർ ആയി എമ്പുരാൻ മാറി. ഉണ്ണി മുകുന്ദൻ ചിത്രമായ മാർക്കോയെ ആണ് എമ്പുരാൻ പിന്നിലാക്കിയത്. വിദേശ മാർക്കറ്റുകളിലും വമ്പൻ മുന്നേറ്റമാണ് സിനിമ നടത്തുന്നത്. സൗദി അറേബ്യയിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള സിനിമയായി മാറിയിരിക്കുകയാണ് എമ്പുരാൻ. 1 മില്യൺ ഡോളറാണ് സിനിമ ഇതുവരെ സൗദി അറേബ്യയില്‍ നിന്നും സ്വന്തമാക്കിയിട്ടുള്ളത്. ഈ കളക്ഷന്‍ നേടുന്ന ആദ്യ മലയാള ചിത്രമാണ് എമ്പുരാൻ എന്നാണ് ട്രാക്കേഴ്സിന്‍റെ കണ്ടെത്തല്‍. 82,607 ടിക്കറ്റുകളാണ് ഒൻപതു ദിവസം കൊണ്ട് എമ്പുരാൻ സൗദി അറേബ്യയിൽ വിറ്റത്.
#Empuraan North India 10 Days ( All Versions )
— Forum Reelz (@ForumReelz) April 6, 2025
Total Nett - ₹7 crore
Total Gross - ₹8.3 crore
All -Time Highest Malayalam Grosser (₹5.9 crore) ✅
Second Biggest All Language Grosser Behind #Marco ✅#L2E 🔥 pic.twitter.com/1w1DRZAxi5
ഇൻഡസ്ട്രി ഹിറ്റെന്ന ലേബൽ കൂടി എമ്പുരാൻ സ്വന്തം പേരിലാക്കിയിരിക്കുകയാണ്. സിനിമയുടെ നിർമാതാക്കൾ തന്നെയാണ് പോസ്റ്റർ പങ്കുവെച്ച് ഈ വിവരം പുറത്തുവിട്ടത്. മഞ്ഞുമ്മൽ ബോയ്സ് 72 ദിവസം കൊണ്ട് നേടിയ 241 കോടി നേട്ടത്തെയാണ് വെറും പത്ത് ദിവസം കൊണ്ട് എമ്പുരാൻ മറികടന്നത്. ചിത്രത്തിന്റെ വൻ വിജയത്തിൽ നിർമാതാക്കൾ പ്രേക്ഷകരോട് നന്ദി അറിയിച്ചു. 'ഈ നിമിഷം ഞങ്ങൾക്ക് മാത്രമല്ല, തിയേറ്ററുകളിൽ പ്രതിധ്വനിച്ച ഓരോ ഹൃദയമിടിപ്പിനും, ഓരോ സന്തോഷത്തിനും, ഓരോ കണ്ണീരിനും കൂടി അവകാശപ്പെട്ടതാണ്', എന്നാണ് ആശിർവാദ് സിനിമാസ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
അതേസമയം ഒരു മൂന്നാം ഭാഗത്തിന്റെ സാധ്യതകൾ ബാക്കിവെച്ചാണ് സിനിമ അവസാനിക്കുന്നത്. ഈ വിവാദങ്ങൾക്കിടെ ഒരു മൂന്നാം ഭാഗമുണ്ടാകുമോ എന്ന സംശയം ഉയർന്നിരുന്നുവെങ്കിലും ചിത്രം ഉണ്ടാകുമെന്ന നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഉറപ്പ് വന്നതോടെ ആശങ്കകള്‍ അവസാനിച്ചിരുന്നു. മൂന്നാം ഭാഗത്തിന്‍റെ പേര് 'അസ്രയേല്‍' എന്നായിരിക്കും എന്ന സൂചനകൾ സംഗീത സംവിധായകൻ ദീപക് ദേവും നൽകിയിട്ടുണ്ട്.
Content Highlights: Empuraan collects good amount from North indian market