
ഓരോ ദിവസം കഴിയുമ്പോഴും ബോക്സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ച് മുന്നേറുകയാണ് മോഹൻലാൽ ചിത്രം എമ്പുരാൻ. ഒരു വശത്ത് വിവാദങ്ങളിൽ നിറയുമ്പോഴും സിനിമയുടെ കളക്ഷനിൽ ഒരു കുറവും സംഭവിച്ചിട്ടില്ല എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. വെറും അഞ്ച് ദിവസം കൊണ്ടാണ് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചത്. ഇപ്പോഴിതാ 250 കോടിയും എമ്പുരാൻ തന്റെ പേരിലാക്കി. എന്നാൽ എമ്പുരാന് തകർക്കാൻ പറ്റാത്ത റെക്കോർഡ് മഞ്ഞുമ്മൽ ബോയ്സ് ഉണ്ടാക്കിയിട്ടുണ്ട്.
മഞ്ഞുമ്മല്‍ ബോയ്സിന്‍റെ റെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ് ആണ് അതിലൊന്ന്. ചിത്രം ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 95 കോടി ആയിരുന്നു കളക്ഷൻ നേടിയിരുന്നത്. തമിഴ്നാട്ടില്‍ നിന്ന് മാത്രം 63 കോടിയാണ് ചിത്രം നേടിയത്. ഒരു മലയാള ചിത്രം തമിഴ്നാട്ടില്‍ നിന്ന് ഇത്രയധികം കളക്ഷന്‍ നേടുന്നത് ഇത് ആദ്യമാണ്. കര്‍ണാടകത്തില്‍ നിന്ന് ചിത്രം 15 കോടിക്ക് മുകളിലും തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് 14 കോടിക്ക് മുകളിലും മറ്റ് ഇടങ്ങളില്‍ നിന്ന് രണ്ടര കോടിക്ക് മുകളിലും ചിത്രം നേടിയിരുന്നു.
എന്നാൽ ആശിര്‍വാദ് സിനിമാസ് പുറത്തുവിട്ട കണക്ക് പ്രകാരം എമ്പുരാന്‍റെ റെസ്റ്റ് ഓഫ് ഇന്ത്യ കളക്ഷൻ 30 കോടിയാണ് കടന്നത്. ഇനി എന്തായാലും കളക്ഷനിൽ കാര്യമായ മാറ്റം ഉണ്ടാകാൻ പോകുന്നില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം, മാര്‍ച്ച് 27ന് റിലീസായ എമ്പുരാന്‍ സിനിമയ്ക്കെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നും വലിയ എതിര്‍പ്പും സൈബര്‍ അറ്റാക്കും ഉണ്ടായതിനെ തുടര്‍ന്ന് ചില രംഗങ്ങള്‍ നീക്കം ചെയ്യാന്‍ തയ്യാറായതായി മോഹന്‍ലാലും അണിയറപ്രവര്‍ത്തകരും അറിയിച്ചിരുന്നു. ഇരുപതിലധികം ഭാഗങ്ങളിലാണ് എഡിറ്റിങ് നടത്തിയിരിക്കുന്നത്.
Content Highlights: Empuraan fails to surpass Manjummal Boys' Rest of India collection